ന്യൂദല്‍ഹി: അജിത് പവാര്‍ ദേവേന്ദ്ര ഫഡ്‌നാവിസുമായി ചര്‍ച്ച നടത്തിയ കാര്യം തനിക്കറിയമായിരുന്നു എന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍ കാര്യങ്ങള്‍ ഇത്രത്തോളം എത്തുമെന്ന് താന്‍ കരുതിയില്ലെന്നും പവാര്‍ പറഞ്ഞു.
എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് പവാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കോണ്‍ഗ്രസുമായുള്ള സംഖ്യം എങ്ങനെ മുന്നോട്ട് പോകുമെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് അജിത് പവാര്‍ തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പാതിവഴിയില്‍വെച്ച് ചര്‍ച്ച അവസാനിപ്പിച്ച അജിത് പവാര്‍ അന്ന് രാത്രിതന്നെ അജിത് പവാര്‍ ഫഡ്‌നാവിസിനൊപ്പം പോകുമെന്ന് കരുതിയില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
‘എന്‍.സി.പിയും ബി.ജെ.പിയും തമ്മില്‍ ചര്‍ച്ച നടത്താമെന്ന് ബി.ജെ.പി നേതാക്കളില്‍ നിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. അജിത് പവാറും ഫഡ്‌നാവിസും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. പക്ഷേ അത് ഈ അറ്റംവരെ പോകുമെന്ന് കരുതിയില്ല.” അദ്ദേഹം പറഞ്ഞു.
നവംബര്‍ 23 ന് രാവിലെ 6.30 ന് അജിത് പവാര്‍ ഫഡ്നാവിസിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും പവാര്‍ പറഞ്ഞു.
ഉദ്ധവ് താക്കറ നയിക്കുന്ന സര്‍ക്കാറില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രി ആകുമോ എന്ന കാര്യത്തില്‍ ശരദ് പവാര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല.
‘അദ്ദേഹം ഉപമുഖ്യമന്ത്രിയാകുമോ എന്ന് എനിക്ക് പറയാനാവില്ല. ഇത് സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ബി.ജെ.പി.യിലേക്ക് പോയതില്‍ അവര്‍ക്ക് അതൃപ്തിയുണ്ടെങ്കിലും പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് അദ്ദേഹത്തോട് പൂര്‍ണമായ ബഹുമാനമുണ്ട്.” പവാര്‍ പറഞ്ഞു.
ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും താന്‍ അത് നിരസിക്കുകയായിരുന്നെന്നും ശരദ് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ മോദി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് വ്യക്തിപരമായി നമ്മള്‍ നല്ല ബന്ധം പുലര്‍ത്തുന്നവരാണ്, അത് തുടരും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് താല്‍പര്യമില്ല’. എന്നതാണെന്നും ശരദ് പവാര്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രസിഡന്റാക്കാമെന്ന് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പവാര്‍ തള്ളിയിരുന്നു.