കൊച്ചി: മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന കെ.എം. ഷാജിയുടെ വാദം തെറ്റാണെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നുണ്ട്. അഴിമതി കേസിലെ സാക്ഷികള്‍ ഭൂരിഭാഗവും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോ ഭാരവാഹികളാണെന്നും സര്‍ക്കാര്‍ പറയുന്നു. കോഴ നല്‍കിയെന്ന് സ്‌കൂള്‍ മാനേജര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയില്‍ സമ്മതിച്ചതായും സര്‍ക്കാര്‍ ഹരജിയില്‍ വാദിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ 13നാണ് പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ വിജിലന്‍സ് എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കിയത്. പ്ലസ് ടു കോഴ്സ് അനുവദിക്കാമെന്ന് പറഞ്ഞ് അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങി എന്നതായിരുന്നു ഷാജിക്കെതിരായ കേസ്.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് 2020ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ തുടര്‍ന്ന് വിജിലന്‍സ് അഴീക്കോട്ടെ ഷാജിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
റെയ്ഡില്‍ ഷാജിയുടെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം. ഈ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു.
ബൂത്ത് കമ്മിറ്റികളില്‍ നിന്ന് തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി പിരിച്ചെടുത്തതാണെന്നായിരുന്നു അന്ന് ഷാജി പറഞ്ഞത്. എന്നാല്‍ ഇത്രയും തുക പിരിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോ എന്ന് വിജിലന്‍സ് കോടതി അന്ന് ഷാജിയോട് ചോദിച്ചിരുന്നു. വിഷയത്തില്‍ ഇ.ഡിയും ഷാജിക്കെതിരെ കേസെടുത്തിരുന്നു.
എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടി തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് പ്ലസ് ടു കോഴക്കേസെന്നും ഇതില്‍ കൃത്യമായ അന്വേഷണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ലെന്നുമായിരുന്നു ഷാജി ആരോപിച്ചിരുന്നത്.
Content Highlights: km shaji plus two scam case, kerala govt appeals supreme court