| Tuesday, 19th December 2017, 8:00 am

കെ.എം.സി.സി സ്‌കൂള്‍ ഫെസ്റ്റില്‍ എംബസി സ്‌കൂള്‍ ഒന്നാമത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എക്‌സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് 2017 ല്‍ ഇന്ത്യന്‍ എംബസ്സി സ്‌കൂള്‍ ഒന്നാമതെത്തി. ഇന്ത്യന്‍ എംബസ്സി സ്‌കൂള്‍ (255 പോയിന്റ് ), ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂള്‍ (190 പോയിന്റ് ), അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (135 പോയിന്റ് ) തുടങ്ങിയ സ്‌കൂളുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

റിയാദിലെയും പരിസരപ്രദേശങ്ങളിലെയും ഇന്ത്യന്‍ സ്‌കൂളുകളിലെ ഏകദേശം രണ്ടായിരത്തോളം കുട്ടികള്‍ ഫെസ്റ്റില്‍ പങ്കെടുത്തു. ഇന്റര്‍ സ്‌കൂള്‍ ക്വിസ്സ് മത്സരത്തില്‍ ദല്‍ഹി പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആര്‍ട്ട് എക്സിബിഷനില്‍ അല്‍ യാസ്മിന്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയപ്പോള്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനത്തുമെത്തി.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂളിലെ അദിവ് സുനില്‍ കുമാറും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അല്‍ ആലിയ സ്‌കൂളിലെ ഹാനിയ ഹസീബും വ്യക്തിഗത ചാമ്പ്യന്മാരായി. സുബൈര്‍ അരിമ്പ്രയുടെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി .പി മുസ്തഫ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അഷറഫ് വടക്കേവിള, ഷംനാദ് കരുനാഗപ്പള്ളി വി.ജെ നസ്‌റുദ്ധിന്‍, ഉബൈദ് എടവണ്ണ, സുലൈമാന്‍ ഊരകം, ഷഫീക് കിനാലൂര്‍, അഫ്താബ്, ഗഫൂര്‍ മാവൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മികച്ച അദ്ധ്യാപികക്കുള്ള പുരസ്‌കാരം നേടിയ മൈമൂന അബ്ബാസ്, സംഘാടന മികവിന് ഹഫ്‌സ ടീച്ചര്‍, ക്വിസ്സ് മാസ്റ്റര്‍ അമീന്‍ അരിമ്പ്ര എന്നിവര്‍ക്കു ഉപഹാരങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു .മുജീബ് ഉപ്പട സ്വാഗതവും ഷാഫി നന്ദിയും പറഞ്ഞു .

റിപ്പോര്‍ട്ട്: ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ

We use cookies to give you the best possible experience. Learn more