| Wednesday, 12th August 2015, 1:11 pm

യാക്കൂബ് മേമന്‍: ജേഷ്ഠന്‍ ടൈഗര്‍ മേമനില്ലാത്ത ദുഖം വധശിക്ഷയെ എതിര്‍ക്കുന്നവര്‍ക്ക് എന്തിനാണെന്ന് കെ.എം ഷാജി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യാക്കൂബ് മേമനെ പോലെ തെമ്മാടിത്തം ചെയ്തവനെ വധശിക്ഷ നല്‍കാതെ രാജ്യം താലോലിച്ച് പുന്നാരിക്കണമായിരുന്നോയെന്ന് മുസ്‌ലിം ലീഗ് എം.എല്‍.എ. കെ.എം ഷാജി  മേമന്‍ നിരപരാധിയാണെങ്കില്‍ കുറ്റമേറ്റെടുത്ത് ടൈഗര്‍ മേമന്‍ വരാമായിരുന്നെന്നും, സ്വന്തം ഏട്ടനില്ലാത്ത കണ്ണുനീരുമായി ചിലര്‍ വലിയ വായില്‍ സംസാരിക്കുമ്പോള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ആര് സംസാരിക്കുമെന്നും കെ.എം ഷാജി ചോദിച്ചു. തൂക്കു കയറിന്റെ മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ എസ്.വൈ.എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഷാജി.

ഇരുനൂറിലധികം നിരപരാധികള്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിലെ പ്രതിക്ക് ഒരു രാജ്യം എന്ത് ശിക്ഷയാണ് നല്‍കേണ്ടതെന്ന് വധശിക്ഷ വേണ്ടെന്ന് പറയുന്നവര്‍ മറുപടി പറയണമെന്നും ഇത്തരക്കാര്‍ക്ക് ജയില്‍ ശിക്ഷയാണ് നല്‍കേണ്ടതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഷാജി പറഞ്ഞു.

ഇപ്പോള്‍ ജയില്‍ ശിക്ഷ ഒരു ശിക്ഷയാണെന്ന് താന്‍ കരുതുന്നില്ല. കാരണം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തന്റെ മണ്ഡലത്തിലാണ്. ജയിലിനകത്തെ സുഖവും സന്തോഷവും എന്താണെന്ന് തനിക്കറിയാമെന്നും ഷാജി പറഞ്ഞു.

സെന്‍ട്രല്‍ ജയിലില്‍ വെള്ളമില്ലെന്ന് പറഞ്ഞപ്പോള്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും പണമെടുത്ത് താന്‍ വെള്ളം നല്‍കിയിട്ടുണ്ട്. വെള്ളം നല്‍കിയില്ലെങ്കില്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ തന്റെ നേര്‍ക്ക് വരുമെന്ന് പേടിച്ചിട്ടാണിതെന്നും ഷാജി പറഞ്ഞു.

പതിനായിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുമെങ്കില്‍ വധശിക്ഷയാണ് ഉത്തമമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് ഷാജി പറഞ്ഞു. മേമന്‍ വിഷയത്തില്‍ കുറ്റം പൂര്‍ണമായും തെളിയിച്ചോ എന്നാണ് ചോദ്യം. ദൈവത്തിനല്ലാതെ മറ്റാര്‍ക്കെങ്കിലും ഇത് തെളിയിക്കാനാകുമോ എന്നും അങ്ങനെ എങ്കില്‍ സൗദിയില്‍ നടപ്പിലാക്കുന്ന വധശിക്ഷ നൂറ് ശതമാനം ശരിയാണോ എന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ എന്നും ഷാജി ചോദിച്ചു. ദൈവത്തില്‍ വിശ്വാസമില്ലാത്ത ഇടതുപക്ഷം മേമനെ പിന്നെ എവിടെ വെച്ച് ശരിയാക്കാമെന്നാണ് കരുതുന്നതെന്നും ഷാജി ചോദിച്ചു.

യാക്കൂബ് മേമന് ടൈഗര്‍ മേമന്റെ കുടുംബ പാരമ്പര്യമുണ്ട്. തെരുവില്‍ പൊട്ടിത്തെറിച്ച് മരിക്കുന്ന നിരപരാധികള്‍ക്ക് മനുഷ്യാവകാശമില്ലെയെന്നും ഷാജി ഷാജി ചോദിച്ചു. നമ്മുടെ നാട്ടില്‍ ആര്‍ക്കും നിയമത്തെ ഭയമില്ലായെന്നും ഷാജി പറഞ്ഞു.

മനുഷ്യന്റെ ജീവന്റെ കാര്യത്തില്‍  മേമന്റെ ജീവന് 1 കോടി രൂപയും കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുക്കൂറിന്റെ ജീവന് 1 രൂപ എന്ന നിലയില്‍ ആവാന്‍ പാടില്ലെന്ന് സെമിനാറില്‍ പങ്കെടുത്ത ഡി.വൈ.എഫ്.വൈ നേതാവ് പ്രേംനാഥിന്റെ പേര് പരാമര്‍ശിച്ച് കൊണ്ട് ഷാജി പറഞ്ഞു.

മേമന്റെ വധശിക്ഷയില്‍ സ്വീകരിച്ച ധൃതി, തെരഞ്ഞെടുത്ത ദിവസം തുടങ്ങിയ വിഷയങ്ങളില്‍ എതിരഭിപ്രായം നില നില്‍ക്കുന്നണ്ടെന്നും ഷാജി പറഞ്ഞു.

അതേ സമയം മേമന്റെ വധശിക്ഷയെ കുറിച്ച് മൗനം പാലിക്കുന്നവര്‍ സത്യത്തെ ഭയപ്പെടുന്നവരാണെന്ന് സെമിനാറില്‍ പങ്കെടുത്ത ഡി.വൈ.എഫ്.വൈ നേതാവ് പി.കെ പ്രേംനാഥ് പറഞ്ഞു.

We use cookies to give you the best possible experience. Learn more