| Friday, 9th November 2018, 4:42 pm

സ്വകാര്യ കമ്പനിക്ക് ഫയര്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട് കെ.എം ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി വന്നതിനു ശേഷം മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി കെ.എം ഷാജി. സ്വകാര്യ കമ്പനിക്ക് ഫയര്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു എറണാകുളം കീരമ്പാറ പഞ്ചായത്ത് സെക്രട്ടറിയോട് നേരിട്ട് ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയാണ് ഷാജി ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

കെ.എം ഷാജി പുറത്തു വിട്ട ശബ്ദരേഖയില്‍, ലെന്റ് അക്വാ ഫുഡ്‌സ് ആന്‍ഡ് ബാക്കേഴ്‌സ് എന്ന സ്ഥാപനത്തിന് ബില്‍ഡിങ് പെര്‍മിറ്റ് കൊടുക്കാനുള്ള അപേക്ഷ അവിടെ ഇല്ലേ എന്ന് പി.എസ് ജോസ് മാത്യു സെക്രട്ടറിയോട് ചോദിക്കുന്നുണ്ട്. അത് കുടിവെള്ളത്തിനുള്ള അപേക്ഷയാണെന്നും സെക്രട്ടറി പറയുന്നുണ്ട്.


മറ്റുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പെര്‍മിറ്റിനു ശേഷമല്ലേ ആവശ്യമുള്ളൂ എന്ന് ജോസ് മാത്യു സെക്രട്ടറിയോട് ചോദിക്കുന്നു, അതിന് ഫയര്‍ ലൈസന്‍സ് വേണ്ടേ എന്ന് സെക്രട്ടറി മറുപടി പറയുമ്പോള്‍ നിശ്ചിത അവധിക്കകം ഫയര്‍ എന്‍.ഒ.സി നല്‍കണമെന്ന കണ്ടീഷന്‍ വെച്ച് ലൈസന്‍സ് അനുവദിക്കാനാണ് ജോസ് മാത്യു ആവശ്യപ്പെടുന്നത്. ചെറുകിട വ്യവസായമല്ലേ, നാളെ തന്നെ ലൈസന്‍സ് അനുവദിക്കണമെന്നും ജോസ് മാത്യു പറയുന്നുണ്ട്.

കെ.എം ഷാജിയ്ക്കെതിരായ ഹൈക്കോടതി വിധി വന്നതിനു ശേഷം, ഈ വിധി ലീഗിനും യൂത്ത് ലീഗിനും പടച്ചവന്‍ നല്‍കിയ ശിക്ഷ എന്നാണ് കെ.ടി ജലീല്‍ പ്രതികരിച്ചത്. അന്യായം പറഞ്ഞ് അപവാദം പ്രചരിപ്പിച്ച് അപമാനപ്പെടുത്താന്‍ ശ്രമിച്ചതിന് ലീഗിനും യൂത്ത് ലീഗിനും പടച്ചവന്‍ നല്‍കിയ ശിക്ഷയാണിതെന്ന് കെ.ടി ജലീല്‍ പറഞ്ഞത്.

“എന്തൊക്കെയായിരുന്നു ഇവരൊക്കെ ഫേസ്ബുക്കിലും സോഷ്യല്‍മീഡിയയിലും പ്രചരിപ്പിച്ചിരുന്നത്. ഇതൊക്കെ മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ടെന്ന വിചാരം ഇവര്‍ക്കൊക്കെ ഉണ്ടാകണ്ടേ. ഏതായാലും ഇതൊക്കെ ഉന്നയിച്ച ആളുകളെയും കാത്തിരിക്കുന്നത് സമാനമായ അനുഭവങ്ങളാകുമെന്ന് ഇവരൊക്കെ മനസിലാക്കിയാല്‍ നന്നാകും” കെ.ടി ജലീല്‍ പറഞ്ഞിരുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടുപോകും. എന്തൊക്കെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നാലും, വര്‍ഗ്ഗീയതക്കും അഴിമതിക്കുമെതിരായ പോരാട്ടം തുടരും. ആ ബ്ലാക്ക് ജീനിയസിന്റെ മറ്റൊരു മുഖംമൂടി കൂടി വെളിപ്പെടുത്തുകയാണ്.

സ്വകാര്യ കമ്പനിക്ക് ഫയര്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖയാണിത്. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് ലൈസന്‍സ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്.

ഫയര്‍ ലൈസന്‍സ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോള്‍ നിശ്ചിത അവധിക്കകം ഫയര്‍ എന്‍.ഒ.സി നല്‍കണമെന്ന കണ്ടീഷന്‍ വെച്ച് ലൈസന്‍സ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസന്‍സ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു.
കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയില്‍ മുക്കിയാണ് കെ.ടി ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകള്‍ വന്നുകൊണ്ടേയിരിക്കും.

Latest Stories

We use cookies to give you the best possible experience. Learn more