| Tuesday, 18th April 2023, 4:03 pm

'രണ്ടാഴ്ച മുമ്പേ കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു'; ആതിഖ് എഴുതിയ കത്ത് സുപ്രീം കോടതിക്കും യോഗിക്കും നല്‍കിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പിയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സമാജ് വാദി പാര്‍ട്ടി മുന്‍ എം.പിയും ഉമേഷ് പാല്‍ കൊലപാതക കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്നതുമായ ആതിഖ് അഹമ്മദിന്റെ കത്ത് സുപ്രീം കോടതിക്കും മുഖ്യമന്ത്രിക്കും നല്‍കിയതായി റിപ്പോര്‍ട്ട്.

കൊല്ലപ്പെടുന്നതിന് മുമ്പ് ആതിഖ് എഴുതിയ കത്ത് കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നല്‍കിയതായി അഭിഭാഷകന്‍ വിജയ് മിശ്ര അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

തന്റെ മരണത്തിന് രണ്ടാഴ്ച മുമ്പാണ് അദ്ദേഹം കത്ത് എഴുതിയിരുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ ആ കത്ത് താനല്ല മറ്റാരാള്‍ ആണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും വിജയ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

‘കത്ത് മുദ്ര വെച്ച കവറിലാണ്. ആ കത്ത് എന്റെ പക്കലില്ല. ഞാന്‍ അയച്ചിട്ടുമില്ല. ഇത് മറ്റൊരിടത്ത് സൂക്ഷിച്ച് മറ്റൊരാള്‍ അയച്ചതാണ്. കത്തിന്റെ ഉളളടക്കവും എനിക്ക് അറിയില്ല.

പ്രയാഗ്‌രാജില്‍ നിന്ന് ബെറേലിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ഇത്തവണ അഷറഫ് രക്ഷപ്പട്ടുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അവനോട് പറഞ്ഞിരുന്നു. ജയിലില്‍ നിന്ന് 15 ദിവസത്തിനുള്ളില്‍ മോചിതനാകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന്‍ ആരാണെന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചിരുന്നു. ഞാന്‍ പ്രശ്നത്തിലാകുമെന്ന് ഭയന്ന് അദ്ദേഹം പേര് വെളിപ്പെടുത്തിയില്ല,’ മിശ്ര പറഞ്ഞു.

എന്നാല്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാലോ, കൊല്ലപ്പെട്ടാലോ കത്ത് ചീഫ് ജസ്റ്റിസിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും നല്‍കണമെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്ന് മിശ്ര കൂട്ടിച്ചേര്‍ത്തു.

രണ്ടാഴ്ച കൊണ്ട് തങ്ങള്‍ കൊല്ലപ്പെടുമെന്ന് അഹമ്മദും സഹോദരനും പറഞ്ഞിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കോടതി വാദം കേള്‍ക്കുന്നതിനായുള്ള ഉത്തര്‍ പ്രദേശ് സന്ദര്‍ശനം റദ്ദാക്കണമെന്ന് ആതിഖ് നേരത്തെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ ഉത്തര്‍പ്രദേശ് പൊലീസ് നിയോഗിച്ചിട്ടുണ്ട്.

നേരത്തെ ഉമേഷ് പാല്‍ വധക്കേസില്‍ തന്നെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ടെന്നും ഉത്തര്‍ പ്രദേശ് പൊലീസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടേക്കാമെന്നും വാദിച്ച് ആതിഖ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫ് അഹമ്മദും നടുറോട്ടില്‍ വെടിയേറ്റ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള ഇരുവരെയും യു.പിയിലെ പ്രയാഗ്‌രാജ് മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയാണ് മൂന്നംഗ സംഘം വെടിയുതിര്‍ത്തത്. കൊലപാതകത്തിന് ശേഷം സണ്ണി, ലോവേഷ് തിവാരി, അരുണ്‍ മൗര്യ എന്നീ പ്രതികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്തു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആതിഖ് അഹമ്മദിന്റെ മകന്‍ ആസദിനെ യു.പി പൊലീസിന്റെ ദൗത്യ സംഘം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹ സാഹചര്യത്തില്‍ ആതിഖും കൊല്ലപ്പെടുന്നത്.

CONTENT HIGHLIGHT: ‘knew he would be killed two weeks in advance’; Reportedly, the letter written by Atiq was given to the Supreme Court and Yogi

We use cookies to give you the best possible experience. Learn more