| Thursday, 6th February 2020, 3:34 pm

'ബംഗാളില്‍ പെണ്ണാണ് ഭരിക്കുന്നതെങ്കിലും'; സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി കെ.എം ഷാജി; പെണ്ണു ഭരിച്ചാലെന്താണെന്ന് ചോദിച്ച് കെ. കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെ.എം ഷാജിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നേതാക്കള്‍. ഒരു പെണ്ണായ മമതയുടെ ശൗര്യം പോലും മുഖ്യമന്ത്രി പിണറായി വിജയനില്ല എന്നായിരുന്നു ഷാജിയുടെ പരാമര്‍ശം.

പൗരത്വ ഭേദഗതി വിഷയത്തിലാണ് മമതാ ബാനര്‍ജിയെയും പിണറായി വിജയനെയും താരതമ്യം ചെയ്ത് കെ.എം ഷാജിയുടെ പരാമര്‍ശം.

‘എന്‍.പി.ആറിന്റെ മീറ്റിംഗില്‍ ബംഗാളില്‍ നിന്നും ആരും പോയില്ല. കാരണം അവിടെ പെണ്ണാണ് ഭരിക്കുന്നതെങ്കിലും ആണിനേക്കാള്‍ ശൗര്യമുള്ള പെണ്ണാണ് ഭരിക്കുന്നത്,’ ഷാജി പറഞ്ഞു.

ഷാജിയുടെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷ എം.എല്‍.എമാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പെണ്ണ് ഭരിച്ചാല്‍ എന്തായിരുന്നു കുഴപ്പമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ചോദിച്ചു.

‘പെണ്ണാണു ഭരിക്കുന്നതെങ്കിലും, എന്താണ് പെണ്ണിന് കുഴപ്പം? ആണിന്റെ അന്തസ്സു കാണിച്ചുന്ന് ഷാനിമോള്‍ ഉസ്മാന്റെ അടുത്തുനിന്ന് പറയാന്‍ ലജ്ജയില്ലേ,’ കെ. കെ. ശൈലജ ചോദിച്ചു.

കേരളത്തിലെയും ബംഗാളിലെയും മുഖ്യമന്ത്രിമാരെ താരതമ്യം ചെയ്ത് കെ.എം ഷാജി നടത്തിയ പരാമര്‍ശം അങ്ങേയറ്റം സ്ത്രീവരുദ്ധത നിറഞ്ഞതാണെന്നും അത് പരിശോധിച്ച് നീക്കം ചെയ്യണമെന്നും എം. സ്വരാജ് പറഞ്ഞു.

‘കേരളത്തിലെയും ബംഗാളിലെയും മുഖ്യമന്ത്രിമാരെ താരതമ്യം ചെയ്തു കൊണ്ട് ഷാജി നടത്തിയ പരാമര്‍ശം അങ്ങേയറ്റം സ്ത്രീവിരുദ്ധത നിറഞ്ഞതാണ്. അദ്ദേഹം ആണത്തം, പെണ്ണ് തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തിയിട്ട് സ്ത്രീത്വത്തെ അപമാനിക്കുന്ന ആധുനിക സമൂഹത്തെ അപമാനിക്കുന്ന അപരിഷ്‌കൃതമായ ഒന്നാണ് ഇവിടെ പറഞ്ഞത്. അത് പരിശോധിച്ച് നീക്കം ചെയ്യണം,’ എം.സ്വരാജ് എം.എല്‍.എയും പറഞ്ഞു.

കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പെണ്ണാണെങ്കിലും എന്ന പരാമര്‍ശം കെ. എം ഷാജി പിന്‍വലിച്ചു.

അതേ സമയം അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന മന്ത്രി എകെ ബാലന്റെ പ്രസ്താവനയെ സ്പീക്കര്‍ തള്ളി.
കെ.എം ഷാജിക്ക് വോട്ടവകാശമില്ലെന്നും വോട്ടവാകാശമില്ലാത്തൊരാള്‍ വോട്ടവകാശമുള്ള പ്രമേയം എങ്ങനെ അവതരിപ്പിക്കുമെന്നുമാണ് മന്ത്രി ചോദിച്ചത്.

സഭയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ മാത്രമാണ് സുപ്രീം കോടതി ഷാജിയെ വിലക്കിയതെന്നും സഭാ നടപടികളില്‍ പങ്കെടുക്കുന്നതില്‍ തടസ്സമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more