Kerala News
കെ.എം ഷാജിയുടെ കൃഷിയില്‍ നിന്നുള്ള വരുമാനവും അന്വേഷിക്കും; അന്വേഷണ സംഘം വിപുലീകരിക്കാന്‍ വിജിലന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 17, 06:53 am
Saturday, 17th April 2021, 12:23 pm

കോഴിക്കോട്: മുസ്‌ലീം ലീഗ് എം.എല്‍.എ കെ.എം ഷാജിയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാന്‍ വിജിലന്‍സ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ സമ്പാദ്യവും ചെലവും പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം.

ഒപ്പം കാര്‍ഷിക വരുമാനവും രണ്ട് വീടുകളുടെ മൂല്യവും പി.ഡബ്ല്യു.ഡി, സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ സഹായത്തോടെ കണക്കാക്കും. ഇതിനായാണ് കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കുന്നത്.

തിങ്കളാഴ്ച ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ നാലര മണിക്കൂറാണ് വിജിലന്‍സ് എസ്.പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ഷാജിയെ ചോദ്യം ചെയ്തത്.

വീട്ടില്‍ നിന്ന് പിടിച്ച പണത്തെ സംബന്ധിക്കുന്ന രേഖകള്‍ ഒരാഴ്ച്ചയ്ക്കകം ഹാജരാക്കുമെന്നാണ് ഷാജി വിജിലന്‍സിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അരക്കോടിയോളം വരുന്ന രൂപയുടെ ഉറവിടം കാണിക്കാന്‍ സമയം വേണമെന്ന കെ.എം ഷാജിയുടെ ആവശ്യം വിജിലന്‍സ് തള്ളി.

2011- 2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരവും വിജിലന്‍സ് പരിശോധിക്കും.

എന്നാല്‍ പിടിച്ചെടുത്തത് തെരഞ്ഞെടുപ്പിന് പിരിച്ച പണമാണെന്നും പരമാവധി രേഖകള്‍ ഹാജരാക്കിയെന്നുമാണ് ഷാജി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

അടുത്ത 23-നാണ് കേസ് കോടതി പരിഗണിക്കാനിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KM Shaji Agriculture Income Vigilance