അറസ്റ്റിന് കാരണം വ്യക്തിവിരോധം തന്നെയെന്ന് ഷാജഹാന്‍; അമ്മ തങ്കമ്മ നിരാഹാര സമരം അവസാനിപ്പിച്ചു
Kerala
അറസ്റ്റിന് കാരണം വ്യക്തിവിരോധം തന്നെയെന്ന് ഷാജഹാന്‍; അമ്മ തങ്കമ്മ നിരാഹാര സമരം അവസാനിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th April 2017, 1:26 pm

തിരുവനന്തപുരം: അറസ്റ്റിന് പിന്നില്‍ വ്യക്തി വിരോധമില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളി ഷാജഹാന്‍ രംഗത്ത്. തന്നെ ഏഴ് ദിവസം ജയിലിലടച്ച് പീഡിപ്പിക്കാന്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്നും വ്യക്തിവിരോധം കാരണമാണ് തന്നോട് ഇത് ചെയ്തതെന്നും ഷാജഹാന്‍ പറഞ്ഞു. ഇതിന്റെ കാരണങ്ങള്‍ എന്താണെന്ന് പിന്നീട് പറയാമെന്നും ഷാജഹാന്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷാജഹാനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ വ്യക്തിവിരോധമില്ല എന്ന് പറഞ്ഞത്. വ്യക്തിവിരോധം തീര്‍ക്കാനായിരുന്നുവെങ്കില്‍ അധികാരത്തിലെത്തി എപ്പോള്‍ വേണമെങ്കിലുമാകാമായിരുന്നു. ഷാജഹാന്റെ രക്ഷകനായി ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഉണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡി.ജി.പി ഓഫീസിന് മുന്നല്‍ നടന്ന സംഭവങ്ങളുടെ പിന്നില്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കെ.എം ഷാജഹാന് ഉപാധികളോടെ കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഷാജഹാനെ കൂടാതെ മറ്റ് നാല് കുറ്റാരോപിതര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അതേസമയം ഷാജഹാന് ജാമ്യം ലഭിച്ചതോടെ അമ്മ തങ്കമ്മ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ലാവ്‌ലിന്‍ കേസിലെ ഇടപെടലുകളുമായി ഷാജഹാന്‍ മുന്നോട്ട് പോകുമെന്ന് തങ്കമ്മ വ്യക്തമാക്കി.

15,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ പൊലീസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.

എസ്.യു.സി.ഐ നേതാവ് ഷാജിര്‍ഖാന്‍, മിനി, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ക്കാണ് ഷാജഹാനെ കൂടാതെ ജാമ്യം ലഭിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള 120 (ബി) വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.