തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. കുഞ്ഞനന്തന് ഭക്ഷ്യവിഷബാധ ഏൽക്കുന്നതിന് മുമ്പ് ജയിലില്‍ ഒരു വി.ഐ.പി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു എന്നാണ് കെ.എം. ഷാജി പറഞ്ഞത്.
പേരാമ്പ്രയില്‍ വടകര ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പേരില്‍ കേസെടുക്കാന്‍ ധൈര്യണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
‘കുഞ്ഞനന്തന് ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നതിന് ഒരാഴ്ച മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു വി.ഐ.പി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ബാക്കി കേസ് വന്നിട്ട് പറയാം. അന്വേഷണ ഏജന്‍സികള്‍ വരട്ടെ. ബാക്കി എന്നിട്ട് പറയാം. ധൈര്യമുണ്ടെങ്കില്‍ എനിക്കെതിരെ കേസ് എടുക്കണം,’ കെ.എം. ഷാജി പറഞ്ഞു.
ഇതിന് മുമ്പും കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കെ.എം. ഷാജി രംഗത്തെത്തിയിരുന്നു. അന്ന് കുഞ്ഞനന്തന്റെ മകള്‍ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അന്ന് പറഞ്ഞിരുന്നു.
ഇതിനൊക്കെ പിന്നാലെയാണ് ദുരൂഹത ഉണ്ടെന്ന് ആവര്‍ത്തിച്ച് ഷാജി വീണ്ടും രംഗത്തെത്തുന്നത്. ഇതിന്റെ ബാക്കി കാര്യങ്ങള്‍ തനിക്കെതിരെ കേസ് എടുക്കുമ്പോള്‍ പറയാമെന്നാണ് ഷാജി പറഞ്ഞത്. ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസ് എടുക്കണമെന്നും ഷാജി സി.പി.ഐ.എമ്മിനെ വെല്ലുവിളിച്ചു.
Content Highlight: km shaji again in pk kunjananthan death