| Sunday, 6th November 2022, 4:59 pm

സിഹ്‌റ് ഫലിക്കുമോയെന്ന് അറിയില്ലെന്ന് ടി.പി. അബ്ദുല്ലക്കോയ മഅ്ദനി; മുജാഹിദ് പ്രസ്ഥാനം നവോത്ഥാന പൈതൃകത്തില്‍ നിന്ന് പിന്മാറുകയാണോയെന്ന് വ്യക്തമാക്കണമെന്ന് കെ.എന്‍.എം മര്‍ക്കസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സിഹ്‌റിന് (കൂടോത്രം) ഫലമുണ്ടാകുമോയെന്ന് അറിയില്ലെന്ന് പറഞ്ഞ കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മഅദ്‌നിയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കെ.എന്‍.എം മര്‍കസുദ്ദഅ്‌വ.

ടി.പി. അബ്ദുല്ലക്കോയയുടെ വാക്കുകള്‍ ഇസ്‌ലാഹി നവോത്ഥാന പൈതൃകത്തിന് കടകവിരുദ്ധമാണെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്‌വ പറഞ്ഞു.

കോഴിക്കോട് വെച്ച് നടന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചായിരുന്നു സിഹ്‌റിനെ കുറിച്ച് അബ്ദുല്ലക്കോയ മഅദ്‌നിയുടെ വിവാദ പ്രസ്താവന.

സിഹ്‌റിന് ഫലസിദ്ധിയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിഹ്‌റ് മഹാപാപമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഇതു സംബന്ധിച്ച് സംഘടനയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ അബ്ദുല്ലക്കോയ മഅദ്‌നിയുടെ വാക്കുകള്‍ വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും മുജാഹിദിന്റെ മുന്‍ നിലപാടുകളില്‍ നിന്നുള്ള വ്യതിചലനമാണെന്നുമാണ് കെ.എന്‍.എം മര്‍ക്കസ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അബ്ദുല്ലക്കോയക്കെതിരെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.

‘കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ മാരണ(സിഹ്റ്)ത്തിന് ഫലസിദ്ധിയുണ്ടോ എന്ന പത്രക്കാരുടെ ചോദ്യത്തിന് അറിയില്ലെന്ന് ടി.പി. അബ്ദുല്ലക്കോയ മഅദ്‌നി മറുപടി പറഞ്ഞത് ഇസ്‌ലാഹി നവോത്ഥാന പൈതൃകത്തിന് കടക വിരുദ്ധമാണ്. മാരണത്തിന് യാതൊരു ഫലസിദ്ധിയുമില്ലെന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉറച്ച നിലപാടില്‍ എന്തിനാണ് മാറ്റം വരുത്തിയതെന്ന് ടി.പി. വ്യക്തമാക്കണം.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നവോത്ഥാന പോരാട്ടത്തിന് നേതൃത്വം നല്‍കി, വിശ്വാസ ജീര്‍ണതകളില്‍ നിന്ന് വിശ്വാസികളെ മോചിപ്പിച്ചെടുത്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ നരബലിക്ക് വരെ കാരണമായ മാരണത്തെ കുറിച്ച് വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവന നടത്തുന്നത് ഒട്ടും ഭൂഷണമല്ല.

മാരണത്തിന് ഫലപ്രാപ്തിയില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുതന്നെ വ്യക്തമാണെന്നിരിക്കെ അതിനെ കുറിച്ചറിയില്ലെന്ന് പറഞ്ഞത് എന്ത് കാരണത്താലാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.

മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ മാരണവും കൂടോത്രവും ബാധയിറക്കലും ജിന്ന് ചികിത്സയുമെല്ലാം പ്രചരിപ്പിക്കാന്‍ കെ.എന്‍.എം. മര്‍കസുദ്ദഅ്‌വ അനുവദിക്കുകയില്ല,’ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: KNM Markazudawa against TP Abdullakoya Madani over sihr statement

We use cookies to give you the best possible experience. Learn more