മുണ്ടക്കൈ ദുരന്തം; ക്യാമ്പില്‍ കഴിയുന്ന പതിനാല് കുടുംബങ്ങള്‍ക്ക് താത്കാലിക വീടൊരുക്കി കെ.എം ഷാജി
Kerala News
മുണ്ടക്കൈ ദുരന്തം; ക്യാമ്പില്‍ കഴിയുന്ന പതിനാല് കുടുംബങ്ങള്‍ക്ക് താത്കാലിക വീടൊരുക്കി കെ.എം ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2024, 10:59 pm

മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്ന പതിനാല് കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുങ്ങുന്നു. മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജിയുടെ ഇടപെടലിന് പിന്നാലെയാണ് പുതിയ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുങ്ങുന്നത്.

ദുരിത ബാധിതരെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ക്യാമ്പില്‍ തന്നെ തുടരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കുടുംബങ്ങള്‍ കെ.എം. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി സ്വദേശി തെറ്റുമ്മല്‍ അഹമ്മദ് തന്റെ ഉടമസ്ഥതയിലുള്ള മുട്ടില്‍ യതീംഖാന റോഡിലെ പതിനാല് ക്വാര്‍ട്ടേര്‍സുകള്‍ സൗജന്യമായി താമസത്തിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കെ.എം. ഷാജിയെ അറിയിച്ചത്.

ക്വാര്‍ട്ടേര്‍സിലേക്ക് താമസം മാറുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങളും ഷാജിയുടെ നേതൃത്വത്തിലുള്ള കാരുണ്യ സംഘം നല്‍കും. യഹ്യയ ഖാന്‍, ടി. ഹംസ തുടങ്ങിയ നേതാക്കളാണ് കെ.എം. ഷാജിയുടെ സംഘത്തിലുണ്ടായിരുന്നത്.

അതേസമയം ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് മാത്രമേ അവര്‍ക്ക് അഭിമാനത്തോടെ സ്വീകരിക്കാനാകൂ എന്ന് കെ.എം. ഷാജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റുള്ളവര്‍ നല്‍കുന്നതെല്ലാം ഔദാര്യം മാത്രമായേ അവര്‍ക്കനുഭവപ്പെടൂ എന്നും സര്‍ക്കാര്‍ നല്‍കുന്നതില്‍ അവരുടെ നികുതിപ്പണവും വിയര്‍പ്പിന്റെ അംശവുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വയനാട്ടില്‍ ഉരുള്‍പ്പൊട്ടലുണ്ടായ ചൂരല്‍മലയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തബാധിതര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഭക്ഷണം വിളമ്പിയ യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാരോട് കാണിച്ച ഈഗോ ഇരകളെ പുനരധിവസിപ്പിക്കുന്നതിലും സര്‍ക്കാരിനുണ്ടാകണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.

ലീഗിനെ ഒരു ചാരിറ്റബിള്‍ ഓഗനൈസേഷനായി ആരും ധരിക്കരുത്. അത് കൃത്യമായ നിലപാടുള്ള ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയാണ്. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുമെന്നും കെ.എം. ഷാജി അറിയിച്ചിരുന്നു.

Content Highlight: KM Shaji prepared a temporary house for the fourteen families staying in the camp after the Mundakai tragedy