| Saturday, 3rd October 2020, 11:41 pm

'ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാന്‍ പുറപ്പെട്ട ലാസ്റ്റ് ബസ് തന്നെയാണിത്' ; രാഹുല്‍ ഗാന്ധിയുടെ ഹാത്രാസ് സന്ദര്‍ശനത്തില്‍ കെ.എം ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളെ അഭിനന്ദിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇത് ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കാന്‍ രാഹുല്‍ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസ് തന്നെയാണെന്ന് കെ.എം. ഷാജി ഫേസ്ബുക്കില്‍ എഴുതി.

‘രാഹുല്‍ ഗാന്ധിയില്‍ തന്നെയാണ് പ്രതീക്ഷ. കേരളത്തിലെ പ്രോസംഘ് കാരാട്ട് പക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായ ചില ‘ചങ്കുകള്‍’ ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ തന്നെയാണ്! അത് കൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തില്‍ രാഹുലിന്റെ കൂടെ കൈ കോര്‍ക്കുന്നത്’- അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അതേ, ഇത് ലാസ്റ്റ് ബസ് തന്നെയാണ്; ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാന്‍ രാഹുല്‍ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസ്

ഫാസിസ്റ്റുകളും ഫാസിസ്റ്റു പൂജകരും വഴിയിലുടനീളം ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി ലക്ഷ്യത്തിലെത്താന്‍ താമസിച്ചേക്കാമെങ്കിലും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ബസ് ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യും; ഫാസിസ്റ്റുകള്‍ ഒരുക്കിയ ഉരുക്കുകോട്ടകള്‍ ഭേദിച്ചു രാഹുലും പ്രിയങ്കയും ഹത്രാസില്‍ എത്തിയിരിക്കുന്നു എന്നത് അതിന്റെ സൂചകം തന്നെയാണ്!

രാഹുല്‍ ഗാന്ധിയില്‍ തന്നെയാണ് പ്രതീക്ഷ. കേരളത്തിലെ പ്രോസംഘ് കാരാട്ട്പക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായ ചില ‘ചങ്കുകള്‍’ ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ തന്നെയാണ്!

അത് കൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തില്‍ രാഹുലിന്റെ കൂടെ കൈ കോര്‍ക്കുന്നത്

അത് കൊണ്ടാണ് യു ഡി എഫ് രാജകീയ ഭൂരിപക്ഷം നല്‍കി ആ പോരാളിയെ എം.പി ആക്കിയത്

കാരാട്ട് പക്ഷ പ്രോസംഘി സഖാക്കള്‍ അദ്ദേഹത്തെ ‘വയനാട് എം.പി’ ആക്കി കളിയാക്കുമ്പോള്‍ അവരുടെ തലതൊട്ടപ്പന്മാര്‍ക്ക് ഈ മനുഷ്യന്‍ രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ പടനായകന്‍ ആണ്.

രാഹുല്‍, അഭിമാനമാണ് നിങ്ങള്‍; പ്രതീക്ഷയും

കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാഹുലും പ്രിയങ്കയും ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു മടങ്ങിയത്. നീതിക്ക് വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാധ്യമങ്ങളോട് പറഞ്ഞു.

എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് നടന്നാല്‍ അവിടെ നീതി ഉറപ്പാക്കാന്‍ ഞങ്ങളുണ്ടാവും. ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ല,’-രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.’ തങ്ങളുടെ മകളെ അവസാനമൊരു നോക്ക് കാണാന്‍ പോലും കുടുംബത്തിന് കഴിഞ്ഞില്ല. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തങ്ങളുടെ ഉത്തരവാദിത്വം മനസ്സിലാക്കണം. നീതി നടപ്പാക്കുന്നതു വരെ ഞങ്ങള്‍ പോരാട്ടം തുടരും,’-പ്രിയങ്ക ഗാന്ധി പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുമായി സംസാരിച്ച ശേഷമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  KM Shaji Facebook Post About Hathras GangRapeCase

We use cookies to give you the best possible experience. Learn more