തിരുവനന്തപുരം: കേരളത്തിനെതിരായ നിലപാടാണ് ദല്‍ഹിയില്‍ യു.ഡി.എഫ് എം.പിമാര്‍ സ്വീകരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറച്ചുവെന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട പണത്തെക്കുറിച്ച് യു.ഡി.എഫ് എം.പിമാര്‍ സംസാരിക്കുന്നില്ലെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്നും പത്രസമ്മേളനത്തില്‍ ബാലഗോപാല്‍ പറഞ്ഞു.
‘കേരളത്തിന് കിട്ടേണ്ട മൂന്ന് നാല് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടുള്ള മെമ്മോറാണ്ടം കൊടുക്കുന്നതില്‍ യു.ഡി.എഫ് എം.പിമാര്‍ പങ്കാളികളായില്ല. നമ്മുടെ താത്പര്യം സംരക്ഷിക്കാതെ കേരളത്തിനെതിരായ നിലപാടാണ് യു.ഡി.എഫ് എം.പിമാര്‍ ദല്‍ഹിയില്‍ സ്വീകരിക്കുന്നത്. എല്ലാ കാര്യത്തിലും അവര്‍ ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ മുഖ്യമന്ത്രി പറഞ്ഞതാണ്. കേരളത്തിലെ വിവിധ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിനെതിരായ ക്യാംപെയ്ന്‍ എന്ന രീതിയില്‍ പുറത്ത് പറയുകയാണ്. യാതൊരു ന്യായീകരണവും ഇല്ലാതെ കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് യു.ഡി.എഫ് എം.പിമാര്‍ പെരുമാറുന്നത്.
കേരളത്തിന് നേരത്തെ കിട്ടിക്കൊണ്ടിരുന്ന ശതമാനം അനുസരിച്ചാണെങ്കില്‍ ഒരു ലക്ഷം കോടിയിലധികം രൂപ അഞ്ച് വര്‍ഷം കൊണ്ട് കിട്ടണം. കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട നികുതി വിഹിതത്തില്‍ 1.9 ശതമാനമാണ് കേരളത്തിനുള്ളത്. മുമ്പ് 3.8 ശതമാനമായിരുന്നു. അതായത് പത്താം ധനകാര്യ കമ്മീഷന്റെ സമയത്ത് കിട്ടുന്നതിന്റെ അമ്പത് ശതമാനമേ ഇപ്പോള്‍ കിട്ടുന്നുള്ളൂ. അതിനനുസരിച്ച് ഈ വര്‍ഷം 21000 കോടിയാണ് കിട്ടാന്‍ പോകുന്നത്. ശരിയായ പഴയ കണക്ക് അനുസരിച്ചാണെങ്കില്‍ 42000 കോടി കിട്ടേണ്ടതാണ്. അതില്‍ മാത്രം 21000 കോടിയുടെ കുറവുണ്ട്.
ഇടതുപക്ഷത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവര്‍ക്കുമുള്‍പ്പെടെയുള്ളവര്‍ക്ക് കിട്ടേണ്ട പണമാണത്. ആ പണം ലഭിക്കാതിരിക്കുന്നത് കേരളത്തിന്റെ ഭാവിയെ തന്നെ ബാധിക്കും. അത് പറയാന്‍ യു.ഡി.എഫ് എം.പിമാര്‍ തയാറാവുന്നില്ല. കൃത്യമായ കണക്കും തുകയും മാത്രം വെച്ചുള്ള മെമ്മോറാണ്ടമാണ് നമ്മള്‍ തയാറാക്കിയത്.
ഏറ്റവും കാര്യക്ഷമതയില്ലാതെയാണ് ഇവിടുത്തെ കാര്യങ്ങള്‍ നടക്കുന്നതെന്നാണ് അവര്‍ കൊടുത്ത മെമ്മോറാണ്ടത്തില്‍ എഴുതിയിരുന്നത്. മൂന്നാല് പാരഗ്രാഫ് എഴുതി ഏറ്റവും അവസാനത്തെ വരിയില്‍ കേരളത്തിന് കുറച്ച് ധനസഹായം ചെയ്യണം എന്ന് എഴുതിയിരിക്കുകയാണ്. കേരളത്തിന്റെ ഭാവിയെ ബാധിക്കുന്ന നിലപാടാണ് യു.ഡി.എഫ് എടുക്കുന്നത്,’ ബാലഗോപാല്‍ പറഞ്ഞു.
Content Highlight: KN Balagopal said that the UDF MPs in Delhi are taking a stand against Kerala