ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനൊരുങ്ങി കെ.എം. ഷാജഹാന്‍. ‘സേവ് കേരള ഫോറം’ എന്ന സമിതിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഷാജഹാന്‍ പറഞ്ഞു.
മാസങ്ങളായി, സ്ത്രീ പീഡനങ്ങള്‍ക്കെതിരെയും പരിസ്ഥിതി കയ്യേറ്റങ്ങള്‍ക്കെതിരെയും പോരാടുന്ന എസ്.കെ.എഫ് സമിതിയുടെ ജനറല്‍ സെക്രട്ടറിയായി താന്‍ പ്രവര്‍ത്തിക്കുകയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് അവരുടെ സ്ഥാനാര്‍ത്ഥിയായി തന്നെ നിയോഗിച്ചിരിക്കുകയാണെന്നും ഷാജഹാന്‍ അറിയിച്ചു.
ഇന്ത്യയില്‍ ഇ.ഡി പേടിയില്ലാതെ കിടന്നുറങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നും രാജ്യത്തുള്ള അരവിന്ദ് കെജ് രിവാളടക്കമുള്ള മറ്റു മുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഓടി നടക്കുകയാണെന്നും ഷാജഹാന്‍ പറഞ്ഞു.
പത്തനംതിട്ടയില്‍ ബി.ജെ.പി സീറ്റില്‍ പി.സി. ജോര്‍ജിന് മത്സരിക്കാന്‍ കഴിയാതിരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു. സമാന്തരമായ അഴിമതിക്ക് വേണ്ടി ഒന്നിക്കുന്ന ഇടതു-വലതു മുന്നണികളെയാണ് കേരളത്തില്‍ നിലവില്‍ കാണാന്‍ കഴിയുന്നതെന്നും കെ.എം. ഷാജഹാന്‍ പറഞ്ഞു.
അതേസമയം എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ എന്തെങ്കിലും ചെയ്യാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ടോയെന്നും ഷാജഹാന്‍ ചോദ്യമുയര്‍ത്തി. അയ്യായിരം ആളുകളെ വെച്ച് ഒരു സമരമെങ്കിലും നടത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടോയെന്നും ഷാജഹാന്‍ ചോദിച്ചു.
നിലവിലെ ഈ സാഹചര്യത്തില്‍ സമൂഹത്തിലേക്ക് നേരിട്ടിറങ്ങാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഷാജഹാന്‍ വ്യക്തമാക്കി. അഴിമതിവത്കൃത സമൂഹത്തിനെതിരെയും ഇടതു-വലതു സഖ്യത്തിനെതിരെയും പോരാടണമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഷാജഹാന്‍ അറിയിച്ചു.
ഒരിക്കലും അധികാരത്തെ ആഗ്രഹിക്കുന്ന വ്യക്തിയല്ല താനെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ചേര്‍ന്ന് നിന്നിരുന്നെങ്കില്‍ മുമ്പേ മത്സരിക്കാമായിരുന്നുവെന്നും ഷാജഹാന്‍ പറഞ്ഞു. മത്സരിക്കാനുള്ള തന്റെ തീരുമാനം സി.പി.ഐ.എമ്മിന് അപകടം ചെയ്യുമെന്ന് തനിക്കറിയാമെന്നും കെ.എം. ഷാജഹാന്‍ പറയുകയുണ്ടായി.
പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിന്റെ മരണം വേദനാജനകമാണെന്നും ഷാജഹാന്‍ പറഞ്ഞു. സംഭവത്തില്‍ തന്നെ കൂടുതലായി വിഷമിപ്പിച്ചത് മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെയും തന്റെ മൂത്ത മകന്റെയും പേര് ഒന്നാണ് എന്നതാണെന്നും കെ.എം ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: KM shajahan is going to contest from Alappuzha constituency in the Lok Sabha elections