മാന്യനല്ലാത്ത സ്ഥാനാര്‍ഥിയോട് മത്സരിച്ചു എന്ന അബദ്ധമേ പറ്റിയിട്ടുള്ളൂ, താന്‍ ജീവിതം കൊണ്ട് മതേതര വാദിയാണെന്ന് തെളിയിച്ച ആളാണെന്നും കെ.എം ഷാജി
Kerala News
മാന്യനല്ലാത്ത സ്ഥാനാര്‍ഥിയോട് മത്സരിച്ചു എന്ന അബദ്ധമേ പറ്റിയിട്ടുള്ളൂ, താന്‍ ജീവിതം കൊണ്ട് മതേതര വാദിയാണെന്ന് തെളിയിച്ച ആളാണെന്നും കെ.എം ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 5:12 pm

കോഴിക്കോട്: എല്ലാ വൃത്തികെട്ട കളികളും അറിയുന്ന ആളായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിയെന്ന് കെ.എം ഷാജി. ഇത് കോടതിയില്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു. മാന്യനല്ലാത്ത സ്ഥാനാര്‍ഥിയോട് മത്സരിച്ചു എന്ന ഒറ്റ അബദ്ധമേ പറ്റിയിട്ടുള്ളൂ എന്നും അഴിമതി കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഒരാളാണ് നോട്ടീസ് പിടിച്ചെടുത്തതെന്നും കെ.എം ഷാജി പറഞ്ഞു.

തനിക്കെതിരായ ഹൈക്കോടതി വിധി അപ്രതീക്ഷിതമാണെന്നും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഷാജി പറഞ്ഞു. താന്‍ ജീവിതം കൊണ്ട് മതേതര വാദിയാണെന്ന് തെളിയിച്ച ആളാണെന്നും ഷാജി പറഞ്ഞു.


അതേസമയം, കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തത്. അപ്പീലിനു പോകാനുള്ള സാവകാശം അനുവദിച്ചാണ് കോടതി നടപടി. ഒരുമാസത്തേക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെ.എം ഷാജി ആവശ്യപ്പെട്ടത്. എന്നാല്‍ അപ്പീല്‍ പോകാനായി രണ്ടാഴ്ചത്തേക്കു മാത്രം വിധി സ്റ്റേ ചെയ്യുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.

കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. വിധി പുറപ്പെടുവിച്ച അതേ ബെഞ്ച് തന്നെയാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കോടതി ചിലവിനത്തില്‍ 50,000 രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവെയ്ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നുരാവിലെയാണ് കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് വന്നത്. തെരഞ്ഞെടുപ്പില്‍ വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ പരാതിയിലായിരുന്നു കോടതി നടപടി. ഷാജിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജി അനുവദിച്ച് ജസ്റ്റിസ് പി.ഡി രാജന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് അഴീക്കോട് മണ്ഡലത്തില്‍ മതസ്പര്‍ധ വളര്‍ത്തുന് ലഘുലേഖ വിതരണം ചെയ്തെന്ന് പരാതിയില്‍ നികേഷ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടായിരുന്നു കെ.എം ഷാജിയെ കോടതി അയോഗ്യനാക്കി പ്രഖ്യാപിച്ചത്. അഴീക്കോട് നടന്ന തെരഞ്ഞെടുപ്പില്‍ തന്നെ വിജയിയാക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.