കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ നിന്നു മത്സരിക്കുന്ന മുസ്‌ലീം ലീഗിന്റെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിനെതിരേ സമസ്ത ഇ.കെ വിഭാഗം. പ്രചാരണത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രനടയിലെത്തി കൈകൂപ്പി തൊഴുത് കാണിക്കയിടുകയും ഗുരുവായൂരപ്പനെ പുകഴ്ത്തുകയും ചെയ്തതിനെതിരെ സമസ്ത യുവജനവിഭാഗമായ എസ്.വൈ.എസിന്റെ നേതാക്കളായ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവും നാസര്‍ ഫൈസി കൂടത്തായിയും രംഗത്തെത്തി.
സ്ഥാനാര്‍ത്ഥിയായ ശേഷം ഗുരുവായൂര്‍ ക്ഷേത്ര നടയിലെത്തി കൈകൂപ്പി തൊഴുത് കാണിക്കയിട്ടാണ് കെ.എന്‍.എ ഖാദര്‍ പ്രചാരണത്തിനു തുടക്കം കുറിച്ചത്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക സ്തൂപത്തിനു മുന്നിലെത്തി പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.
ഗുരുവായൂരപ്പന്‍ തന്റെ മനസ്സ് കാണുന്നുണ്ടെന്നും അനുഗ്രഹമുണ്ടാവുമെന്നും രാഷ്ട്രീയ കുചേലന്റെ അവില്‍പ്പൊതി ഭഗവാന്‍ സ്വീകരിക്കാതിരിക്കില്ലെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞിരുന്നു.
‘ഗുരുവായൂരില്‍ എല്ലാ വിശ്വാസികളും വിശ്വാസമില്ലാത്തവരും രാഷ്ട്രീയമുള്ളവരും അല്ലാത്തവരും എനിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീര്‍ച്ചയായും ഭഗവാന്‍ ഗുരുവായൂരപ്പന്‍ എന്റെ, ഞങ്ങളുടെ മനസ്സ് കാണുന്നു. അദ്ദേഹം തീര്‍ച്ചയായും അനുഗ്രഹിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഈ രാഷ്ട്രീയ കുചേലന്റെ അവില്‍പ്പൊതി ഭഗവാന്‍ സ്വീകരിക്കാതിരിക്കില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്’, എന്നായിരുന്നു കെ.എന്‍.എ ഖാദറിന്റെ പരാമര്‍ശം.
ഇതിനെതിരേയാണ് സമസ്ത രംഗത്തെത്തിയത്.
ഏകദൈവ വിശ്വാസി ശിര്‍ക്ക്(ബഹുദൈവാരാധന) ചെയ്ത് കൊണ്ട് ‘മതേതരത്വം’ പ്രകടിപ്പിക്കുന്നത് കപടതയാണെന്നും ‘ഗുരുവായൂരപ്പന്‍ തന്നെ കാണുന്നുണ്ടെന്നും എല്ലാം അറിയുന്നുണ്ടെന്നും അനുഗ്രഹിക്കുമെന്നും’ പറയുന്നത് ആദര്‍ശത്തെ ബലികഴിച്ചുകൊണ്ടാണെന്ന് നാസര്‍ ഫൈസി പറഞ്ഞു.
ഗുരുവായൂരപ്പന് കഴിവുണ്ടെന്ന് മുസ്‌ലീങ്ങളും വിശ്വാസിച്ചാലേ മാനവികമാകൂ എന്ന് ഹൈന്ദവിശ്വാസികള്‍ പോലും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലീം സംഘടനകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ ഇപ്രകാരം ചെയ്യുന്നത് അനുയായികള്‍ക്ക് ഇങ്ങനെയൊക്കെ ആകാമെന്ന തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
‘മതേതരത്വമെന്നാല്‍ എല്ലാ മതങ്ങളില്‍ നിന്നും അല്‍പാല്‍പം എടുക്കലല്ല. അതിന് പേര് അക്ബര്‍ ചക്രവര്‍ത്തിയുടെ ‘ദീനെ ഇലാഹി’ എന്നാണ്. ഇതര മതങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും ആവശ്യാനുസരണം സ്വീകരിക്കലാണ് മതേതരത്വമെങ്കില്‍ ആ മതേതരത്വം നമുക്ക് വേണ്ട’, അബ്ദുള്‍ ഹമീദ് ഫൈസി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക