കബനി
ആദിവാസികളുടെ സമരചരിത്രം വാല്യം 1
ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ആദിവാസികളും
കെ.സഹദേവന്‍ /കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഇന്ത്യന്‍ ജനജീവിതത്തിന്റെ പൊതുധാരയില്‍നിന്നകന്ന് വനമേഖലയില്‍ കഴിഞ്ഞിരുന്നവരായിരുന്നു ആദിവാസിഗോത്രജനത. അധിനിവേശത്തിന്റെ ആദ്യകാലം തൊട്ടേ അവര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ അതിശക്തമായ ചെറുത്തുനില്‍പ്പുകള്‍ നടത്തുകയുണ്ടായി. ബംഗാള്‍ പ്രസിഡന്‍സിയിലെ ഹല്‍ബ പ്രക്ഷോഭവും 1774-79 കാലയളവില്‍ പഹാഡിയ സര്‍ദാരുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭവും ഇന്ത്യയിലെ ആദ്യസ്വാതന്ത്ര്യസമരങ്ങളാണ്. തുടര്‍ന്നുള്ള രണ്ടുനൂറ്റാണ്ടോളം കാലം നൂറുകണക്കിന് ആദിവാസി പ്രക്ഷോഭങ്ങളാണ് ഇന്ത്യയിലങ്ങോളമിങ്ങോളം നടന്നത്.
എന്നാല്‍ ഈ സമരങ്ങളും അവയ്ക്കു നേതൃത്വം കൊടുത്ത ധീരരും ചരിത്രത്തിന്റെ പ്രധാനപാതയില്‍ പ്രത്യക്ഷമായില്ല. കൊളോണിയല്‍ അധിനിവേശത്തിനെതിരായി ആദിവാസി ജനത നടത്തിയ ഈ ചെറുത്തുനില്‍പ്പുകള്‍, പാശ്ചാത്യജ്ഞാനവ്യവസ്ഥയുടെ അളവുകോലില്‍ രേഖപ്പെടാതെപോവുകയായിരുന്നു.
നാളിതുവരെ മാറ്റിനിര്‍ത്തപ്പെട്ട ഒരു ജനതയുടെ, ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പില്‍ ഈ ജനത നല്‍കിയ സംഭാവനകളെ, കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ അവഗണിച്ച കീഴാളപോരാട്ടങ്ങളെ അതിന്റെ സത്തയിലും സമഗ്രതയിലും അറിയുക എന്നത് വര്‍ത്തമാനകാലത്തിന്റെ അനിവാര്യതയാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞിട്ടും അധിനിവേശശക്തികള്‍ക്കെതിരെ ഇവിടത്തെ ഗോത്രജനത നടത്തിയ ഐതിഹാസിക ചെറുത്തുനില്‍പ്പുകള്‍ പരാമര്‍ശിക്കപ്പെടുന്നില്ല.
കേരളത്തില്‍ കുറിച്യ ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍പോലെ രാജ്യമെങ്ങുമുള്ള ആദിവാസിമേഖലകളില്‍ സമരങ്ങള്‍ നടന്നിരുന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ നിലനില്‍പ്പില്‍ ആദിവാസിജനത നല്‍കുന്ന സംഭാവനകളെ -ചരിത്രപരമായ അവരുടെ പങ്കിനെ- കൃത്യമായി രേഖപ്പെടുത്തുക എന്ന ദൗത്യമാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന ആദിവാസികളുടെ സമരചരിത്രം എന്ന പുസ്തകപരമ്പര നിറവേറ്റുന്നത്. അതിലെ ആദ്യ വാല്യമാണ് കെ. സഹദേവന്‍ തയ്യാറാക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ആദിവാസികളും എന്ന പുസ്തകം.
പാരിസ്ഥിതിക-ജനായത്ത ബോധത്തില്‍ ജീവിച്ചുപോന്ന, തങ്ങളുടേതായ സാമൂഹികജീവിതവും ഭരണവ്യവസ്ഥകളും രൂപപ്പെടുത്തിയ ജനതയായിരുന്നു ആദിവാസികള്‍. അക്ഷരാര്‍ഥത്തില്‍ വനത്തിന്റെ ഉടമകള്‍. ആദിവാസിസമ്പദ്ക്രമത്തെ തകര്‍ക്കുന്ന വിധമാണ് ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യവിപുലീകരണം നടന്നത്. വനത്തിലെ വിഭവങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സ്വതന്ത്രവാദികളായ ആദിവാസികളുടെ സൈ്വരജീവിതം തകര്‍ത്തു. നികുതികള്‍, സ്വകാര്യസ്വത്ത് സമ്പ്രദായം എന്നിവ വന്‍പ്രത്യാഘാതങ്ങളാണ് ആദിവാസി ഗോത്രജനതയിലുളവാക്കിയത്.
ജൈവസമൃദ്ധിയില്‍ ജീവിച്ചുപോന്ന ഒരു ജനത പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും അസ്വാതന്ത്ര്യത്തിന്റെയും പ്രശ്നങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. വൈവിധ്യപൂര്‍ണമായ സാംസ്‌കാരികാസ്തിത്വങ്ങളും ഭൂമിശാസ്ത്രപരമായ ഭിന്നതകളും നിലനില്‍ക്കുന്ന ഒരു രാജ്യത്തെ, ഒരൊറ്റ അധീശ ദേശീയതയ്ക്കു കീഴില്‍ നിര്‍ബന്ധപൂര്‍വ്വം അണിനിരത്തുമ്പോള്‍ ചെറുസാംസ്‌കാരികസ്വത്വങ്ങള്‍ തകര്‍ക്കപ്പെടുകയും ജീവിതപരിസരങ്ങള്‍ ഇല്ലാതാവുകയും ആ ജനതയുടെ തനതായ പരിഷ്‌കരണസാധ്യതകള്‍ നഷ്ടപ്പെടുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ സാമ്രാജ്യത്വ വിപുലീകരണത്തിനാവശ്യമായ പ്രകൃതിവിഭവങ്ങള്‍ കയ്യടക്കാനുള്ള ശ്രമത്തില്‍ അതിനാവശ്യമായ നിയമനിര്‍മാണം നടത്തി അവ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്നതിനോടുള്ള പ്രതിരോധമായാണ് ആദിവാസിപ്രക്ഷോഭങ്ങള്‍ ഇന്ത്യയിലെ വനമേഖലയില്‍ രൂപപ്പെടുന്നത്.
ഈയൊരു ബൃഹത്ചരിത്രം കേവലം ഒരു പുസ്തകത്തിലൊതുക്കാനാവില്ല. ആദിവാസികളുടെ സമരങ്ങള്‍ ഇനിയും ആഴത്തില്‍ പഠിക്കപ്പെടേണ്ടതുണ്ട്. ആദിവാസികളുടെ ബൃഹത്തായ സമരചരിത്രത്തിന്റെ ഒന്നാം വാല്യം എന്ന നിലയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ആദിവാസികളും’. ആദിവാസി-കീഴാളവിഭാഗങ്ങള്‍ക്കിടയില്‍ ഉറവെടുത്തുകൊണ്ടിരിക്കുന്ന അസ്വസ്ഥതകളെ, കേവലം ഭൗതികസാഹചര്യങ്ങളുടെ അഭാവത്തിന്റെ മാത്രം പ്രശ്നമായി കാണാതിരിക്കാനുള്ള ഉള്‍ക്കാഴ്ച ഈ പുസ്തകം നല്‍കുന്നുണ്ട്. ഗ്രന്ഥകാരനായ കെ. സഹദേവന്‍ നിരവധി വര്‍ഷങ്ങളായി നടത്തിയ യാത്രകളുടെയും ഗവേഷണങ്ങളുടെയും ഫലമായ ഈ പുസ്തകം ആദിപോരാളികളെക്കുറിച്ചുള്ള തുടര്‍ഗവേഷണങ്ങള്‍ക്കുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത് .
ഇന്ത്യയിലെ ആദിവാസിമേഖലകളില്‍ ദീര്‍ഘകാലം നടത്തിയ വിവരശേഖരണത്തിലൂടെയും ഈ വിഷയത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ സ്ഥൂലമായ രേഖപ്പെടുത്തലുകളില്‍നിന്നും വിവിധ ആദിവാസിഗോത്രവിഭാഗങ്ങളുടെ കഥകളിലും പാട്ടുകളിലും നിന്നു ലഭിക്കുന്ന ചരിത്രസൂചനകളിലൂടെയും ലഭ്യമായ വസ്തുതകള്‍ കാലഗണനാക്രമത്തിലും ദേശഗണനാക്രമത്തിലും ക്രോഢീകരിച്ചാണ് പുസ്തകത്തിന്റെ ഘടന തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് അധ്യായങ്ങളിലൂടെയാണ് പുസ്തകം കടന്നുപോകുന്നത്.
ഒന്നാമധ്യായത്തില്‍ ആദിവാസികളുടെ അന്യവല്‍ക്കരണം സംബന്ധിച്ച് ലോകമൊട്ടാകെ നടന്ന സമാന സാഹചര്യങ്ങളെ തിരിച്ചറിയുന്നുണ്ട്. പ്രകൃതിസമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം തദ്ദേശജനതയുടേതാണെന്ന ബോധ്യത്തില്‍നിന്നുതന്നെയാണ്, എവിടെയും ആ ജനതയെ മുഖ്യധാരയില്‍നിന്നകറ്റുന്നത്. ഇന്ത്യയില്‍ മാത്രമല്ല ആസ്ത്രേലിയന്‍ ഗോത്രജനതയെയും അമേരിക്കന്‍ ആദിവാസികളെയും കീഴാളബോധത്തിലുറപ്പിച്ചുനിര്‍ത്തുന്നത് വ്യാവസായികമുതലാളിത്തത്തിന്റെ ബോധപൂര്‍വമായ ഉടപെടലുകള്‍ തന്നെയാണ്.
വ്യാവസായിക വളര്‍ച്ചയ്ക്കും വ്യാപനത്തിനുമാവശ്യമായ പ്രകൃതിവിഭവങ്ങളുടെ പ്രധാന ഉറവിടം ആദിമഗോത്രവിഭാഗ മേഖലകളിലായിരുന്നു. ധാതുസമ്പത്തില്‍ ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 56 % ഈ മേഖലയില്‍നിന്നാണത്രേ. വനവിഭവങ്ങളുടെ മൂല്യവും അധിനിവേശത്തിനാക്കം കൂട്ടി. വനനിയമവും, പെര്‍മനന്റ് ആക്ട് തുടങ്ങിയ നിയന്ത്രണങ്ങളാലും സ്വസ്ഥജീവിതം അസാധ്യമായിത്തീര്‍ന്ന ആദിവാസികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളുടെയെല്ലാം കേന്ദ്രവിഷയം പ്രകൃതിവിഭവങ്ങളില്‍മേലുള്ള വൈദേശിക അതിക്രമണങ്ങളാണെന്നു കാണാം.
യഥാര്‍ഥത്തിലുള്ള സ്വാതന്ത്ര്യപോരാട്ടങ്ങളാണ് ഇവയെങ്കിലും ആദിവാസികളുടെ സ്വാതന്ത്ര്യപോരാട്ടങ്ങളെ ദേശീയപ്രസ്ഥാനങ്ങളുമായി കണ്ണിചേര്‍ക്കുന്നതില്‍ ദേശീയനേതൃത്വം പരാജയപ്പെടുകയായിരുന്നു എന്ന വസ്തുതകൂടി ചേര്‍ത്തുവച്ചുകൊണ്ടാണ് പുസ്തകത്തിന്റെ ഒന്നാമധ്യായം പൂര്‍ണമാകുന്നത്.
പ്ലാസി യുദ്ധാനന്തരം 1774 മുതല്‍ 1947 വരെ കാലയളവില്‍ ഇന്ത്യയില്‍ നടന്ന ആദിവാസി പ്രക്ഷോഭങ്ങളെ സംബന്ധിച്ച് പരമാവധി വസ്തുതകള്‍ സമാഹരിച്ചുകൊണ്ട് തയ്യാറാക്കിയതാണ് രണ്ടാമധ്യായം. ബംഗാള്‍, ബോംബെ, മദ്രാസ് പ്രസിഡന്‍സി തിരിച്ചുകൊണ്ടാണ് ഇവ ക്രോഡീകരിക്കുന്നത്. പഹാഡിയ സര്‍ദാര്‍ പ്രക്ഷോഭം, തമാര്‍ ചുവാര്‍, പഞ്ചേത്എസ്റ്റേറ്റ്, കോന്ധ്, കോള്‍, ഭൂമിജ്, സാന്താള്‍, ജുവാംഗ്, ഭുയാന്‍, ഖേര്‍വാര്‍മൂവ്മെന്‍ര്, മുണ്ട്, താനാഭഗത്, മിഡ്നാപൂര്‍, ജീതുസാന്താള്‍, ദേവി മൂവ്മെന്റ്, മാന്‍ഗഡ്, എകീമുവ്മെന്റ്, കുറിച്യ, ബേഡ, ഗോംണ്ട്, രംപ, അബോര്‍ തുടങ്ങിയ പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങള്‍ ഈ അധ്യായത്തിലുണ്ട്.
അതോടൊപ്പം ഈ പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനത്തു വര്‍ത്തിച്ച നിരവധി വ്യക്തിത്വങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ ഛായാചിത്രം പതിക്കപ്പെട്ടിട്ടുള്ള ബിര്‍സ മുണ്ട അടക്കമുള്ള ധീരവ്യക്തിത്വങ്ങളാണവയിലേറെയും.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള സമരങ്ങളെ ഒന്നടങ്കം ഒരൊറ്റ അളവുകോലില്‍ അളക്കുകയാണ് ദേശീയ ചരിത്രകാരന്‍മാര്‍ ചെയ്തത്. ഇംഗ്ലീഷ് വിദ്യാഭ്യസം ലഭിച്ച ഇന്ത്യന്‍ മധ്യവര്‍ഗം രചിക്കുന്ന ഇന്ത്യാചരിത്രം കൊളോണിയല്‍ ചട്ടക്കൂടിനകത്തുവരുന്നതു സ്വാഭാവികവുമാണ്.
കീഴാളചരിത്ര രചനാശാസ്ത്രത്തിന്റെ രീതികളും വളര്‍ച്ചയും വിശകലനം ചെയ്യുന്ന മൂന്നാമധ്യായം ചരിത്രരചനയെയും ചരിത്രവായനയെയും സംബന്ധിച്ച കൊളോണിയല്‍ മൂല്യങ്ങളില്‍ നിന്ന് ഭിന്നമായ കാഴ്ചപ്പാടുകളും മൂല്യമാനദണ്ഡങ്ങളും രൂപപ്പെട്ടുവരുന്നതിനെ സ്വാഗതം ചെയ്യുന്നു. വെളുത്തവര്‍- കറുത്തവര്‍, അടിമ-ഉടമ, ശക്തര്‍- അശക്തര്‍, പരിഷ്‌കൃതര്‍- അപരിഷ്്കൃതര്‍ എന്നിങ്ങനെ അപരനിര്‍മിതിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ദ്വന്ദ്വങ്ങളെ മറികടക്കാനുള്ള ശ്രമംകൂടിയാകുന്നു ഈ ചരിത്രരചനാരീതിശാസ്ത്ര വിശകലനം.
ഇന്ത്യയിലെ ആദിവാസി- ദളിത്-ന്യൂനപക്ഷവിഭാഗങ്ങള്‍ ജനാധിപത്യവികസനപ്രക്രിയയില്‍ നടത്തുന്ന ഇടപെടലുകളെ സ്വാംശീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് നമ്മുടെ കടമതന്നെയാണ്. ആ ലക്ഷ്യത്തിലേക്കുള്ള മികച്ച മുന്നൊരുക്കമാണ് കെ. സഹദേവന്റെ ഈ ഗ്രന്ഥം.