Kerala News
ലോകത്തിലെ കോടീശ്വരന്‍മാരെല്ലാം എന്തെങ്കിലുമൊക്കെ കണ്ടുപിടിച്ചിട്ടുണ്ട്, അദാനിയും അംബാനിയും കണ്ടുപിടിച്ചത് മോദിയെ; കെ.എം. ഷാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 18, 12:40 pm
Thursday, 18th April 2024, 6:10 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. എല്ലാ കോടീശ്വരന്‍മാരും ലോകത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ കണ്ടുപിടിച്ചവരാണ്, എന്നാല്‍ ഇന്ത്യയിലെ കോടീശ്വരന്‍മാരായ അദാനിയും അംബാനിയും കണ്ടുപിടിച്ചത് മോദിയെ ആണെന്ന് കെ.എം. ഷാജി പറഞ്ഞു.

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദിയെ കണ്ടുപിടിച്ചത് വഴി രാജ്യത്തിലെ എയര്‍പോര്‍ട്ടും സീ പോര്‍ട്ടുമെല്ലാം അവര്‍ എഴുതി വാങ്ങിയെന്നും കെ.എം. ഷാജി പറഞ്ഞു.

ലോകത്തിലെ മില്യണേര്‍സ് സിറ്റിയെന്ന് പറയുന്നത് ബോംബെ ആണ്. അദാനിയും അംബാനിയുമെല്ലാം അവിടെയാണ് താമസിക്കുന്നത്. ലോകത്തിലെ എല്ലാ കോടീശ്വരന്‍മാരും എന്തെങ്കിലുമൊക്കെ കണ്ടുപിടിച്ചവരാണ്.

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ എലോണ്‍ മസ്‌കാണ് ടെസ്‌ല കാര്‍ വികസിപ്പിച്ചത്. സ്‌പേസ് എക്‌സ് എന്ന കമ്പനിയിലൂടെയാണ് എലോണ്‍ മസ്‌ക് കോടീശ്വരനായി മാറിയത്. മൈക്രോസോഫ്റ്റിന്റെ ഉടമയാണ് ബില്‍ഗേറ്റ്‌സ്. ആമസോണിന്റെ ഉടമയാണ് ജെഫ് ബെസോസ്. ഇത്തരത്തില്‍ ലോകത്തിലെ എല്ലാ മുതലാളിമാരും അവരുടെ പ്രോഡെക്ട് വിറ്റുകൊണ്ടാണ് കോടീശ്വരന്‍മാര്‍ ആയത്.

എന്നാല്‍ അദാനിയും അംബാനിയും എന്താണ് കണ്ടുപിടിച്ചത്. ഒരു മൊട്ടുസൂചിയെങ്കിലും ഇവര്‍ കണ്ടുപിടിച്ചിട്ടുണ്ടോ. അദാനിയും അംബാനിയും ചേര്‍ന്ന് കണ്ടുപിടിച്ചത് നരേന്ദ്ര മോദിയെ ആണ്. അത് വഴി രാജ്യത്തിലെ എയര്‍പോര്‍ട്ടും സീ പോര്‍ട്ടുമെല്ലാം അവര്‍ എഴുതി വാങ്ങി. രാജ്യത്തിലെ ജനങ്ങളെ കൊള്ളയടിച്ചാണ് ഇവിടുത്തെ മുതലാളിമാര്‍ കോടീശ്വരന്‍മാര്‍ ആയതെന്നും കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു.

Content Highlight: km shaji against adani and ambani