| Saturday, 17th July 2021, 2:44 pm

കെ.എം. ഷാജിയുടെ ഇഞ്ചികൃഷി കാണാന്‍ വിജിലന്‍സ് കര്‍ണാടകയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മുസ്‌ലീം ലീഗ് നേതാവ് കെ.എം. ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കാന്‍ വിജിലന്‍സ്. ഇഞ്ചികൃഷിയുണ്ടെന്നും കൃഷിയിലൂടെയാണ് തന്റെ വരുമാനമെന്നും ഷാജി മാധ്യമങ്ങളിലൂടെയടക്കം പ്രതികരിച്ചിരുന്നു.

ഇതോടെയാണ് ഷാജിയുടെ കൃഷി സംബന്ധിച്ച് വിവരം തേടി സംഘം കര്‍ണാടകയിലേക്ക് പോകാനൊരുങ്ങുന്നത്. ഇതിനോടകം പലതവണ വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു.

എന്നാല്‍ ഷാജി സമര്‍പ്പിച്ച ചില തെളിവുകളിലും പല മൊഴികളിലും പൊരുത്തക്കേടുണ്ടെന്നാണ് വിജിലന്‍സ് സംഘം കരുതുന്നത്. കൃഷിയില്‍ നിന്ന് സ്ഥിരവരുമാനമല്ലാത്തതിനാലാണ് സ്വത്തുവിവരത്തില്‍ ഇത് ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് ഷാജിയുടെ വാദം.

ഷാജിക്ക് വരവില്‍കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നവംബറില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് ഷാജിക്കെതിരെ വിജിലന്‍സും കേസെടുത്തത്.

കൃഷി തന്നെയാണോ അല്ലെങ്കില്‍ ഭൂമിയിടപാടുണ്ടോ തുടങ്ങിയ കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കും. കെ.എം ഷാജി വരവിനേക്കാള്‍ 166% അധികം സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.

2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്. ഷാജിക്കെതിരെ വിജിലന്‍സ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

മ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം, വിദേശയാത്രകള്‍ എന്നിവയ്ക്കടക്കമാണ് ഷാജി പണം ചെലവാക്കിയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KM Shaji Ginger Vigilance

We use cookies to give you the best possible experience. Learn more