കോഴിക്കോട്: കേരളത്തിലെ പൊതുമേഖല സ്ഥാപനമായ കെ.എം.എംഎല്‍ വിദേശ കമ്പനിയ്ക്ക് ഓക്‌സിജന്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇത് സര്‍ക്കാര്‍ തടഞ്ഞുവെന്നുമുള്ള വാര്‍ത്ത വ്യാജമാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍.
കേരളത്തിലെ മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ കൊണ്ടുപോയി സൂക്ഷിക്കുന്നതിനുള്ള ചുമതല ലിന്റെ എന്ന ജര്‍മ്മന്‍ കമ്പനിയ്ക്കാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പെസോയുടെ (പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസിവ് ഓര്‍ഗനൈസേഷന്‍) അനുമതിയോടെയാണ് ഓക്‌സിജന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ടണ്ണിന് 11,750 രൂപയുണ്ടായിരുന്നത് 10,000 രൂപയായി കെ.എം.എം.എല്‍ കുറച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ സ്വകാര്യ കമ്പനികള്‍ ടണ്ണിന് 50,000 രൂപ വില ഈടാക്കുമ്പോഴാണ് കെ. എം.എം.എല്ലിന്റെ ഈ നടപടി എന്നതും ശ്രദ്ധേയമാണ്,’ മന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു.
ഇത്തരം വസ്തുതകള്‍ മറച്ചുവെച്ച് ദുരുദ്ദേശത്തോടെ കമ്പനിക്കെതിരെ നല്‍കിയ വാര്‍ത്തയെ നിഷേധിക്കുകയും അധികാരികളെ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്രകുറിപ്പിന്റെ പൂര്‍ണ്ണരൂപം:
വിഷയം: 2021 ഏപ്രില്‍ 21 ന് മലയാള മനോരമ പേജ് നമ്പര്‍ 9 ല്‍ ” വിദേശ കമ്പനിക്ക് ഓക്സിജന്‍ വില്‍ക്കാനുള്ള കെ എം എം എല്‍ നീക്കം സര്‍ക്കാര്‍ തടഞ്ഞു” എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയെ സംബന്ധിച്ച്.
കേരളത്തില്‍ ആരോഗ്യമേഖലയ്ക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ് കെ എം എം എല്‍. 2020 ഒക്ടോബര്‍ 20 നാണ് പുതിയ ഓക്സിജന്‍ പ്ലാന്റ് കമ്പനിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ദിനംപ്രതി 70 ടണ്‍ ഉല്‍പാദനശേഷിയുള്ള പ്ലാന്റിലെ 63 ടണ്‍ വാതക ഓക്സിജനാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം. ഈ പ്ലാന്റില്‍ നിന്നും ദിനംപ്രതി 6 ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്യുകയാണ്. ദിനംപ്രതി ഈ പ്ലാന്റില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ദ്രവീകൃത ഓക്‌സിജന്‍ 6 മുതല്‍ 7 ടണ്‍വരെയാണ്. PESO (petroleum and explosive Safety Orgnization) യുടെ നിര്‍ദ്ദേശാനുസരണം തിരുവല്ലയിലെ ഓസോണ്‍ഗ്യാസ്, കൊച്ചിയിലെ മനോരമ ഗ്യാസ്, കോഴിക്കോട്ടെ ഗോവിന്ദ് ഗ്യാസ് എന്നീ മൂന്ന് ഏജന്‍സികള്‍ക്കാണ് മെഡിക്കല്‍ ആവശ്യത്തിനായി ദ്രവീകൃത ഓക്‌സിജന്‍ വിതരണം ചെയ്യുന്നത്.
കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലേക്ക് ഓക്സിജന്‍ കൊണ്ടുപോകുന്നതും അവിടെ സൂക്ഷിക്കുന്നതും പ്രത്യേക സുരക്ഷിതത്വം ഉറപ്പുവരുത്തിയ ക്യാപ്സൂളുകളിലാണ്. ഇതിന് പരിചയവും ശേഷിയുമുള്ള സ്ഥാപനങ്ങളെ തീരുമാനിക്കുന്നത് കെ എം എം എല്‍ അല്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഈ ചുമതല വഹിക്കുന്നത് ലിന്‍ഡെ എന്ന ജര്‍മന്‍ കമ്പനിയാണ്. ഈ കമ്പനിക്ക് നല്‍കിയാല്‍ മാത്രമേ കെ എം എം ല്ലിന്റെ ഓക്സിജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലഭ്യമാവുകയൊള്ളു. തിരുവനന്തപുരം ആര്‍ എം ഒ മെഡിക്കല്‍ കോളേജിലെ ആവശ്യത്തിനായി ലിന്‍ഡയ്ക്ക് ഓക്സിജന്‍ നല്‍കണം എന്ന് അറിയിച്ചതുകൊണ്ടാണ് പെസോയുടെ അനുമതിയോടെ ഈ കമ്പനിക്ക് ഓക്സിജന്‍ നല്‍കാന്‍ ആലോചിക്കുന്നത്. ഇതില്‍ എന്തെങ്കിലും അവ്യക്തതയോ നിഗൂഢതയോ ഒന്നുമില്ല. ഈ നടപടിക്രമത്തില്‍ എന്തെങ്കിസലും സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുമില്ല. രാജ്യത്തും സംസ്ഥാനത്തും ഇത്രയും ഗുരുതരമായ പ്രതിസന്ധി നില്‍നില്‍ക്കുമ്പോള്‍ ജീവല്‍പ്രധാനമായ ഈ പ്രക്രിയയെ അനാവശ്യമായ വിവാദമുണ്ടാക്കി വാര്‍ത്തകള്‍ എഴുതുന്നത് ഒരു സാമൂഹ്യ ദ്രോഹമാണ്.
കൂടാതെ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ടണ്ണിന് 11,750 രൂപയുണ്ടായിരുന്നത് 10,000 രൂപയായി കെ എം എം എല്‍ കുറച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ സ്വകാര്യ കമ്പനികള്‍ ടണ്ണിന് 50,000 രൂപ വില ഈടാക്കുമ്പോഴാണ് കെ എം എം എല്ലിന്റെ ഈ നടപടി എന്നതും ശ്രദ്ദേയമാണ്.
ഇത്തരം വസ്തുതകള്‍ മറച്ചുവെച്ച് ദുരുദ്ദേശത്തോടെ കമ്പനിക്കെതിരെ നല്‍കിയ വാര്‍ത്തയെ നിഷേധിക്കുകയും അധികാരികളെ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: KMML EP Jayarajan On Oxygen Supply Malayala Manorama