| Tuesday, 30th November 2021, 9:56 am

മലബാറിലെ മാപ്പിളമാരുടെ കൈയിലെ കത്തി വലിച്ചെറിഞ്ഞ് പേന കൊടുത്തത് മുസ്‌ലിം ലീഗ്: കെ.എം. ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലബാര്‍ സമരത്തെക്കുറിച്ചുള്ള അതിവൈകാരിക പ്രചരണങ്ങളെ മുന്‍നിര്‍ത്തി ചരിത്രത്തെ തീവ്രപാതയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ അതിനെ മുസ്‌ലിം ലീഗ് എതിര്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി.

മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടപ്പിച്ച സെമിനാറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മലബാര്‍ സമരത്തിന്റെ ചരിത്രം പുനരാവിഷ്‌കരിച്ച് വികാരവും തീവ്രതയും ഇളക്കാന്‍ ആര് ശ്രമിച്ചാലും ലീഗ് എതിര്‍ക്കുമെന്ന് ഷാജി പറഞ്ഞു. ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാണ് സമൂഹം ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മലബാര്‍ സമരത്തില്‍ പോരാട്ടം നടത്തിയവരുടെ പ്രവര്‍ത്തനങ്ങള്‍ വലുതാണ്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം ഒരു സമൂഹം പ്രതികരിക്കേണ്ടത് അതത് കാലത്തിന്റെ അറിവും വിദ്യാഭ്യാസവും വെച്ചുകൊണ്ടാണ്. 1921ലെ ജനതക്ക് അങ്ങിനെ പ്രതികരിക്കാനേ കഴിയൂ,’ അദ്ദേഹം പറഞ്ഞു.

1921ന്റെ കഥകള്‍ പറഞ്ഞ് ആവേശം കൊള്ളുന്നവര്‍ ഒന്നുകൂടി ഓര്‍ക്കണം. മലബാര്‍ കലാപം തകര്‍ത്തുകളഞ്ഞ ഒരു വീഥിയില്‍ നിന്ന് ജനതയെ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു ചരിത്രമുണ്ട്. അന്ന് ആലി മുസ്‌ലിയാര്‍ അടക്കമുള്ളവര്‍ സമരത്തിന്റെ മുന്നിലേക്ക് കുതിച്ചു പോയപ്പോള്‍ അരുതെന്ന് പറയാന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ മഹാന്‍മാര്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


‘മലബാര്‍ കലാപം അടിച്ചമര്‍ത്തിപ്പോയ ഈ മണ്ണിനെ, എഴുന്നേറ്റ് നില്‍ക്കാന്‍ ഒരു നാമ്പില്ലാതെ പോയ ഈ മണ്ണിനെ പരിഷ്‌കരിച്ചെടുത്തത് കെ.എം. സീതി സാഹിബാണ്, ബാഫഖി തങ്ങളാണ്. ഖാഇദെ മില്ലെത്തിന്റെ ആദര്‍ശമാണ്,’ അദ്ദേഹം പറഞ്ഞു.

മലബാറിലെ മുസ്‌ലിങ്ങളുടെ കൈയിലെ കത്തി വലിച്ചെറിഞ്ഞ് പേന കൊടുത്തത് ലീഗാണെന്നും ഷാജി പറഞ്ഞു.

‘സി.എച്ച് മുഹമ്മദ് കോയയുടെ പ്രസംഗമുണ്ട്. വലിച്ചെറിയൂ ആ കത്തി നിങ്ങള്‍ അറബിക്കടലിലേക്ക് എന്ന്. മലബാറിലെ മാപ്പിളയുടെ കൈയിലെ കത്തി വലിച്ചെറിഞ്ഞ് അവന്റെ കയ്യിലേക്ക് പേന വെച്ചുകൊടുത്ത പ്രസ്ഥാനത്തിന്റെ പേരാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. ഓര്‍ക്കേണ്ട ചരിത്രത്തെ നേരാംവണ്ണം ഓര്‍ക്കണം. അതല്ലാതെ തകര്‍ന്നുപോയ ചരിത്രത്തെ, അപകടങ്ങളുണ്ടാക്കിയ ഒരു ചരിത്രത്തെ പുനരാവിഷ്‌കരിച്ച് തീവ്രതയുടെ പാതയിലേക്ക് ഒരു ജനതയെ കൊണ്ടുപോയി വിടാന്‍ ആര് ശ്രമിച്ചാലും അതിനെതിരെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നില്‍ക്കും,- കെ.എം ഷാജി പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഒരു പാട് ധാരയുണ്ടായിട്ടുണ്ട്. ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും രണ്ട് ധാരയായിരുന്നു. ബോസ് വിദേശ രാജ്യത്തേക്ക് പോയി ലോകത്തെ ഇന്ത്യക്കാരെ സംഘടിപ്പിച്ച് ഇന്ത്യക്കെതിരെ പോരാട്ടത്തിന് സജ്ജരാക്കി. പക്ഷെ ഗാന്ധിജി അതിനൊപ്പം നിന്നില്ല.

ജയിച്ചത് ഗാന്ധിജിയുടെ ക്ഷമയാണ്, സുഭാഷ് ചന്ദ്രബോസിന്റെ വയലന്‍സ് അല്ല. ഇന്ത്യ മാതൃകയാക്കേണ്ടത് ഗാന്ധിജിയെയാണെന്നും സുഭാഷ് ചന്ദ്രബോസിനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അതിന്റെ പേരില്‍ സുഭാഷ് ചന്ദ്രബോസ് ഈ രാജ്യത്തിന്റെ പോരാട്ട വീഥിയിലില്ലാത്തയാളാണ് എന്ന് പറയില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

‘1921ലെ സമരം നയിച്ചവരെ ചേര്‍ത്തു പിടിക്കുന്നു. സമരത്തിന്റെ വികാരത്തെ ഉള്‍ക്കൊള്ളുന്നു. പക്ഷെ ഈ നൂറ്റാണ്ടിലെ ജനതയെ നയിക്കേണ്ടത് വികാരമല്ല, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ വിവേകമാണ്. അതിനോടൊപ്പം നില്‍ക്കാനെ ഞങ്ങള്‍ക്ക് കഴിയൂ. ഇത് പറയുന്നതിന് ഒരു മടിയുമില്ല.- ഷാജി പറഞ്ഞു.

മലബാര്‍ സമരത്തേയും സമരപോരാളികളായ വാരിയംകുന്നത്തിനേയും ആലി മുസ്‌ലിയാരും സംഘപരിവാറും കേന്ദ്രസര്‍ക്കാരും തള്ളിപറഞ്ഞതോടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയത്. സി.പി.ഐ.എം, സി.പി.ഐ, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളെല്ലാം സംഘപരിവാര്‍ പ്രചരണത്തിനെതിരെ രംഗത്തുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KM Shaji on Malabar Riots Muslim League

We use cookies to give you the best possible experience. Learn more