| Saturday, 10th October 2020, 11:36 am

കെ.എം.എം.എല്ലില്‍ പുതുതായി സജ്ജമാക്കിയ ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലെ പുതിയ ഓക്സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് അധ്യക്ഷത വഹിച്ചത്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും തലയെടുപ്പുള്ള സ്ഥാപമാണ് കെ.എം.എം.എലെന്നും അവിടെ പുതിയ ഓക്‌സിജന്‍ പ്ലാന്റ് വരുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വ്യാവസായിക ആവശ്യത്തിന് മാത്രമല്ല, ആരോഗ്യരംഗത്തുകൂടി ഓക്‌സിജന്‍ അത്യാവശ്യമുള്ള ഒരു ഘട്ടമാണ് ഇത്. ഇത്തരമൊരു ഘട്ടത്തില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് വരുന്നത് വലിയ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണെന്നും മെഡിക്കല്‍ രംഗത്തു കൂടി ഓക്‌സിജന്‍ വിതരണം സാധ്യമാക്കിയാല്‍ അത് ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിനാകെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

50 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 70 ടണ്‍ പ്രതിദിന ശേഷിയുള്ള പ്ലാന്റ്, കെ.എം.എം.എല്ലിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.

ഊര്‍ജ്ജക്ഷമത കൂടിയതും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പ്ലാന്റിന്റെ പ്രവര്‍ത്തനം വൈദ്യുതി ചെലവ് കുറയ്ക്കും. ഓക്സിജന്‍ ലഭ്യതയില്‍ സ്വയംപര്യാപ്തത നേടുകയും ടൈറ്റാനിയം ഡയോക്സൈഡ് ഉല്‍പ്പാദനം പൂര്‍ണ തോതിലാവുകയും ചെയ്യും.

വ്യാവസായിക ആവശ്യങ്ങള്‍ക്ക് നിലവില്‍ 63 ടണ്‍ ഓക്‌സിജനാണ് ആവശ്യം. ഇതിന് പുറമെ ഏഴ് ടണ്‍ ദ്രവീകൃത ഓക്സിജന്‍ കൂടി ഉല്‍പ്പാദിപ്പിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ട്. കൊവിഡ് കാലത്ത് ആരോഗ്യമേഖലയിലടക്കം ഇവ പ്രയോജനപ്പെടുത്താം.

ടൈറ്റാനിയം ഡയോക്സൈഡ് നിര്‍മ്മാണത്തിലെ പ്രധാന ഘടകമായ ഓക്സിജന്റെ ദൗര്‍ലഭ്യം കെ.എം.എം.എല്ലിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. നിലവിലെ ഓക്സിജന്‍ പ്ലാന്റിന്റെ കാര്യക്ഷമത കുറഞ്ഞതും, ടൈറ്റാനിയം ഡയോക്സൈഡിന്റെ ഉല്‍പ്പാദനക്ഷമത കൂട്ടിയതുമാണ് പ്രതിസന്ധിക്ക് വഴിവെച്ചത്.

ഇതോടെ പുറത്ത് നിന്ന് ഓക്‌സിജന്‍ എത്തിച്ചാണ് ടൈറ്റാനിയം ഡയോക്‌സൈഡ് പ്ലാന്റ് പ്രവര്‍ത്തനം നടത്തിയത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.

നിലവില്‍ 63 ടണ്‍ ഓക്‌സിജനാണ് ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം. മിച്ചം വരുന്ന ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അടക്കം പുറത്തേക്ക് നല്‍കാന്‍ സാധിക്കും.

വ്യാവസായിക ആവശ്യങ്ങള്‍ക്ക് പുറത്ത് നിന്ന് ഓക്സിജന്‍ വാങ്ങാന്‍ പ്രതിവര്‍ഷം 12 കോടിയോളം രൂപ ചെലവായി. ഈ അധിക ചെലവ് ഒഴിവാക്കാന്‍ പുതിയ ഓക്സിജന്‍ പ്ലാന്റ് വരുന്നതോടെ സാധിക്കും. 50 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

കോവിഡിന്റെ പ്രതികൂല സാഹചര്യത്തിലും കഴിഞ്ഞ ആറ് മാസം കൊണ്ട് 17 കോടി രൂപ ലാഭമുണ്ടാക്കാന്‍ കെ.എം.എം.എല്ലിന് സാധിച്ചിട്ടുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അസംസ്‌കൃത വസ്തുവായ കരിമണലിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തത് പ്രവര്‍ത്തനം സുഗമമാക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more