|

ഗിഫ്റ്റ് സിറ്റി ഗുജറാത്തില്‍ മാത്രം അംഗീകരിക്കുകയുള്ളുവെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി: കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

ഗിഫ്റ്റ് സിറ്റി ഗുജറാത്തില്‍ മാത്രം അംഗീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയതായി മന്ത്രി പറഞ്ഞു. കിഫ്ബിയെ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച അടിയന്തിര പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഗിഫ്റ്റ് സിറ്റിയ്ക്ക് വേണ്ടി 840 കോടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ടെന്നും എന്നാല്‍ കേന്ദ്രം പണം അനുവദിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം പ്രതിപക്ഷം അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഗൂഗിള്‍, ബാങ്ക് ഓഫ് അമേരിക്ക, ഒറാക്കിള്‍ തുടങ്ങിയ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഓഫീസുകള്‍ ഉള്‍പ്പെടുന്ന ടെക് നഗരമാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഉയരുന്നത്. എന്നാല്‍ കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനാല്‍ പദ്ധതി നടപ്പിലാക്കുന്നത് വൈകുകയാണ്.

വരുമാനദായകമായ പദ്ധതികള്‍ വേണമെന്നത് കിഫ്ബിയുടെ ആദ്യഘട്ടം മുതല്‍ക്കെയുള്ള നിലപാടാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും പ്രതിപക്ഷ നേതാവിന്റെ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ഉണ്ടായ വികസനങ്ങള്‍ താന്‍ എടുത്തുപറയുന്നില്ലെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

കിഫബിക്ക് ഡ്രിപ്പ് നല്‍കേണ്ടതില്ലെന്നും മന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു. കിഫ്ബി ഇല്ലായിരുന്നെങ്കില്‍ ദേശീയപാത ഉള്‍പ്പെടെയുള്ള വികസനങ്ങള്‍ വേഗത്തിലാകുമായിരുന്നു എന്ന് തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സാങ്കേതിക തടസങ്ങള്‍ ഉള്ളതിനാലാണ് പലയിടങ്ങളിലും പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതെന്നും അത് സഭയില്‍ ഇരിക്കുന്ന എല്ലാ എം.എല്‍.എമാര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക മേഖലയില്‍ 10 കോടി വരെയുള്ള പ്രൊജക്റ്റുകള്‍ക്ക് അഞ്ച് ശതമാനം പലിശയില്‍ കെ.എഫ്.സി വായ്പ നല്‍കുന്നുണ്ട്. 2 കോടി മുതല്‍മുടക്കിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും അഞ്ച് ശതമാനം പലിശയില്‍ പണം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ബിസിനസുകാരെ ബുദ്ധിമുട്ടിക്കരുതെന്ന നിലപാടാണ് സര്‍ക്കാരിനെന്നും മന്ത്രി വ്യക്തമാക്കി.

Content Highlight: KN Balagopal criticized the central government’ gift city action

Latest Stories