തിരുവനന്തപുരം: എസ്.കെ.എസ്.എസ്.എഫിന്റെയും എം.എസ്.എമ്മിന്റെയും ഉള്‍പ്പടെയുള്ള മുസ്ലിം യുവാക്കള്‍ തീവ്രമായ വര്‍ഗ്ഗീയതയിലേക്ക് പോകുന്ന കാലത്ത് മതേതരത്തിന്റെ പക്ഷത്ത് നിര്‍ത്തിയത് എം.എം അക്ബറാണെന്ന് കെ.എം ഷാജി എം.എല്‍.എ. കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് കെ.എം ഷാജി ഇക്കാര്യം പറഞ്ഞത്.
“എന്തിനാണ് സര് എം.എം അക്ബറിനെ അറസ്റ്റ് ചെയ്തത്, ഞാന്‍ ഉള്‍പ്പടെയുള്ള യൂത്ത് ലീഗിന്റെ പ്രവര്ത്തകന്മാര്. അന്നത്തെ എം.എസ്.എഫ്-എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തീവ്ര വര്‍ഗ്ഗീയതയിലേക്ക് പോവുന്ന കാലത്ത് യുവാക്കളെ മതേതരത്തിന്റെ പക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച നേതാവാണ് എം.എം അക്ബര്‍.” – കെ.എം ഷാജി പറഞ്ഞു.
കേരളത്തില്‍ ശശികലയെപ്പോലെ വിഷം പ്രസംഗിക്കുന്ന നൂറ് കണക്കിന് ആളുകളെ വെറുതെ വിടുകയും ഇവരെ മാത്രം അറസ്റ്റ് ചെയ്യുന്നത് എന്ത് കൊണ്ടാണ്. സി.പി.ഐ.എമ്മിനാല്‍ ചുറ്റപ്പെട്ട കേരളത്തിലെ ഏത് കേന്ദ്രത്തിലും അവിടുത്തെ ന്യൂനപക്ഷം അരക്ഷിതാവസ്ഥയിലാണ്. അദ്ദേഹം പറഞ്ഞു.
ഷംസുദ്ധീന് പാലത്തിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തപ്പോള്‍ ശശികലയെ അതേ കേസില്‍ വെറുതെ വിട്ടെന്നും പറവൂരില്‍ ആര്.എസ്.എസുകാര്‍ക്ക് കസേര ഇട്ടു കൊടുത്തപ്പോള്‍ അവിടുത്തെ മുജാഹിദ് പ്രവര്‍ത്തകരെ ജയിലില്‍ അടച്ചെന്നും കെ.എം ഷാജി ആരോപിച്ചു.