കോഴിക്കോട്: മുസ്‌ലീം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. പിഴവുകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.
വേങ്ങേരി വില്ലേജില്‍ കെ.എം.ഷാജി നിര്‍മ്മിച്ച വീടിന്റെ കാര്യത്തിലാണ് കോര്‍പറേഷന്‍ ചട്ടലംഘനം കണ്ടെത്തിയത്. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍.
ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എം ഷാജി പ്ലാന്‍ ക്രമപ്പെടുത്തണം എന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നത്. അപേക്ഷയില്‍ പിഴവുകളുണ്ടെന്നും അത് തിരുത്തി വീണ്ടും നല്‍കണമെന്നുമാണ് കോര്‍പ്പറേഷന്‍ ഷാജിയോട് പറഞ്ഞിരിക്കുന്നത്.
5200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കോഴിക്കോട്ടെ വീട് അനുമതിയില്ലാതെയാണ് നിര്‍മ്മിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ ഷാജി നല്‍കിയത്.
എന്നാല്‍ അപേക്ഷയ്ക്ക് ഒപ്പം നല്‍കേണ്ട രേഖകളൊന്നും ഷാജി സമര്‍പ്പിച്ചിരുന്നില്ല. അപേക്ഷയില്‍ നികുതി അടച്ച രേഖകള്‍ ഒപ്പം വെച്ചിരുന്നില്ല.
ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളും ഇല്ല. നാല് വര്‍ഷമായി കെട്ടിട നികുതിയും വസ്തു നികുതിയും ആഢംബര നികുതിയും അടച്ചിട്ടില്ല
എന്നാല്‍ കെട്ടിടത്തിന് അനുമതിയില്ലെങ്കിലും ജല, വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടുണ്ട്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നഗരസഭയോട് വിശദീകരണം തേടിയിരുന്നു.
2013 ല്‍ 3200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കാനാണ് ഷാജി അനുമതി തേടിയത്. ഇപ്പോള്‍ ആ വീടിന്റെ വിസ്തൃതി 5200 സ്‌ക്വയര്‍ ഫീറ്റാണ്.
അതേസമയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴ ആരോപണത്തില്‍ ചോദ്യം ചെയ്യുന്നതിനായി നവംബര്‍ 10-ന് ഹാജരാകാന്‍ കെ.എം ഷാജിയോട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക