| Tuesday, 25th February 2014, 1:44 pm

കെ.എം.എം.എല്‍ രാസമാലിന്യം: അഞ്ച് ഗ്രാമങ്ങള്‍ ഉറങ്ങുന്നത് മാരകരോഗങ്ങളുടെ തണലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനുഷ്യാവകാശ ലംഘനം നടത്തുന്ന കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ആകുന്നില്ലെങ്കില്‍ വിഷം നല്‍കി ഞങ്ങളെ കൊല്ലൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്.


[share]

എസ്സേയ്‌സ് / ഇര്‍ഷാദ് തലകാപ്പ്‌

കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കെ.എം.എം.എല്ലില്‍ നിന്ന് പുറന്തള്ളുന്ന രാസമാലിന്യത്തിന്റെ ഫലമായി മാരക രോഗങ്ങളാല്‍ കഴിയുന്നത് അഞ്ചോളം ഗ്രാമങ്ങള്‍. കമ്പനി മുലം ഒരു ഭൂപ്രദേശം മുഴുവനായും ഉപയോഗ ശ്യൂനമായ ചരിത്രമാണ് ഇവിടത്തുകാര്‍ക്ക് പറയാനുള്ളത്.

കാന്‍സര്‍, ആസ്മ, കുഞ്ഞുങ്ങളുടെ ശരീരം പൊള്ളിയൊലിക്കല്‍ തുടങ്ങിയ രോഗങ്ങള്‍ നിത്യ കാഴ്ചയായ പ്രദേശത്തെ കുറിച്ചുള്ള ചിത്രം ഊഹിക്കാവുന്നതിനും അപ്പുറമാണ്.

കെ.എം.എം.എല്‍ കമ്പനിയില്‍ നിന്ന് പുറന്തള്ളുന്ന ആസിഡ് കലര്‍ന്ന വിഷമാലിന്യങ്ങള്‍ ചിറ്റൂര്‍, മേക്കാട്, കളരി, പന്മന, പൊന്മന എന്നീ പ്രദേശങ്ങളെ മാരക രോഗങ്ങളിലേക്ക് തള്ളിവിടാന്‍ തുടങ്ങിയിട്ട് നാളേറെയായി.

രാസമാലിന്യത്തെ കുറിച്ച് പലവിധ പഠനങ്ങള്‍ നടന്നെങ്കിലും, പല വാഗ്ദാനങ്ങളും നടന്നെങ്കിലും ചീഞ്ഞു നാറുന്ന ശരീരവുമായി ജീവിച്ചു മരിക്കാനാണ് ഇവിടുത്തെ ഗ്രാമവാസികളുടെ വിധി.

പന്മന പഞ്ചായത്തിലെ നാലു വാര്‍ഡുകളിലായി 400ലേറെ ഏക്കര്‍ പ്രദേശത്തെ 1500 കുടുംബങ്ങളാണ് മാലിന്യംമൂലം ഗുരുതരമായ രോഗങ്ങളും പരിസ്ഥിതി നാശവും നേരിടേണ്ടിവരുന്നത്.

അന്തരീക്ഷവായുവില്‍ വ്യാപിച്ചിരിക്കുന്ന ക്ലോറിന്റെ രൂക്ഷ ഗന്ധം മൂലം പ്രദേശവാസികള്‍ക്ക് ശുദ്ധവായു ശ്വസിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണം.

ശുദ്ധജലം കിട്ടാക്കനിയായ പ്രദേശത്ത് രാസമാലിന്യം മൂലം മണ്ണിന് ഓറഞ്ചും മഞ്ഞയും കലര്‍ന്ന നിറമാണ്. മണ്ണില്‍ മണ്ണിര പോലും ഇല്ലാത്ത സ്ഥിതിയാണ്. കുഞ്ഞുങ്ങളും മുതിര്‍ന്നവരുമടക്കമുള്ള വലിയൊരു വിഭാഗം കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളുടെ പിടിയിലാണ്.

ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ആകുന്നില്ലെങ്കില്‍ വിഷം നല്‍കി ഞങ്ങളെ കൊല്ലൂ

കിണറുകളും, ജലസ്രോതസ്സുകളും ഉണ്ടായിട്ടും വെള്ളം ഉപയോഗശൂന്യമായ അവസ്ഥയിലാണ്. കാര്‍ഷിക വിളകളും നെല്‍പ്പാടങ്ങളും കരിഞ്ഞുണങ്ങി. ഗുരുതരമായ അന്തരീക്ഷ-പരിസരമലിനീകരണത്തെ തുടര്‍ന്ന് പ്രദേശത്ത് ജന്തുജാലങ്ങളൊന്നും തന്നെ ഇല്ലാതായി.

നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയെങ്കിലും അധികൃതരുടെ അനാസ്ഥ ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവശ്യങ്ങളെ ചോദ്യം ചെയ്യുന്ന്ത് തുടരുകയാണ്.

കരിമണലില്‍ നിന്ന് ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്‍പാദിപ്പിച്ചതിനുശേഷം കമ്പനി പുറന്തള്ളുന്ന അവശിഷ്ടങ്ങളാണ് ഭീകരമായ മാലിന്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് ഗുരുതരമായ രോഗങ്ങള്‍ക്ക് വഴിവെക്കുന്നു.

മാലിന്യങ്ങളില്‍ നിന്നുള്ള മോണോസൈറ്റ്, ഇരുമ്പ് ഫല്‍റൈഡ്, മഗ്‌നീഷ്യം തുടങ്ങിയവ ജലാശയങ്ങളിലേക്ക് പടര്‍ന്ന് വെള്ളം മുഴുവന്‍ ആസിഡുമയമായിരിക്കുകയാണ്.

മനുഷ്യാവകാശ ലംഘനം നടത്തുന്ന കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ആകുന്നില്ലെങ്കില്‍ വിഷം നല്‍കി ഞങ്ങളെ കൊല്ലൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്.

തുടര്‍ന്ന് ചവറയുടെ ജനപ്രതിനിധിയായ മന്ത്രി ഷിബു ബേബി ജോണ്‍, മന്ത്രി കുഞ്ഞാലിക്കുട്ടി, ചീഫ് വിപ്പ് പി.സി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ സമരക്കാരുമായി സംസാരിക്കുകയും പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Photo courtesy : The Hindu

അടുത്തപേജില്‍ തുടരുന്നു


ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗബാധിതരുള്ള താലൂക്കെന്ന അവാര്‍ഡ് കരുനാഗപ്പള്ളിക്ക് നേടിക്കൊടുത്തത് കെ.എം.എം.എല്‍ കമ്പനിയില്‍നിന്ന് പുറന്തള്ളുന്ന വിഷവാതകം അടങ്ങിയ മാലിന്യങ്ങളാണ്. 2010ല്‍ ആര്‍.സി.സി നടത്തിയ പഠനത്തില്‍ പറയുന്നത് ഈ പ്രദേശത്തെ 25 ശതമാനം ആളുകളും കാന്‍സര്‍ ബാധിതരാണെന്നാണ്.


രൂക്ഷമായ മലിനീകരണ പ്രശ്‌നം ഉണ്ടെന്ന് കണ്ടെത്തിയ 150 ഏക്കറോളം പ്രദേശം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞയാഴ്ച അറിയിച്ചത് ആശ്വാസത്തിന് വക നല്‍കുന്നതാണെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സ്ഥിരം പല്ലവിയാകാതിരിക്കട്ടെ എന്നുള്ള പ്രാര്‍ത്ഥനയിലാണ് പ്രദേശവാസികള്‍.

കെ.എം.എം.എല്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ മൂലം കാന്‍സര്‍ അടക്കമുളള രോഗങ്ങള്‍ പിടിപെടുന്ന പന്മന പഞ്ചായത്തിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ജനങ്ങള്‍ക്കനുകൂലമായ നിലപാട് സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ താനും ജനങ്ങളോടൊപ്പം സമരം ചെയ്യുമെന്നും വി.എസ് അറിയിച്ചിരുന്നു.

150 ഏക്കറല്ല മലിനീകരണം ബാധിച്ച 400 ഏക്കറും സര്‍ക്കാര്‍ ഉടനടി ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.

ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗബാധിതരുള്ള താലൂക്കെന്ന അവാര്‍ഡ് കരുനാഗപ്പള്ളിക്ക് നേടിക്കൊടുത്തത് കെ.എം.എം.എല്‍ കമ്പനിയില്‍നിന്ന് പുറന്തള്ളുന്ന വിഷവാതകം അടങ്ങിയ മാലിന്യങ്ങളാണ്. 2010ല്‍ ആര്‍.സി.സി നടത്തിയ പഠനത്തില്‍ പറയുന്നത് ഈ പ്രദേശത്തെ 25 ശതമാനം ആളുകളും കാന്‍സര്‍ ബാധിതരാണെന്നാണ്.

പ്രദേശവാസികളെ മാത്രമല്ല കമ്പനിയുടെ രാസമാലിന്യം ബാധിക്കുന്നത്. ഫാക്ടറിയില്‍ നിന്നും വരുന്ന മാലന്യങ്ങളും ആസിഡും ടിയെസ് കനാല്‍വഴി വട്ടക്കായലിലും അതുവഴി അഷ്ടമുടിക്കായലിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

കരയാന്‍ കണ്ണുനീര്‍ പോലും വറ്റിപ്പോയ പ്രദേശത്തെ ജനങ്ങള്‍ക്കായി ഇനി ശബ്ദമുയര്‍ത്തേണ്ടത് പൊതുജനമാണ്.

ഇത് തുടര്‍ന്നാല്‍ വരുന്ന പത്തുകൊല്ലത്തിനകം അഷ്ടമുടിക്കായലിലെ മുഴുവന്‍ മല്‍സ്യസമ്പത്തും ഇല്ലാതാകും.

എന്നാല്‍ ഫാക്ടറിയില്‍നിന്നുള്ള രാസമാലിന്യം ദുരിതം വിതക്കുന്ന പന്മന പഞ്ചായത്തിലെ ചിറ്റൂര്‍ വാര്‍ഡ് നിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് ഇന്നലെ നിവേദനം നല്‍കിയിട്ടുണ്ട്.

1991 ലെ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് ആക്ട് പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ എം.കെ സലിമാണ് കളക്ടര്‍ പ്രണബ് ജ്യോതിനാഥിന് നിവേദനം നല്‍കിയത്.

കളക്ടര്‍ ഉടന്‍ ദുരിതബാധിതപ്രദേശം സന്ദര്‍ശിച്ച് വെള്ളം, വായു, മണ്ണ് എന്നിവയ്ക്കുണ്ടായിട്ടുള്ള മലിനീകരണം വിലയിരുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാസമാലിന്യം അവിടത്തെ കെട്ടിടങ്ങള്‍ക്കുണ്ടാക്കിയിട്ടുള്ള ബലക്ഷയം സംബന്ധിച്ച പരിശോധന നടത്താന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കണമെന്നും നിവേദനത്തിലുണ്ട്.

സര്‍ക്കാര്‍ അടിയന്തിരമായി നടപടി കൈകൊണ്ടില്ലെങ്കില്‍ കേരള ഭൂപടത്തില്‍നിന്ന് ചവറ പ്രദേശം തന്നെ ഇല്ലാതാകും. കരയാന്‍ കണ്ണുനീര്‍ പോലും വറ്റിപ്പോയ പ്രദേശത്തെ ജനങ്ങള്‍ക്കായി ഇനി ശബ്ദമുയര്‍ത്തേണ്ടത് പൊതുജനമാണ്.

Photo courtesy : The Hindu

We use cookies to give you the best possible experience. Learn more