| Friday, 11th March 2022, 2:37 pm

ഞാനിട്ടിരിക്കുന്നത് കൈത്തറി വകുപ്പിന്റെ ഹാന്‍ടെക്സിന്റേതാണ്; വ്യവസായ മന്ത്രി പറയണമെന്ന് പറഞ്ഞതുകൊണ്ടാണ് ഇവിടെ പറയുന്നത്: കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിനിടെ കൈത്തറി ഉത്പന്നങ്ങളെ കുറിച്ചുള്ള ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പരാമര്‍ശം നിയമസഭയില്‍ ചിരിയുണര്‍ത്തി. താനിട്ടിരിക്കുന്ന ഷര്‍ട്ട് കൈത്തറിയുടേതാണെന്നും ഒരു പ്രചാരണത്തിന് വേണ്ടി വ്യവസായ മന്ത്രി പറഞ്ഞതുകൊണ്ടാണ് അക്കാര്യം സഭയില്‍ പറഞ്ഞതുമെന്നാണ് മന്ത്രി പറഞ്ഞത്.

‘കൈത്തറി നല്ല വസ്ത്രം തന്നെയാണ്. ഞാനിട്ടിരിക്കുന്നതും കൈത്തറി വകുപ്പിന്റെ ഹാന്‍ടെക്സിന്റേതാണ്. ഒരു പ്രചാരണത്തിന് വേണ്ടി വ്യവസായ മന്ത്രി പറയണമെന്ന് പറഞ്ഞതുകൊണ്ടാണ് ഇവിടെ പറയുന്നത് കൈത്തറി നന്നായിട്ട് പ്രോത്സാഹിപ്പിക്കണം,’ മന്ത്രി പറഞ്ഞു.

ഇത് കേട്ടതോടെ തൊട്ടടുത്തിരുന്ന വ്യവസായ വകുപ്പ് മന്ത്രിയും പ്രതിപക്ഷവും ഉള്‍പ്പടെയുള്ളവര്‍ പൊട്ടിചിരിക്കുകയായിരുന്നു.

‘കമാന്‍ഡോ ഷര്‍ട്ടാണത്, കമാന്‍ഡോ,’ എന്നായിരുന്നു ധനമന്ത്രിയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.

ഹാന്‍ടെക്സിന്റെ പുതിയ ബ്രാന്‍ഡ് ഷര്‍ട്ടുകളാണ് കമാന്‍ഡോ. കഴിഞ്ഞ ഡിസംബറില്‍ നടന്‍ മോഹന്‍ലാലാണ് കമാന്‍ഡോ ഷര്‍ട്ടുകള്‍ പുറത്തിറക്കിയിരുന്നത്.

കേരളത്തിലെ ഖാദി വില്‍പനയുടെ 30 ശതമാനവും ഖാദി പട്ടാണെന്നും ഖാദി സില്‍ക്ക് നെയ്ത്ത് യൂണിറ്റുകള്‍ ശക്തിപ്പെടുത്തുന്നതിനായി പദ്ധതി തയ്യാറാക്കുമെന്നും ഇതിനായി 16.10 കോടി രൂപ വകയിരുത്തുന്നുവെന്നും
കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

കൈത്തറി യന്ത്രത്തറി മേഖലയില്‍ സാങ്കേതിക വിദ്യാ നവീകരണവും അതുവഴി മൂല്യവര്‍ധിത ഉല്‍പാദനവും വലിയ നിലയില്‍ സാധ്യമാക്കേണ്ടതുണ്ട്. ഉല്‍പന്നങ്ങളുടെ വിപണനത്തെ സഹായിക്കുന്നതിനായി മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവ് നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

കൈത്തറി മേഖലയ്ക്ക് 40.56 കോടി രൂപയും യന്ത്രത്തറി മേഖലയക്ക് 16.17 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയത്.


Content Highlights: KN Balagopalan about handtex

We use cookies to give you the best possible experience. Learn more