നിയമസഭയിലേക്ക് ചാടിക്കയറാന്‍ താനില്ല; സ്പീക്കറുടെ പ്രതികരണം അസ്ഥാനത്താണെന്നും കെ.എം ഷാജി
Kerala News
നിയമസഭയിലേക്ക് ചാടിക്കയറാന്‍ താനില്ല; സ്പീക്കറുടെ പ്രതികരണം അസ്ഥാനത്താണെന്നും കെ.എം ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd November 2018, 8:47 pm

ന്യൂദല്‍ഹി: നിയമസഭയിലേക്ക് ചാടിക്കയറാന്‍ താനില്ലെന്ന് കെ.എം ഷാജി. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ പ്രതികരണം അസ്ഥാനത്തായിപ്പോയെന്നും കെ.എം.ഷാജി പറഞ്ഞു. എം.എല്‍.എ സ്ഥാനത്തുനിന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഷാജിക്ക് സഭയില്‍ വരാന്‍ സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം മതിയാകില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെ.എം ഷാജിയുടെ പ്രതികരണം. നേരത്തെ അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ.എം ഷാജി എം.എല്‍.എ നല്‍കിയ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. തിയ്യതി ഇപ്പോള്‍ നിശ്ചയിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.

Also Read  ആഭാസസമരം കോടതിവിധിക്കെതിരെയാണെന്ന് കേന്ദ്രമന്ത്രിമാര്‍ ഓര്‍ക്കണം; ഇത് ആപല്‍ക്കരമായ സന്ദേശമെന്നും തോമസ് ഐസക്ക്

കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് കോടതി ഉത്തരവൊന്നും പുറത്തിറക്കിയിരുന്നില്ല.

ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ അടിയന്തരമായി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം ഷാജി സുപ്രീം കോടതിയെ സമീപിച്ചത്. അയോഗ്യതയ്ക്ക് ഹൈക്കോടതി നല്‍കിയ സ്റ്റേ നാളെ അവസാനിക്കാനിരിക്കെയാണ് കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്.

ഹാരീസ് ബീരാന്‍ മുഖേനയാണ് കെ.എം ഷാജി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ഹൈക്കോടതി കെ.എം ഷാജിയെ അയോഗ്യനാക്കിയത്. വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ചായിരുന്നു നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.