തിരുവനന്തപുരം: ഇന്ധനവില കുറയാന്‍ ജി.എസ്.ടി അല്ല പരിഹാരമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വില കുറയണമെങ്കില്‍ കേന്ദ്ര സെസ് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെസ് ഒഴിവാക്കിയാല്‍ ഇന്ധനവില 70ന് അടുത്തെത്തുമെന്നും മന്ത്രി പറഞ്ഞു.
ജി.എസ്.ടി കൗണ്‍സിലിന്റെ 45-ാമത് യോഗം വെള്ളിയാഴ്ച ലഖ്‌നൗവില്‍ നടക്കാനിരിക്കുകയാണ്. പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് യോഗം ചര്‍ച്ച ചെയ്‌തേക്കും.
കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്.
നിലവില്‍ രാജ്യത്ത് നൂറ് കടന്ന ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.
ഇതിന്റ അടിസ്ഥാനത്തിലാണ് യോഗം ഇക്കാര്യം പരിഗണിക്കുന്നത്. ജി.എസ്.ടി സംവിധാനത്തില്‍ വരുത്തുന്ന മാറ്റത്തിന് പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം.
സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: KN Balagopal on Petrol Diesal GST