തിരുവനന്തപുരം: ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തില്‍ സംസ്ഥാനത്ത് സി.പി.ഐ.എം ഒരുപാട് മാറിയെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. മുന്‍പ് സംസ്ഥാനത്ത് ബി.ജെ.പി വളരാതിരിക്കാനുള്ള കാരണം സി.പി.ഐ.എം ആയിരുന്നുവെന്നും എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ചുവന്ന കൊടിയില്‍ കാവി പുരണ്ട് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘സംസ്ഥാനത്ത് ഒരു കാലത്ത് ബി.ജെ.പി വളരാതിരുന്നതിന്റെ കാരണം സി.പി.ഐ.എം ആയിരുന്നു. പക്ഷേ ഇന്ന് സ്ഥിതിഗതികള്‍ മാറിത്തുടങ്ങി. അധികാരം നിലനിര്‍ത്താന്‍ അവര്‍ എന്ത് തരം ഒത്തുതീര്‍പ്പിനും തയ്യാറായിക്കഴിഞ്ഞു.
ഒത്തുതീര്‍പ്പു രാഷ്ട്രീയം ആണ് ഈ മാറ്റങ്ങള്‍ക്ക് കാരണം. ചുവന്ന കൊടിയില്‍ കാവി പുരണ്ട് തുടങ്ങി. എന്നാല്‍ സി.പി.ഐ.എമ്മിന്റെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഇപ്പോഴും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങളോട് കൂറ് പുലര്‍ത്തുന്നവരാണ്. നേതാക്കളാണ് ഒത്തുതീര്‍പ്പുകള്‍ നടത്തുന്നത്,’ കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് കോണ്‍ഗ്രസിനെ എപ്പോഴും മൃദു ഹിന്ദുത്വ നിലപാടുകളുമായി ബന്ധപ്പെടുത്തുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. രാഹുല്‍ ഹിന്ദുവായതില്‍ എന്താണ് തെറ്റ്? മതനിരപേക്ഷത പരസ്യമായി പ്രഖ്യാപിക്കാനുള്ള ധൈര്യമാണ് ഇന്ത്യന്‍ മതേതരത്വമെന്നും ഒരു കപടവിശ്വാസി മാത്രമാണ് തന്റെ മതം മറച്ചുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഒരു പൗരനും അവരുടെ മതം വെളിപ്പെടുത്തുന്നതിന് ഭയപ്പെടേണ്ടതില്ല. മഹാത്മാ ഗാന്ധി പോലും താന്‍ ഹിന്ദുവാണെന്ന് പറയാന്‍ മടി കാണിച്ചിട്ടില്ല. അതിന് ആരും ഭയപ്പെടേണ്ടതില്ല. ഭരണഘടന അനുശാസിക്കുന്ന അവകാശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ.എമ്മില്‍ സ്ത്രീകളെ ഒരു പരിധിക്ക് മുകളില്‍ വളരാന്‍ അനുവദിക്കില്ലെന്നും അതിന്ററെ ഉത്തമ ഉദാഹരണമാണ് കെ.കെ. ശൈലജ ടീച്ചറെന്നും കെ.എം. ഷാജി പറയുന്നു. തങ്ങളുടെ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകമായ ഒരു വിഭാഗം തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാഹം മാത്രമല്ലെന്നും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും മാതാപിതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കുന്നുണ്ടെന്നും പൊതുവേദികളില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാന്‍ പാകത്തിനുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനങ്ങള്‍ നടക്കുകയാണെന്നും കെ.എം. ഷാജി പറയുന്നു. മറ്റ് വിഭാഗങ്ങളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങളില്‍ ഇനിയും പാര്‍ട്ടി മുന്നോട്ടുവരാനുണ്ടെന്നും അത് തീര്‍ച്ചയായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: KM shaji says cpim is saffronised