| Monday, 3rd October 2022, 1:07 pm

സി.പി.ഐ.എമ്മുകാരാ... നീ തലകുത്തി നിന്നാലും എന്‍.ഡി.എഫിന്റെ കുട്ടികള്‍ക്ക് വേണ്ടി ലീഗിന്റെ വാതില്‍ തുറന്നിടും: കെ.എം. ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എന്‍.ഡി.എഫ് പ്രവര്‍ത്തകരെ വീണ്ടും ലീഗിലേക്ക് ക്ഷണിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. സി.പി.ഐ.എമ്മുകാര്‍ തലകുത്തി നിന്നാലും തെറ്റിദ്ധരിച്ച് പോയ എന്‍.ഡി.എഫിന്റെ കുട്ടികള്‍ക്ക് വേണ്ടി ലീഗിന്റെ വാതിലുകള്‍ തുറന്നുവെക്കുമെന്ന് ഷാജി പറഞ്ഞു.

കഴിഞ്ഞ ദിവസവും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഷാജി ലീഗിലേക്ക് ക്ഷണിച്ചിരുന്നു. കോഴിക്കോട് വെച്ച് സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണത്തില്‍ സംസാരിക്കവെയാണ് ഷാജി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ലീഗിലേക്ക് ക്ഷണിച്ചത്.

‘എന്‍.ഡി.എഫിനെ അതിന്റെ ഒന്നാമത്തെ ദിവസം മുതല്‍ എതിര്‍ത്തത് ഞങ്ങളാണ്. വെറും എതിര്‍പ്പല്ലടോ, ബഡായിയല്ല. തെരഞ്ഞടുപ്പിന്റെ ഏറ്റവും നിര്‍ണായകമായ സമയത്ത് വോട്ടുകള്‍ എണ്ണി നോക്കിയാല്‍ ഒരു ചെറിയ ശതമാനത്തിന്റെ വ്യത്യാസമുണ്ടെന്ന് മനസിലാക്കിയിട്ടും, നിങ്ങളുടെ തീവ്രവാദ വോട്ടുകള്‍ വേണ്ടെന്ന് പറഞ്ഞാണ് ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

നിങ്ങള്‍ക്കത് ദൗര്‍ഭാഗ്യകരമായി തോന്നിയേക്കാം, എന്നാല്‍ ആ കുട്ടികള്‍ രാഷ്ട്രത്തിന്റെ നിര്‍മാണ പ്രക്രിയകളില്‍ പങ്കാളികളാവണം. സിമിയല്ലേ ആദ്യം നിരോധിച്ച സംഘടന ആ സിമിയിലെ നേതാക്കന്‍മാര്‍ ഇപ്പോള്‍ എവിടെയാണുള്ളത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ, തോമസ് ഐസകിന്റെ മന്ത്രിസഭയില്‍ സിമിയുടെ മുന്‍ നേതാവുണ്ടായിരുന്നില്ലേ?

അവരെ പണ്ടത്തെ സിമിയാണെന്ന് പറഞ്ഞ് തോമസ് ഐസക് ചവിട്ടി പുറത്താക്കിയിരുന്നോ? ഇല്ലല്ലോ? ഇപ്പോഴും ഇടതുപക്ഷത്തിന്റെ നേതൃനിരയില്‍ രണ്ട് സിമിക്കാരില്ലെ? നിങ്ങള്‍ ചവിട്ടി പുറത്താക്കിയോ?

നമ്മുടെ മക്കളെ, നമ്മുടെ സഹോദരന്‍മാരെ കാഴ്ചപ്പാടുകളുടെ വൈകല്യം കൊണ്ട് അവര്‍ രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തരുത്. അവരെ തിരിച്ച് കൊണ്ടുവരാനുള്ള ബാധ്യത നമുക്കില്ലേ? ഇല്ലെന്ന് നിങ്ങള് പറയരുത്. ഞങ്ങള്‍ അവരെ വിളിക്കുന്നത് സി.പി.ഐ.എമ്മിലേക്കല്ല ലീഗിലേക്കാണ്. നിന്റെ പാര്‍ട്ടിയിലേക്ക് വിളിച്ചാല്‍ സൂക്ഷിക്കണം കാരണം വെട്ടാനും കുത്താനുമാകും,’ ഷാജി പറഞ്ഞു.

‘ സി.പി.ഐ.എമ്മുകാരാ നീ തലകുത്തി നിന്നാലും ഞങ്ങള്‍ ആയിരം വട്ടം പറയും, തെറ്റിദ്ധരിച്ച് പോയ എന്‍.ഡി.എഫിന്റെ കുട്ടികള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് തിരിച്ചു വരണമെന്ന്, ലീഗിന്റെ വാതിലുകള്‍ തുറന്നുവെക്കും. നിലപാടുകള്‍ തെറ്റാണെങ്കിലും അവരെ തെരുവിലേക്ക് വലിച്ചെറിയാന്‍ ഞങ്ങളുണ്ടാവില്ല,’ ഷാജി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മുസ്‌ലിം ലീഗിലേക്ക് ക്ഷണിച്ച കെ.എം. ഷാജിയുടെ പ്രസംഗം തെറ്റായ സന്ദേശം നല്‍കുമെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞിരുന്നു.

മതത്തെ ആസ്പദമാക്കിയുള്ള രാഷ്ട്ര സങ്കല്‍പ്പം അത്യന്തം അപകടകരമാണ്. അത് നേടുന്നതിന് തീവ്രവാദ മാര്‍ഗം ഉപേക്ഷിക്കണമെന്നാണ് പറയേണ്ടത്. ഇത്തരം പ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടവരെ ഒറ്റപ്പെടുത്താനും നിലപാട് തിരുത്താനും ആവശ്യമായ പ്രവര്‍ത്തനമാണ് നടത്തേണ്ടത്. രാജ്യത്തെ ഏറ്റവും വലിയ മതഭീകര സംഘടന ആര്‍.എസ്.എസ് ആണ്. അവരോടും ഇതേ നിലപാടാണ് സ്വീകരിക്കേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പോപ്പുലര്‍ ഫ്രണ്ടില്‍ ‘പെട്ടുപോയവരെ’ ലീഗിലെത്തിക്കാന്‍ ശ്രമിക്കണമെന്നായിരുന്നു കെ. എം ഷാജിയുടെ നിര്‍ദേശം. പി.എഫ്.ഐയില്‍ നിന്നുള്ളവരുമായി ആശയവിനിമയത്തിനുള്ള സാധ്യതകള്‍ തുറക്കണം. ലീഗല്ലാതെ മറ്റു വഴിയില്ലെന്ന് പ്രവര്‍ത്തകരെ പറഞ്ഞു മനസിലാക്കണം. പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അവരോട് മുഖം തിരിക്കരുത്. തെറ്റിദ്ധാരണകള്‍ മാറ്റി അവരെ തിരികെ കൊണ്ട് വരണമെന്നുമാണ് ഷാജി കോഴിക്കോട്ട് പറഞ്ഞത്.

Content Highlight: KM Shaji Again Inviting NDF Workers To MuslimLeague Party

We use cookies to give you the best possible experience. Learn more