| Thursday, 22nd February 2024, 12:27 pm

കുഞ്ഞനന്തന്റെ മരണത്തിന് പിന്നിൽ സി.പി.എമ്മെന്ന് കെ.എം ഷാജി; ഉത്തരവാദി യു.ഡി.എഫ് സര്‍ക്കാരെന്ന് മകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്‌ലീം ലീഗ് നേതാവ് കെ.എം.ഷാജി. രഹസ്യം ചോരുമോയെന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലുന്നത് സി.പി.എമ്മിന്റെ ശൈലിയാണെന്ന് ഷാജി ആരോപിച്ചു. കൊണ്ടോട്ടിയില്‍ മുസ്‌ലിം ലീഗ് സമ്മേളത്തില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന

സി.പി.എം ഉന്നതരിലേക്ക് അന്വേഷണമെത്തുന്നത് തടയാന്‍ കുഞ്ഞനന്തനെ കൊലപ്പെടുത്തിയെന്നാണ് ഷാജിയുടെ വാദം. കുഞ്ഞനന്തന്‍ മരണപ്പെട്ടത് ഭക്ഷ്യ വിഷബാധയേറ്റാണെന്നുള്ളത് ദുരൂഹത വര്‍ധിപ്പിക്കുന്നതായും ഷാജി പറഞ്ഞു.

‘കുഞ്ഞനന്തന്‍ കൊല്ലപ്പെട്ടത് ഭക്ഷ്യ വിഷബാധ ഏറ്റാണ്. കുറച്ചാളുകളെ കൊല്ലാന്‍ വിടും. കുറച്ച് കഴിഞ്ഞ് രഹസ്യം ചോരുമോയെന്ന് ഭയെന്ന് കൊല്ലാന്‍ വിട്ടവരെയും കൊല്ലും. ഫസല്‍ വധക്കേസിലെ പ്രതികളെ കൊന്നത് സി.പി.എം ആണ്. ഷുക്കൂർ വധക്കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു. ടി.പി വധക്കേസില്‍ നേതാക്കളിലേക്കെത്താനുള്ള ഏക കണ്ണി അത് കുഞ്ഞനന്തനായിരുന്നു’,ഷാജി പറഞ്ഞു.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് കുഞ്ഞനന്തന്റെ മകള്‍ ശബ്‌ന രംഗത്തെത്തി. അച്ഛന്റെ മരണത്തിന്റെ ഉത്തരവാദിത്തം അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിനാണെന്നും മകള്‍ ആരോപിച്ചു. ‘മരണത്തില്‍ ദുരൂഹതയില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ സമയത്ത് കൃത്യമായി ചികിത്സ ലഭിച്ചിരുന്നില്ലെന്ന് മാത്രമാണ് കുടുംബത്തിന്റെ പ്രശ്‌നം. അതിനാല്‍ അച്ഛന്റെ വയറിലെ അള്‍സര്‍ മൂര്‍ച്ഛിച്ച് മരണപ്പെടുകയായിരുന്നു’, മകള്‍ പറഞ്ഞു.

ഒരു ഇടവേളക്ക് ശേഷം ടി.പി വധക്കേസ് വീണ്ടും കോടതിയിലെത്തിയതിന് തൊട്ട് പിന്നാലെയാണ് ആരോപണവുമായി ഷാജി രംഗത്തെത്തിയത്.
2020ലാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതി കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരണപ്പെട്ടത്.

Contant Highlight: km shaji accused kunjananthan’s death of mystery

We use cookies to give you the best possible experience. Learn more