ഒരു ഗഡു ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; ബുധനാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനമന്ത്രി
Kerala News
ഒരു ഗഡു ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; ബുധനാഴ്ച മുതല്‍ വിതരണം തുടങ്ങുമെന്ന് ധനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2024, 12:33 pm

 

• ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു

• ബുധനാഴ്‌ച മുതൽ പെൻഷൻ വിതരണം തുടങ്ങും

• കഴിഞ്ഞ മാർച്ച്‌ മുതൽ എല്ലാ മാസവും പെൻഷൻ നൽകുന്നു

• പെൻഷൻ വിതരണത്തിന്‌ ഈ സർക്കാർ അനുവദിച്ചത്‌ 33,000 കോടി രൂപ

• നാമമാത്ര കേന്ദ്ര വിഹിതം 2023 ജൂലൈ മുതൽ കുടിശികയാണ്‌

 

തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചതായി ധനവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം പെന്‍ഷന്‍ ലഭിക്കുന്നത്. ബുധനാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങുമെന്നാണ് ധനമന്ത്രി അറിയിച്ചത്.

26.62 ലക്ഷം പേര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ തുക ലഭിക്കും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറുമെന്നും ധനകാര്യ വകുപ്പ് അറിയിച്ചു.

ഓണത്തിന്റെ ഭഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിരുന്നു. ഇതുവരെ 33,000 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്.

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണെന്നും ധനമന്ത്രി പറഞ്ഞു.

ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും കണ്ടെത്തുന്നത് സംസ്ഥാനമാണ്. രണ്ടു ശതമാനം മാത്രമാണ് കേന്ദ്രം വിഹിതമായി നല്‍കുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുന്നത്. ശരാശരി 300 രൂപവരെയാണ് കേന്ദ്രം സഹായം നല്‍കുന്നത്.

പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രുപയുമാണ്. ബാക്കിയുള്ള മുഴുവന്‍ തുകയും സംസ്ഥാനമാണ് കണ്ടെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലൈ മുതലുള്ള 400 കോടിയോളം രൂപ ഒക്ടോബര്‍ വരെ കുടിശികയുണ്ടെന്നും മന്ത്രി അറിയിച്ചു.

Content Highlight: KN Balagopal said that pension distribution will start from Wednesday