| Saturday, 18th June 2022, 11:00 am

കേന്ദ്ര കണക്കില്‍ വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചുനിര്‍ത്തിയ സംസ്ഥാനം കേരളം: കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ മെയ് മാസത്തിലെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിലെ ഉപഭോക്തൃ വില സൂചിക (Consumer Price Index) ഏപ്രില്‍ മാസത്തിലെ 5.1 ല്‍ നിന്നും മെയ് മാസത്തിലെത്തുമ്പോള്‍ 4.82 ആയി കുറഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

ദേശീയ ശരാശരി 7.04 ആയിരിക്കെയാണ് കേരളത്തിന്റെ മികച്ച പ്രകടനം. ശക്തമായ പൊതുവിതരണ സമ്പ്രദായവും പൊതുവിപണിയില്‍ സര്‍ക്കാര്‍ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇതിന് കേരളത്തെ പര്യാപ്തമാക്കിയത്. സപ്ലൈകോയിലൂടെ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില ആറുവര്‍ഷമായി സംസ്ഥാനത്ത് കൂട്ടിയിട്ടില്ല.

കഴിഞ്ഞ 12 മാസമായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്. ഇടതുപക്ഷം രാജ്യത്തിന് മുന്നില്‍വെയ്ക്കുന്ന ബദല്‍ വികസന രാഷ്ട്രീയത്തിന്റെ വിജയമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് ജീനോമും ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്കും സംയുക്തമായി തയ്യാറാക്കിയ ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍(ജി.എസ്.ഇ.ആര്‍) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ കേരളം ഏഷ്യയില്‍ തന്നെ ഒന്നാം സ്ഥാനം നേടിയിരുന്നു.

വ്യവസായ മന്ത്രി പി. രാജീവാണ് ഇക്കാര്യം അറിയിച്ചിരുന്നത്. ലോകശ്രദ്ധ ആകര്‍ഷിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന നേട്ടമാണ് ഇതിലൂടെ കൈവരിക്കാന്‍ സാധിച്ചതെന്ന്
മന്ത്രി രാജീവ് പറഞ്ഞിരുന്നു.

‘താരതമ്യേന ജീവിതച്ചിലവ് കുറഞ്ഞ നാടായ കേരളം ഈ മേഖലയില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. 2020ലെ റിപ്പോര്‍ട്ടില്‍ ലോക റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനമായിരുന്നു കേരളത്തിനുണ്ടായിരുന്നത്. ഈ നേട്ടത്തിന് പുറമെ വെഞ്ച്വര്‍ നിക്ഷേപങ്ങളുടെ കാര്യത്തിലും മികച്ച നിക്ഷേപ സമാഹരണം നടത്തുന്ന സമൂഹമെന്ന നിലയിലും കേരളം പട്ടികയില്‍ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. വെഞ്ച്വര്‍ നിക്ഷേപങ്ങളുടെ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിച്ച ആദ്യ മൂന്ന് സ്ഥലങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഫാബ് ലാബുകളും എം.എസ്.എം.ഇ ക്ലസ്റ്ററുകളും വലിയ രീതിയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ വ്യാപനത്തിന് സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു,’ എന്നായിരുന്നു മന്ത്രി രാജീവ് അറിയിച്ചിരുന്നത്.

Content Highlights: KN Balagopal Says According report of the Central Government, Kerala is the state that has most effectively curbed inflation in the country. 

We use cookies to give you the best possible experience. Learn more