|

മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായതിന് കുടുംബാംഗങ്ങള്‍ എന്ത് പിഴച്ചു?; സ്വത്ത് ജപ്തി ചെയ്യുന്നതില്‍ കെ.എം. ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി.

മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായതിന് കുടുംബാംഗങ്ങള്‍ എന്ത് പിഴച്ചുവെന്ന് ഷാജി ചോദിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോഴിക്കോട് നടന്ന യൂത്ത് ലീഗ് എസ്.പി ഓഫീസ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമുതല്‍ കണ്ടുകെട്ടാനുള്ള തീരുമാനങ്ങള്‍ ഏതെങ്കിലും ഒരു സംഘടനക്ക് നേരെ മാത്രം എടുക്കേണ്ടതല്ലെന്നും, വിധികള്‍ നടപ്പാക്കുന്നതില്‍ പോലും സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്നും ഷാജി ആരോപിച്ചു.

‘പൊതുമുതല്‍ കണ്ടുകെട്ടാനുള്ള തീരുമാനങ്ങള്‍ ഏതെങ്കിലും ഒരു സംഘടനക്ക് മാത്രം എതിരായി എടുക്കേണ്ടതല്ല. സുപ്രീം കോടതിയുടെ വിധിയുണ്ട്, ഹൈക്കോടതിയുടെ വിധിയുണ്ട്.

പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമി വല്യ വല്യ മുതലാളിമാരുടെ കയ്യില്‍ നിന്ന് പിടിച്ചെടുക്കാനുള്ള കോടതി വിധി അലമാരയില്‍ ഇരിക്കുമ്പോഴാണ് പത്തും പതിനഞ്ചും സെന്റുള്ളവരുടെ ഭൂമി ജപ്തി ചെയ്യാന്‍ ഇറങ്ങുന്നത്. കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ പോലും സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുന്നു,’ ഷാജി പറഞ്ഞു.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സംസ്ഥാന സര്‍ക്കാരനെതിരായ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും, അത് സര്‍ക്കാരിന്റെ വ്യാമോഹമാണെന്നും ഷാജി പറഞ്ഞു.

അതിനിടെ, മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്ന് ജപ്തി ചെയ്ത വസ്തു വകകളുടെ വിശദാംശം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

സ്വത്ത് കണ്ട് കെട്ടിയവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഹര്‍ത്താലിലെ നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിലാണ് കോടതി നിര്‍ദേശം.

Content Highlight: KM Shaji against Popular Front Leaders Property Attachment