| Friday, 1st November 2024, 11:08 am

കോണ്‍ഗ്രസ് വിട്ടൊരു കളിയുമില്ല; ഇടത് നേതാക്കളുടെ ക്ഷണം തള്ളി കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോണ്‍ഗ്രസ് വിട്ട് ഒരു കളിയുമില്ലെന്ന് മുന്‍ വടകര എം.പി കെ. മുരളീധരന്‍. ഒക്ടോബര്‍ 13 വരെ പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ പറയില്ലെന്നും മുരളീധരന്‍ പറഞ്ഞു. നേരെ ചൊവ്വേയില്‍ പങ്കെടുത്ത മുരളീധരന്റെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രതികരണം.

ഇടതുനേതാക്കളുടെ ക്ഷണം നിരസിച്ചാണ് മുരളീധരന്‍ കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കുമെന്ന് അറിയിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് പ്രചരണത്തിനിറങ്ങുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ തന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് അപമാനിച്ചുവെന്നാണ് കെ. മുരളീധരന്‍ പറഞ്ഞത്. ആ പ്രതികരണം ഒരു ഷോക്കായി പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്നെ തൃശൂരിലേക്ക് മാറ്റാന്‍ മുന്‍നിരയില്‍ നിന്ന നേതാവാണ് അപമാനിച്ചതെന്നും കെ. മുരളീധരന്‍ വെളിപ്പെടുത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് അത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

പാലക്കാട് ഡി.സി.സി തന്നെ സ്ഥാനാര്‍ത്ഥിയായി ആഗ്രഹിച്ചിരുന്നുവെന്നും കെ. മുരളീധരന്‍ സ്ഥിരീകരിച്ചിരുന്നു. പക്ഷെ മുതിര്‍ന്ന നേതാവിന്റെ പ്രതികരണം അറിഞ്ഞപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചോളൂ എന്ന് താന്‍ പറഞ്ഞുവെന്നുമാണ് മുരളീധരന്‍ വെളിപ്പെടുത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു അണ്‍ഫിറ്റായ സ്ഥാനാര്‍ത്ഥിയാണെന്ന് പറയില്ല. ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ആ തീരുമാനം അന്തിമമാണ്. അതില്‍ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞിരുന്നു.

കരുണാകരന്റെ കുടുംബത്തെ കുറിച്ചുള്ള അധിക്ഷേപങ്ങളില്‍ തനിക്ക് മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്വീകരിച്ച തീരുമാനം അനുസരിച്ച്, ഇപ്പോഴും തന്റെ സഹോദരിയായ പത്മജ വേണുഗോപാലുമായി സംസാരിക്കാറില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ സ്വീകരിക്കേണ്ട നീക്കമായിരുന്നില്ല അന്നുണ്ടായത്. കരുണാകരന്റെ കുടുംബത്തിലെ ഒരു വ്യക്തി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അക്കാര്യത്തില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: KMuralidharan said there is no game to leave the Congress

We use cookies to give you the best possible experience. Learn more