Advertisement
Kerala News
കേന്ദ്രം എല്ലാമറിയുന്ന അമ്മാവനും, സംസ്ഥാനങ്ങള്‍ ഒന്നുമറിയാത്ത നഴ്‌സറി കുട്ടികളുമെന്ന നിലപാട് വേണ്ട; കേന്ദ്രസര്‍ക്കാരിനോട് ധനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 23, 02:29 am
Wednesday, 23rd June 2021, 7:59 am

തിരുവനന്തപുരം: കേന്ദ്രം എല്ലാമറിയുന്ന അമ്മാവനും, സംസ്ഥാനങ്ങള്‍ ഒന്നുമറിഞ്ഞുകൂടാത്ത നഴ്‌സറി കുട്ടികളുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേസരി സ്മാരക ട്രസ്റ്റിന്റെയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെയും മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി കുമ്പിളുമായി കേന്ദ്ര വാതിലില്‍ കാത്തുനില്‍ക്കുന്ന സ്ഥിതി തുടരാനാകില്ല. ഇത് സഹകരണ പാരസ്പര്യ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് സാഹചര്യത്തിലുള്ള അധിക വായ്പാ അനുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഉപാധികള്‍ ഏര്‍പ്പെടുത്തുന്നത് ശരിയല്ല. ഈ വര്‍ഷം അനുവദിച്ച നാലരശതമാനം വായ്പാ പരിധിയില്‍ ഒരു ശതമാനത്തിന് അധിക ഉപാധികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നടപ്പുവര്‍ഷത്തെ മൂലധനചെലവ് 12,000 കോടി രൂപയെങ്കിലും വര്‍ധിപ്പിച്ചാല്‍ മാത്രമെ അര ശതമാനം അനുമതി ഉപയോഗിക്കാനാകൂ. കെ.എസ്.ഇ.ബിയുടെ പുനഃസംഘടനയാണ് മറ്റൊരുപാധി. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍, ഡീസല്‍ നികുതി ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കേന്ദ്ര-സംസ്ഥാനങ്ങളുടെ പൊതുതീരുമാനമാണുണ്ടാകേണ്ടത്. ഇതിലൂടെയുണ്ടാകുന്ന വരുമാന നഷ്ടത്തില്‍ അഞ്ചുവര്‍ഷത്തേക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം.

നിലവില്‍ പെട്രോളിയം, സ്പിരിറ്റ് എന്നിവയില്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി അവകാശം. പൂരിത സ്പിരിറ്റിന്റെ നികുതി അവകാശം കേന്ദ്രത്തിന് നല്‍കണമെന്ന നിര്‍ദേശം കഴിഞ്ഞ ജി.എസ്.ടി. കൗണ്‍സിലില്‍ ബി.ജെ.പി. സംസ്ഥാനങ്ങളുള്‍പ്പെടെ എതിര്‍ത്തു. പ്രകൃതി വാതകത്തിന്റെ കാര്യത്തിലും ജി.എസ്.ടി. നിര്‍ദേശത്തെ സംസ്ഥാനങ്ങളാകെ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KN Balagopal on GST Union Govt