കണ്ണൂര്‍: വളപട്ടണത്ത് ഭീഷണി പ്രസംഗവുമായി മുസ്‌ലിം ലീഗ് എം.എല്‍.എ കെ. എം ഷാജി. അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ തനക്കെതിരെ പ്രവര്‍ത്തിച്ചവര്‍ ആരായാലും എട്ടിന്റെ പണികൊടുക്കുമെന്നാണ് പ്രസംഗത്തിലെ ഭീഷണി.
കണ്ണൂര്‍ വളപട്ടണത്ത് സംഘടിപ്പിച്ച ലീഗിന്റെ പൊതു പരിപാടിയില്‍ വെച്ചാണ് ഭീഷണി പ്രസംഗം. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ലെന്നും ഷാജി പറഞ്ഞു.
‘തനിക്കെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് നീക്കങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും മറക്കില്ല. അവര്‍ക്കെല്ലാം എട്ടിന്റെ പണി നല്‍കും. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരെയും വെറുതെ വിടില്ല,’ എന്നായിരുന്നു ഷാജി പറഞ്ഞത്.
എം.എല്‍.എ സ്ഥാനത്ത് നിന്ന് തന്നെ അയോഗ്യനാക്കിയ നടപടി, പ്ലസ്ടു കോഴക്കേസിലെ വിജിലന്‍സ് കേസ് അന്വേഷണം എന്നിവ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഷാജിയുടെ പ്രസംഗം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചുവയുള്ള നോട്ടീസുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്ന പരാതിയിലാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്. എന്നാല്‍ ഈ ലഘുലേഖകള്‍ പൊലീസിന് മറ്റു ചിലര്‍ എത്തിച്ചു നല്‍കുകയായിരുന്നുവെന്നാണ് ഷാജിയുടെ ആരോപണം.
ഇത്തവണ തെരഞ്ഞൈടുപ്പില്‍ കാസര്‍ഗോഡ് വേണമെന്നാണ് ഷാജി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കാസര്‍ഗോഡ് മണ്ഡലം നല്‍കുന്നതില്‍ ലീഗിനകത്ത് തന്നെ പ്രതിഷേധമുണ്ട്.
വിജയസാധ്യതയുള്ള മണ്ഡലമായ കാസര്‍ഗോഡ് മണ്ഡലത്തില്‍ ജില്ലക്ക് പുറത്ത് നിന്നുള്ള ഒരാളെ പരിഗണിക്കുന്നതാണ് ലീഗിലെ ഒരു വിഭാഗത്തില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക