| Thursday, 15th April 2021, 9:03 am

അനധികൃത സ്വത്ത് സമ്പാദനകേസ്; കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനകേസില്‍ മുസ്‌ലീം ലീഗ് എം.എല്‍.എ കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. വ്യാഴാഴ്ച തന്നെ ഷാജിയ്ക്ക് നോട്ടീസ് നല്‍കും.

കഴിഞ്ഞ ദിവസമാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിരുന്നു.

2012 മുതല്‍ 2021 വരെയുളള കാലയളവില്‍ കെ.എം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയും സി.പി.ഐ.എം നേതാവുമായ എം.ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസ് എടുത്തത്.

അതേസമയം വിജിലന്‍സ് കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. ബന്ധുവിന്റ ഭൂമിയിടപാടിനായി കൊണ്ടുവന്ന പണമാണിതെന്ന് ഷാജി പറഞ്ഞതായി വിജിലന്‍സ് പറഞ്ഞു.

രേഖകള്‍ ഹാജരാക്കാന്‍ ഷാജി വിജിലന്‍സിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ തന്റെ ആകെ ചെലവ് 87.5 ലക്ഷം രൂപയെന്നാണ് ഷാജി സമര്‍പ്പിച്ച വിവിധ സത്യവാങ്ങ്മൂലങ്ങളില്‍ പറയുന്നതെങ്കിലും രണ്ട് കോടിയിലേറെ രൂപ ഷാജി ചെലവിട്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ഈ കാലയളവിലെ വരവു ചെലവുകളുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും വിജിലന്‍സ് പരിശോധിച്ചത്. രണ്ടിടത്തെയും വീടുകള്‍ ഷാജിയുടെ ഭാര്യ ആശയുടെ പേരിലാണ്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ വാങ്ങിയന്ന പരാതിയെത്തുടര്‍ന്ന് നേരത്തെ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റും ഷാജിക്കെതിരെ കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KM Shaji Vigilance Muslim League

We use cookies to give you the best possible experience. Learn more