| Thursday, 6th January 2022, 1:25 pm

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി നാശം വിതക്കരുത്: ലീഗിനെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രത്തില്‍ കെ.എന്‍.എ. ഖാദറിന്റെ ലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കലര്‍ത്തി സമൂഹത്തില്‍ നാശം വിതക്കരുതെന്ന് മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എന്‍.എ. ഖാദര്‍. വഖഫ് വിഷയത്തിന് ശേഷമുള്ള മുസ്‌ലിം ലീഗിന്റെ നിലപാടുകള്‍ക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമായിട്ടാണ് ലേഖനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സുപ്രഭാതം ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് കെ.എന്‍.എ ഖാദര്‍ ലീഗിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചിട്ടുള്ളത്.

മതവും രാഷ്ട്രീയവും രണ്ടാണെന്നും മതത്തില്‍ രാഷ്ട്രീയമോ രാഷ്ട്രീയത്തില്‍ മതമോ കലര്‍ത്തരുത് എന്നുമാണ് കെ.എന്‍.എ ഖാദര്‍ ലേഖനത്തില്‍ എഴുതിയിട്ടുള്ളത്.  കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിയിലും തുടര്‍ന്നും കെ.എം. ഷാജിയടക്കമുള്ള ലീഗ് നേതാക്കള്‍ മതം തന്നെയാണ് തങ്ങളുടെ രാഷ്ട്രീയ വിഷയം എന്ന് ആവര്‍ത്തിച്ചിരുന്നു. ഈ നിലപാടുകള്‍ക്കെതിരെ ലീഗിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ സൂചനയാണ് ലേഖനം തരുന്നത്.

മലപ്പുറത്ത് നടന്ന സമസ്തയുടെ സമ്മേളനത്തിലും, ലീഗ് സമസ്തയുടെ പാര്‍ട്ടിയാണെന്നും സമസ്ത ലീഗിന്റേതാണെന്നുമടക്കമുള്ള പ്രസ്താവനകള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ സമസ്തയുടെ തന്നെ മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം മതവുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗിന്റെ നിലപാടുകളില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നതയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

കെ.എന്‍.എ ഖാദര്‍ സുപ്രഭാതത്തിലെഴുതിയ ലേഖനം

മതവിശ്വാസികള്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷികളുടെയോ ഭരണ പ്രതിപക്ഷങ്ങളുടെയോ അനുകൂലികളായോ പ്രതികൂലികളായോ പ്രത്യക്ഷപ്പെടാതിരിക്കലാണ് ബുദ്ധിയെന്നും കെ.എന്‍.എ ഖാദര്‍ ലേഖനത്തില്‍ പറയുന്നു.

മതങ്ങള്‍ രാഷ്ട്രീയ കാര്യങ്ങളില്‍ നിക്ഷ്പക്ഷത പാലിക്കണം. രാഷ്ട്രീയ കക്ഷികള്‍ മതങ്ങളില്‍ കടന്നുകൂടി മുട്ടയിട്ട് രാഷ്ട്രീയം വിരിയിക്കരുത്. മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കലര്‍ത്തി സമൂഹത്തില്‍ നാശം വിതക്കരുത് എന്നും കെ.എന്‍.എ ഖാദറിന്റെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Content Highlights: KNA Khader’s article against Muslim League in Suprabhatham Daily

We use cookies to give you the best possible experience. Learn more