കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം ഷാജി എം.എല്‍.എയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പുറത്തുവരുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും ഷാജി ആവര്‍ത്തിച്ചു.
റെയ്ഡ് കഴിഞ്ഞ ശേഷം വ്യാപകമായ പ്രചാരണങ്ങള്‍ ഉണ്ടായി. എന്റെ ബന്ധുവിന്റേതാണ് ഈ പൈസ എന്ന് ഞാന്‍ പറഞ്ഞു എന്നാണ് ചില മാധ്യമങ്ങളില്‍ വന്നത്. ഞാന്‍ എവിടേയും അങ്ങനെ പറഞ്ഞിട്ടില്ല. ഇതിന്റെ സോഴ്‌സ് എന്താണെന്ന് വിജിലന്‍സിന്റെ മുന്‍പിലാണ് ഞാന്‍ ഇന്ന് ആദ്യമായി പറയുന്നത്.
അവര്‍ ഔദ്യോഗികമായി ചോദിച്ചു. ഞാന്‍ ഔദ്യോഗികമായി പറഞ്ഞു. തെരഞ്ഞെടുപ്പിന് വേണ്ടി കളക്ട് ചെയ്തിട്ടുള്ള പൈസയാണ്. പൈസയുടെ എല്ലാ രേഖകളും എത്തിച്ചുകൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അല്ലാതെ വരുന്ന വാര്‍ത്തകളൊക്കെ ആരോ പടച്ചുവിട്ടതാണ്. വ്യാജ വാര്‍ത്തകളാണ്.
പണം പിടിച്ചത് ബാത്ത്‌റൂമിലെ ക്ലോസറ്റില്‍ നിന്നാണെന്നൊക്കെ ചിലര്‍ പറഞ്ഞു. സ്ഥിരമായി ബാത്ത്‌റൂമില്‍ കിടന്ന് ഉറങ്ങുന്നവര്‍ക്ക് ക്ലോസറ്റ് കട്ടിലായി തോന്നുന്നത് എന്റെ കുഴപ്പമല്ല. നമ്മുടെ നാട്ടില്‍ കഞ്ചാവടിച്ചുവരുന്നവര്‍ എവിടെയാണ് കിടന്നുറാങ്ങാറെന്ന് എനിക്ക് അറിയില്ല. എന്റെ വീട്ടിലെ ക്യാമ്പ് ഹൗസിനകത്ത് ഒരു ബെഡ്‌റൂമേ ഉള്ളൂ. ആ ബെഡ് റൂമിനകത്ത് ഒരു കട്ടിലേ ഉള്ളൂ. ആ കട്ടിലിന് താഴെയായിരുന്നത് പണമുണ്ടായിരുന്നത്. അതും തറയിലായിരുന്നു വെച്ചിരുന്നത്.
പിന്നെ വിദേശകറന്‍സിയെ കുറിച്ചു പറഞ്ഞു. വിദേശ കറന്‍സിയൊക്കെ കുഴപ്പമല്ല എന്ന് തോന്നിയതുകൊണ്ട് വിജിലന്‍സ് ആ നിമിഷം തന്നെ ഞങ്ങളെ ഏല്‍പ്പിച്ചു. കറന്‍സിയെന്നൊക്കെ പറഞ്ഞ് ആളെപ്പേടിപ്പിക്കാമെന്നല്ലാതെ മറ്റൊന്നുമില്ല. ലോകത്തെ 20 ഓളം രാജ്യങ്ങളിലെ കറന്‍സികള്‍ മക്കള്‍ കളക്ട് ചെയ്ത് വെച്ചതാണ്. അത് അങ്ങനെ തന്നെയാണ് അവര്‍ എഴുതിയത്. പുറത്തുവന്ന വാര്‍ത്തകള്‍ വേറെ തരത്തിലാണ്.
പൈസ മാറ്റിവെച്ചുകൂടായിരുന്നോ എന്ന് ചിലര്‍ ചോദിച്ചു. ആ ചോദ്യത്തിന്റെ ലക്ഷ്യം എനിക്ക് മനസിലായി. പൈസ മാറ്റിവെക്കാത്തതിന് കാരണം കൃത്യമായ രേഖകള്‍ ഉണ്ടായിരുന്നതുകൊണ്ടും ജനങ്ങളുടെ കയ്യില്‍ നിന്നും പിരിച്ചെടുത്തതിന്റെ കണക്കുകള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നതുകൊണ്ടും ആണ്.
ഇപ്പോഴും പത്രക്കാരുടെ മുന്‍പില്‍ യാതൊരു ചാഞ്ചല്യവും ഇല്ലാതെ എനിക്ക് നില്‍ക്കാന്‍ കഴിയുന്നത് അതിന് രേഖകള്‍ ഉള്ളതുകൊണ്ടാണ്. വിജിലന്‍സ് വിളിച്ചു. അവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കൊടുക്കാവുന്ന രേഖകള്‍ ഞാന്‍ കൊടുത്തിട്ടുണ്ട്. മറ്റുള്ളത് അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. വിജിലന്‍സ് വളരെ മര്യാദയോടെയാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. ലഭ്യമായ എല്ലാ വിവരങ്ങളും അവര്‍ക്ക് കൈമാറിയിട്ടുണ്ട്, ഷാജി പറഞ്ഞു.
രാവിലെ പത്ത് മണിയോടെയാണ് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഷാജി ഹാജരായത്. ഹാജരാവാന്‍ ഷാജിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.
എം.എല്‍.എ.യുടെ അഴീക്കോട്ടെ വീട്ടില്‍നിന്ന് 47,35,500 രൂപ പിടിച്ചെടുത്തത് സംബന്ധിച്ച റിപ്പോര്‍ട്ട് കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.
ഷാജി 1.47 കോടിയുടെ അനധികൃത സ്വത്തുസമ്പാദിച്ചതായി വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് കോഴിക്കോട് മാലൂര്‍ക്കുന്നിലെയും കണ്ണൂര്‍ അഴീക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്നാണ് ഷാജി അവകാശപ്പെടുന്നത്. 2011 മുതല്‍ 2020 വരെയുള്ള ഇടപാടുകളും വിദേശയാത്രകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക