പോരാട്ടങ്ങള്‍ അസംഘടിതമോ, പെട്ടന്നുള്ള പൊട്ടിത്തെറികളോ ആവുക സ്വാഭാവികമാണ്.അവയ്ക്ക് നിയതമായ ഒരു നേതൃത്വം തന്നെ ഉണ്ടാവില്ല. ഇക്കാരണങ്ങളാല്‍ അവയ്‌ക്കെതിരെ പുലഭ്യം പറയുന്നവര്‍ എന്‍.ജി.ഒകളോ അധികരിവര്‍ഗ്ഗത്തിന്റെ ഭാഗത്തുള്ളവരോ അല്ലെങ്കില്‍ ദണ്ഡകാരണ്യത്തില്‍ നിന്ന് എകെ 47-നുമായി മാവോയിസ്റ്റുകള്‍ വരുന്നതു മാത്രമാണ് വിപ്ലവമെന്നു ശഠിക്കുന്ന അരാജക ബുദ്ധിജീവികളോ ആകട്ടെ, അവരെല്ലാം ആത്യന്തികമായി ആധിപത്യ ശക്തികളെയാണ് സേവിക്കുന്നത്.
എസ്സേയ്‌സ് / കെ.എന്‍.രാമചന്ദ്രന്‍
ജനങ്ങളുടെ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നത് അജണ്ടയും മുഹൂര്‍ത്തവും തീരുമാനിച്ചിട്ടല്ല. നാളുകളായി അക്രമണങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, അതിനെതിരെ അധികാരികള്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുമ്പോള്‍, അവക്കെതിരായ ജനരോഷം കുമിഞ്ഞുകൂടുമ്പോള്‍, പെട്ടന്നൊരു സംഭവം ഒരു നിമിത്തമായി മാറും ജനങ്ങള്‍ തെരുവിലിറങ്ങും.
പിന്നെ അവര്‍ അധികാരികളുടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചു ചെയ്യും. ഇതൊക്കെ തന്നെയാണ് ദല്‍ഹിയിലും സംഭവിച്ചത്. മറ്റു പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ദല്‍ഹി ബലാത്സംഗങ്ങളുടെ തലസ്ഥാനം കൂടിയാണ്. 2012 ല്‍ റിക്കോര്‍ഡു ചെയ്യപ്പെട്ടത് ആയിരം ബലാത്സംഗങ്ങളോ ശ്രമങ്ങളോ ആണ്. പലതിലും പോലീസുകാര്‍ തന്നെ പ്രതികളാണ്. അഥവാ അവര്‍ പ്രതികളെ പിടിക്കാന്‍ തയ്യാറാവുന്നില്ല. പിടിച്ചാലും വേണ്ടരീതിയില്‍ കുറ്റപത്രം തയ്യാറാക്കുന്നില്ല.[]
കോടതിയില്‍ കേസുകള്‍ നീണ്ടുപോകുന്നു. പലപ്പോഴും ഇരകള്‍ വീണ്ടും കോടതിയില്‍ കുറ്റവിചാരണ എന്ന പീഡനത്തിന് ഇരയാകുന്നു. പ്രതിഭാഗം വക്കീലിന്റെ മുമ്പില്‍ അവര്‍ക്കു ശ്വാസം മുട്ടുന്നു. എന്നിട്ടും ആയിരത്തില്‍ ഒരാള്‍ പോലുമോ കഴിഞ്ഞ വര്‍ഷങ്ങളിലെ ആയിരങ്ങളില്‍ പലരോ ഇനിയും ശിക്ഷിക്കപ്പെടുന്നില്ല.
സ്ത്രീകള്‍ ഏതു വസ്ത്രം ധരിക്കണം, എങ്ങനെ പെരുമാറണം, എപ്പോള്‍ പുറത്തിറങ്ങണം എന്നൊക്കെ പുരുഷന്മാര്‍ തീരുമാനിക്കണം എന്ന ശാഠ്യം തുടരുന്നു. “മനുസ്മൃതി”യുടെ സ്ഥാനത്ത് ഇന്ത്യന്‍ ഭരണഘടന വന്നിട്ടും സ്ത്രീ തുല്യയല്ല. അവള്‍ പീഡിപ്പിക്കപ്പെടുന്നു. ജോലിസ്ഥലത്തുപോലും ആക്രമിക്കപ്പെടുന്നു.
ഇതൊക്കെ സൃഷ്ടിച്ച രോഷത്തെ ഡിസംബര്‍ 16 ന് വൈകുന്നേരം ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവം കത്തിജ്വലിപ്പിച്ചു. അങ്ങനെയാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് തുടക്കമാകുന്നത്. ക്രമേണ മൊബൈലും ഫേസ്ബുക്കും വഴി കൂടുതല്‍ പേര്‍ ബന്ധപ്പെടുന്നു. 22 ന്റെ വമ്പിച്ച പ്രകടനത്തിലേക്കു നയിച്ചത് ഇതൊക്കെയാണ്.
വിദ്യാര്‍ത്ഥികളും യുവാക്കളും സ്ത്രീകളും മറ്റും കൂട്ടമായെത്തി. അവര്‍, പോലീസുകാര്‍ പെട്ടന്നുയര്‍ത്തിയ ബാരിക്കേഡുകള്‍ തകര്‍ത്ത് സാധാരണക്കാരുടെ പ്രകടനങ്ങള്‍ക്കും സാധാരണക്കാര്‍ക്കും അപ്രാപ്യമായ റെയ്‌സീന കുന്നിലെ രാഷ്ട്രപതി മന്ദിരത്തിലേക്കും പാര്‍ലമെന്റു മന്ദിരത്തിലേക്കും ഇന്ത്യാഗെയ്റ്റു പ്രദേശത്തെ “തന്ത്രപ്രധാന” കേന്ദ്രങ്ങളിലേക്കും പ്രവേശിച്ചു. മുന്നേറിയ അവര്‍ക്കൊപ്പമെത്താന്‍ പോലീസിനോ അര്‍ദ്ധസൈന്യ വിഭാഗങ്ങള്‍ക്കോ ആയില്ല.
മുന്നേറിയ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും മുന്നില്‍ വന്നു സംസാരിക്കാന്‍ ഒരു ഭരണ നേതാവിനും ധൈര്യം ഉണ്ടായില്ല. പ്രസിഡണ്ടും പ്രാധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെ എവടെയോ ഒളിച്ചു. എന്നിട്ടവര്‍ ഉത്തരവിട്ടു. ജനങ്ങളെ ഓടിക്കാന്‍. അപ്പോഴേക്കും പോലീസും അര്‍ദ്ധസൈനികരും ലാത്തിയും ജലപീരങ്കിയും ടിയര്‍ഗ്യാസ് ഉണ്ടകളുമായി നിരന്നു കഴിഞ്ഞിരുന്നു.
വൈകി വളരെ കഴിയുന്നതുവരെ മണിക്കൂറുകള്‍ ആക്രമണം നടന്നു. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമെതിരെ എത്രവട്ടം ലാത്തിച്ചാര്‍ജു ചെയ്‌തെന്ന് പോലീസിനുപോലും കണക്കില്ല. തണുത്തുവിറക്കുന്ന ദല്‍ഹിയില്‍ പ്രകടനക്കാരുടെ നേരെ നിരവധിവട്ടം ജലപീരങ്കി വഴി പതിനായിരക്കണക്കിനു ലിറ്റര്‍ വെള്ളം ചീറ്റിച്ചു. അതിനു പുറമേ നൂറുകണക്കിനു ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പൊട്ടിച്ചു.
ശത്രുസേനയെ എന്നതുപോലെയാണ് വിദ്യാര്‍ത്ഥികളേയും യുവാക്കളേയും നേരിട്ടത്. എന്നിട്ടും അര്‍ദ്ധരാത്രി ആയപ്പോഴേക്കും പ്രകടനക്കാരെ ഇന്ത്യാഗേറ്റുവരെ തള്ളിമാറ്റനേ കഴിഞ്ഞുള്ളൂ.
22നു രാത്രിതന്നെ രാജീവ് ചൗക്ക് ഉള്‍പ്പെടെ മെട്രോസ്റ്റേഷനുകള്‍ അപ്രാപ്യമാക്കുന്ന ഉത്തരവു വന്നു. ഇന്ത്യാഗേറ്റു പ്രദേശത്ത് 144 പ്രഖ്യാപിച്ചു. ആയിരക്കണക്കിനു പോലീസുകാര്‍ 23-ന് പുലരെത്തന്നെ നിരന്നു. എന്നിട്ടും പതിനായിരത്തോളം പ്രതിഷേധക്കാര്‍ എത്തി. അവരെ അടിച്ചോടിക്കാന്‍ രാത്രിവളരെ വൈകുന്നതുവരെ പൈശാചികമായ ആക്രമണമാണ് പോലീസ് നടത്തിയത്.
നൂറുകണക്കിനു പേര്‍ക്കു പരിക്കേറ്റു. സ്ത്രീപോലീസില്ലാതെ ആണ്‍പോലീസുകാര്‍ പെണ്‍കുട്ടികളെ ആക്രമിച്ചു. യു.പി.എ സര്‍ക്കാരിനും ദല്‍ഹി പോലീസ് അധികൃതര്‍ക്കും അടുത്തകാലത്തൊന്നും ദല്‍ഹി കണ്ടിട്ടില്ലാത്തവിധം ശക്തമായ ഈ ജനകീയ പ്രതിഷേധത്തെ തല്‍ക്കാലത്തേക്ക് അടിച്ചമര്‍ത്തിയെന്നു സന്തോഷിക്കാം. പക്ഷേ ജന്തര്‍മന്ദിറില്‍ ഇപ്പോഴും നൂറുകണക്കിനുപേര്‍ എന്നും വന്നുകൂടുന്നുണ്ട്.
അവര്‍ നിരവധി സംഘടനകളില്‍ നിന്നാണ്. മിക്കവാറും, യുവാക്കള്‍, പെണ്‍കുട്ടികള്‍. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയ രീതിയില്‍ രോഷം പരക്കെയുണ്ട്. കോളേജുകളും സ്‌കൂളുകളും തുറന്നതോടെ വീണ്ടും പ്രതിഷേധ പ്രകടനങ്ങള്‍ ശക്തിപ്പെടുകയാണ്.
അടുത്ത പേജില്‍ തുടരുന്നു
വര്‍ഗ്ഗസമരം ചായസല്‍ക്കാരമോ, ചിത്രതയ്യലോ പോലെയല്ല. അതിനത്രകണ്ട് ചിട്ടപ്പടിയുള്ളതൊന്നും ആകാനാവില്ലെന്ന് മാവോ പറഞ്ഞതുപോലെ, അത് നിരവധി രൂപങ്ങളില്‍, ഒരു ചിട്ടയോ മുഹൂര്‍ത്തമോ ഇല്ലാതെ പൊട്ടിപ്പുറപ്പെടും എന്നാണ് ഇന്ത്യയില്‍ തന്നെ നടക്കുന്ന നിരവധി ജനകീയ സമരങ്ങളും പൊട്ടിത്തെറികളും തെളിയിക്കുന്നത്.
ദല്‍ഹിയിലെ ജനകീയ പ്രതിഷേധം ഇന്ന് ഇന്ത്യയുടെ തെക്കേ അറ്റത്ത് കൂടംകുളം മുതല്‍ വടക്ക് ജമ്മു- കാശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും വരെ അധികാരികള്‍ നടത്തുന്ന തേര്‍വാഴ്ചക്കെതിരെ നടക്കുന്ന പോരാട്ടങ്ങളുടെ ഭാഗമാണ്.
പട്ടാളത്തെ ഇറക്കിയും അഫ്‌സ്പ(AFSPA)പോലുള്ള കരിനിയമങ്ങള്‍ വഴിയും പോലീസനെ വിന്യസിച്ചും ആണവ കേന്ദ്രങ്ങള്‍ക്കു വേണ്ടിയും കോര്‍പ്പറേറ്റ് പദ്ധതികള്‍ക്ക് വേണ്ടിയും സ്വയം നിര്‍ണ്ണയാവകാശം നിഷേധിക്കാനും പുത്തന്‍ അധിനിവേശം ശക്തിപ്പെടുത്താന്‍ വേണ്ടിയും എത്രകാലം ജനങ്ങളെ അടിച്ചമര്‍ത്താനാകും?[]
ഭരണകൂട ഭീകരത എത്ര ശക്തിപ്പെടുത്തിയാലും ഇരകള്‍ തിരിച്ചടിക്കും. ജന്മി നാടുവാഴിത്ത ചട്ടങ്ങളും മൂലധന നിയമങ്ങളും വഴി ഇനിയും സ്ത്രീകളെ അടിമകളാക്കാന്‍ ശ്രമിച്ചാല്‍, അവരെ ബലാത്സംഗം ചെയ്യുന്ന ഹീനപ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍, ജാതിയുടെ പേരില്‍ ദളിതരെ, ദളിത് സ്ത്രീകളെ ആക്രമിച്ചാല്‍ അവര്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുക മാത്രമല്ല, അവരുടെ ഭാഗത്ത് അണിനിരക്കാന്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങും എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
ജന്മി – നാടുവാഴിത്ത സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചക്കും നവ ഉദാരവാദ നയങ്ങള്‍ക്കും വേണ്ടി ഭരണകൂടവും അധീശ ശക്തികളും ആക്രമണം ശക്തിപ്പെടുത്തുമ്പോള്‍ അവക്കെതിരെ പീഢിതര്‍ കൂടുതല്‍ കൂടുതലായി തെരുവിലിറങ്ങുന്നതിനു തെളിവാണ് ലോകത്താകെയും ഇന്ത്യയിലും നടക്കുന്ന നിരവധി ജനകീയ ഉയര്‍ത്തെഴുന്നേല്പുകള്‍.
പ്രശ്‌നങ്ങള്‍ വ്യത്യസ്ഥമാകാം. പ്രക്ഷോഭരീതികള്‍ വേറെവേറെയാകാം. പക്ഷേ ഇവയൊക്കെ പുത്തന്‍ അധിനിവേശ കാലത്തെ ആധിപത്യ വ്യവസ്ഥക്കെതിരെയാണ്. ഇവയൊക്കെ വര്‍ഗ്ഗസമരത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്.
*****
1991-ല്‍ സോവിയറ്റു യൂണിയന്‍ തകരുമ്പോള്‍, സോവിയറ്റ് യൂണിയനിലും ചൈനയിലുമെല്ലാം സോഷ്യലിസ്റ്റ് ശക്തികളെ തകര്‍ത്ത് മുലാളിത്ത പാതക്കാര്‍ അധികാരം കവര്‍ന്നപ്പോള്‍ അമേരിക്കന്‍ നേതൃത്വത്തില്‍ സാമ്രാജ്യത്വ രാജ്യങ്ങളും അവരുടെ ശിങ്കിടികളും വിളിച്ചുകൂവിയത് “വര്‍ഗ്ഗസമരത്തിന്റെ കാലം അവസാനിച്ചു”, “സോഷ്യലിസത്തിന്റെ കാലം കഴിഞ്ഞു,” “ചരിത്രം അവസാനിച്ചു” എന്നൊക്കെയാണ്.
മുലാളിത്ത പാതക്കടിപ്പെട്ട വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും എല്ലാത്തരം പരിഷ്‌ക്കരണ വാദികളും ഇതാവര്‍ത്തിച്ചു. തെരുവുകളില്‍ ധനികരുടെ ആധിപത്യം ഉറപ്പിച്ചു. പക്ഷേ 21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ അവരുടെ കണക്കു കൂട്ടലുകള്‍ തെറ്റാന്‍ തുടങ്ങി.
സമ്രാജ്യത്വ ആഗോളീകരണത്തിനെതിരെ, ഐ.എം.എഫ്- ലോകബാങ്ക്- ലോക വ്യാപാരസംഘടന- ബഹുരഷ്ട്ര കുത്തകകളുടെ ആധിപത്യത്തിനെതിരെ സിയാറ്റില്‍ മുതല്‍ ആരംഭിച്ച കലാപങ്ങള്‍ ഇപ്പോള്‍ ലോകമെങ്ങും വ്യാപിക്കുകയാണ്.
വര്‍ഗ്ഗസമരം ചായസല്‍ക്കാരമോ, ചിത്രതയ്യലോ പോലെയല്ല. അതിനത്രകണ്ട് ചിട്ടപ്പടിയുള്ളതൊന്നും ആകാനാവില്ലെന്ന് മാവോ പറഞ്ഞതുപോലെ, അത് നിരവധി രൂപങ്ങളില്‍, ഒരു ചിട്ടയോ മുഹൂര്‍ത്തമോ ഇല്ലാതെ പൊട്ടിപ്പുറപ്പെടും എന്നാണ് ഇന്ത്യയില്‍ തന്നെ നടക്കുന്ന നിരവധി ജനകീയ സമരങ്ങളും പൊട്ടിത്തെറികളും തെളിയിക്കുന്നത്.
അവയെ ഒന്നിപ്പിക്കാനോ, ദിശാബധം നല്‍കാനോ കഴിയും വിധം സംഘടിത തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനം ശക്തിപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍, നിലവിലുള്ള തൊഴിലാളിവര്‍ഗ്ഗ കേന്ദ്രയൂണിയനുകള്‍ പിന്തിരിപ്പന്‍, പരിഷ്‌ക്കരണവാദ ശക്തികളുടെ പിടിയിലായിരിക്കുമ്പോള്‍ ഈ പോരാട്ടങ്ങള്‍ അസംഘടിതമോ, പെട്ടന്നുള്ള പൊട്ടിത്തെറികളോ ആവുക സ്വാഭാവികമാണ്.
അവയ്ക്ക് നിയതമായ ഒരു നേതൃത്വം തന്നെ ഉണ്ടാവില്ല. ഇക്കാരണങ്ങളാല്‍ അവയ്‌ക്കെതിരെ പുലഭ്യം പറയുന്നവര്‍ എന്‍.ജി.ഒകളോ അധികരിവര്‍ഗ്ഗത്തിന്റെ ഭാഗത്തുള്ളവരോ അല്ലെങ്കില്‍ ദണ്ഡകാരണ്യത്തില്‍ നിന്ന് എകെ 47-നുമായി മാവോയിസ്റ്റുകള്‍ വരുന്നതു മാത്രമാണ് വിപ്ലവമെന്നു ശഠിക്കുന്ന അരാജക ബുദ്ധിജീവികളോ ആകട്ടെ, അവരെല്ലാം ആത്യന്തികമായി ആധിപത്യ ശക്തികളെയാണ് സേവിക്കുന്നത്.
വര്‍ഗ്ഗസമരം ഇങ്ങനെയാണ് വര്‍ത്തമാന സഹചര്യത്തില്‍ ലോകത്തിലെങ്ങും പൊട്ടിപ്പുറപ്പെടുക. ഇവയില്‍നിന്ന് പരിഷ്‌ക്കരണവാദികളും തിരുത്തല്‍ വാദികളും ഓടിയൊളിക്കും. ചിലര്‍ ഇവക്കു മുന്നേ ഓടി അതിസാഹസിക നാട്യങ്ങള്‍ കാട്ടിയേക്കാം.
പക്ഷേ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ടത് അവയെ ഒന്നിപ്പിക്കാന്‍, സമൂഹ്യ വിപ്ലവത്തിന്റെ ദിശയിലേക്കു നയിക്കാന്‍ നിരന്തരം ശക്തി ആര്‍ജിച്ചുകൊണ്ട്, ഇവയുടെ ഭാഗംചേര്‍ന്ന്, അതേസമയം ഒരടി മുന്നില്‍ ദിശാബോധം നല്‍കാന്‍ ശ്രമിച്ചുകൊണ്ട് മുന്നോട്ടു മാര്‍ച്ചു ചെയ്യുകയാണ്.
പുത്തന്‍ അധിനിവേശകാലത്തെ വിപ്ലവ പാതയെപ്പറ്റി വ്യക്തതയുള്ളവര്‍ക്കു മാത്രമേ ഇത്തരം പൊട്ടിത്തെറികളെ ശരിയായി വിലയിരുത്തി, ഇവയോടൊപ്പം മാര്‍ച്ചുചെയ്ത് ഇവക്കു ദിശാബോധം നല്‍കാനാകൂ. ഇതിനായിരിക്കണം കമ്മ്യൂണിസ്റ്റുകാരുടെ നിരന്തര പരിശ്രമം.
കടപ്പാട്: സഖാവ് 2013 ജനുവരി ലക്കം
ചേര്‍ത്ത് വായിക്കാന്‍
കര്‍ശന നിയമങ്ങളോ പുരുഷാധിപത്യ ബോധമോ സ്ത്രീയുടെ രക്ഷക്കെത്തില്ല
ജനകീയ സമരങ്ങള്‍ക്ക് മുമ്പില്‍ വിയര്‍ക്കുന്ന മാവോയിസ്റ്റുകള്‍
ജ്യോതിയെ കൊന്ന് സര്‍ക്കാര്‍ ഇന്ത്യന്‍ യുവത്വത്തെ അപഹസിച്ചിരിക്കുന്നു
റെയ്‌സീന കലാപം അഥവാ ദല്‍ഹി പ്രക്ഷോഭം