കോഴിക്കോട്: ഇന്ത്യാരാജ്യം നിലവില്‍ സുരക്ഷിതത്വവും സമാധാനവുള്ള ഇടമാണെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ യുവാക്കളെ നിരാശരാക്കുമെന്നും കെ.എന്‍.എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് സ്വലാഹി. സംഘപരിവാര്‍ പിന്തുണയുള്ള ജനം ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഈ രാജ്യം സുരക്ഷിതത്വവും സമാധാനവുള്ള ഇടമാണ്. ചെറുപ്പക്കാരെ വെറുതെ പേടിപ്പിച്ച് ഇവിടെ ജീവിക്കാന്‍ പറ്റാത്ത മണ്ണാണെന്ന് പറയുന്നത് ശരിയല്ല. താത്ക്കാലികമായി എന്തെങ്കിലും കണ്ട് ആരും നിരാശരാകേണ്ടതില്ല.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകാന്‍ പോകുന്നില്ല, ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്ട്രമാകാനും പോകുന്നില്ല. ഭരണകൂടങ്ങള്‍ മാറിവരും. ഇന്ത്യയുടെ മതനിരപേക്ഷത നിലനില്‍ക്കും,’ കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ അഭിപ്രായം എന്താണെന്നുള്ള ചോദ്യത്തിന് അബ്ദുല്‍ മജീദ് സ്വലാഹി പറഞ്ഞു.
രാജ്യത്ത് പാര്‍ലമെന്റ്, ജുഡീഷ്യല്‍ സംവിധാനങ്ങള്‍ മുഴുവന്‍ തകര്‍ന്നു, എല്ലായിടത്തും വര്‍ഗീയതയാണെന്നുള്ള അഭിപ്രായം മുജാഹിദ് പ്രസ്ഥാനത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും അബ്ദുല്‍ മജീദ് സ്വലാഹി കൂട്ടിച്ചേര്‍ത്തു.
മതതീവ്രവാദത്തിന്റെ ഹബ്ബാണ് കേരളം എന്നാണ് പൊതുവെ പറയാറുള്ളത്, ഇതിനെതിരെ എന്തുകൊണ്ടാണ് കെ.എന്‍.എം പ്രതികരിക്കാത്തത് എന്ന അവതാകരന്റെ ചോദ്യത്തിന്,
‘പുതുതലമുറയെ ബോധവല്‍ക്കരിക്കുകയാണ് തീവ്രവാദത്തിനെതിരായ ഉചിതമായ പ്രവര്‍ത്തനം. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ എന്നും കെ.എന്‍.എം നിലപാടെടുത്തിട്ടുണ്ട്,’ എന്നായിരുന്നു മജീദ് സ്വലാഹിയുടെ പ്രതികരണം.