കോഴിക്കോട്: വീട്ടില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച് കെ.എം ഷാജി എം.എല്‍.എ. രണ്ട് ദിവസം കൂടി സാവകാശം വേണമെന്നാണ് വിജിലന്‍സിനോട് അപേക്ഷിച്ചത്.
നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചെലവിലേക്കായി സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുകയാണിതെന്നും ഇതിന് തെളിവായി രസീതുകള്‍ ഹാജരാക്കാമെന്നും കെ.എം ഷാജി പറഞ്ഞിരുന്നു.
എന്നാല്‍ ഈ രസീതുകള്‍ ശേഖരിക്കാന്‍ കുറച്ച് കൂടി സമയം വേണമെന്നാണ് കെ.എം ഷാജി പറഞ്ഞത്. അതേസമയം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തെ വിപുലീകരിച്ചു.
2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ.എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളും പരിശോധിക്കാനാണ് തീരുമാനം.
ഷാജിയുടെ വീട്ടില്‍നിന്ന് 47.35 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടൊപ്പം 77 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ തിങ്കളാഴ്ചയാണ് കെ.എം. ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. കോഴിക്കോട്ടെ പരിശോധന തിങ്കളാഴ്ച രാത്രിയോടെയും അഴീക്കോട്ടെ പരിശോധന ചൊവ്വാഴ്ച ഉച്ചയ്ക്കുമാണ് പൂര്‍ത്തിയായത്.
ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തിയിരുന്നു.
തുടര്‍ന്ന് ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം ആര്‍ ഹരീഷ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് കേസ് എടുത്തത്.
ഷാജിക്കെതിരെ വിജിലന്‍സ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം, വിദേശയാത്രകള്‍ എന്നിവയ്ക്കടക്കമാണ് ഷാജി പണം ചെലവാക്കിയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
കെ.എം ഷാജി വരവിനേക്കാള്‍ 166% അധികം സ്വത്ത് സമ്പാദിച്ചതായിട്ടാണ് വിജിലന്‍സ് കണ്ടെത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക