| Tuesday, 11th April 2017, 7:04 pm

പിണറായിക്ക് തന്നോടുള്ളത് 17 വര്‍ഷമായുള്ള പക; മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് വ്യക്തി വെരാഗ്യം തീര്‍ക്കാമെന്ന് കരുതണ്ട: കെ.എം ഷാജഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിക്ക് തന്നോടുള്ളത് പകയാണെന്ന് ജിഷ്ണു പ്രണോയിയുടെ കുടംബത്തിന്റെ സമരത്തിന്റെ ഭാഗമായി അറസ്റ്റിലായ കെ.എം ഷാജഹാന്‍. ജയില്‍ മോചിതനായ ശേഷമായിരുന്നു ഷാജഹാന്റെ പ്രതികരണം. മുഖ്യമന്ത്രിക്കസേരയിലിരുന്ന് വ്യക്തി വൈരാഗ്യം തീര്‍ക്കാമെന്നാണ് പിണറായി വിജയന്റെ ധാരണയെങ്കില്‍ അത് കേരളത്തില്‍ നടക്കില്ലെന്നും ഷാജഹാന്‍ പറഞ്ഞു.


Also read കുല്‍ഭൂഷന്റെ വധശിക്ഷ; പാര്‍ലമെന്റില്‍ സുഷമ സ്വരാജിനെ പ്രമേയം തയ്യാറാക്കാന്‍ സഹായിച്ചത് ശശി തരൂര്‍


പിണറായിയുടെ അഹങ്കാരത്തിന് മറുപടി നല്‍കുമെന്ന് പറഞ്ഞ ഷാജഹാന്‍ ഇനിയുള്ള തന്റെ ജീവിതം അതിന് വേണ്ടിയാണെന്നും കൂട്ടിച്ചേര്‍ത്തു. സമരത്തിനെത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ഷാജഹാനും മറ്റും നാലു പേരും ഏഴു ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് ജയില്‍ മോചിതരായത്.

പിണറായിക്ക് തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് 17 വര്‍ഷത്തെ പഴക്കമുണ്ടെന്നും ടി.പി.ചന്ദ്രശേഖരനെ കൊന്ന് പ്രതികാരം തീര്‍ത്ത രീതിയാണെങ്കില്‍ രണ്ട് തിരഞ്ഞെടുപ്പിലെങ്കിലും സി.പി.ഐ.എം പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും പിണറായി വിജയനോര്‍ക്കണമെന്നും പറഞ്ഞ ഷാജഹാന്‍ വെറും പത്ത് മിനിട്ട് മാത്രം ഡി.ജി.പി ഓഫീസിന് മുന്നിലുണ്ടായിരുന്ന തന്നെ ഏഴ് ദിവസം ജയിലിലടച്ച് പീഡിപ്പിച്ചത് എന്തിനായിരുന്നെന്ന് മുഖ്യമന്ത്രി പറയണമെന്നും ആവശ്യപ്പെട്ടു.

80ാം വയസില്‍ തന്റെ അമ്മയ്ക്ക് ഈ പോരാട്ട വീര്യമുണ്ടെങ്കില്‍ ആ അമ്മയുടെ മോന്‍ തന്നെയാണ് താന്‍. ആ രക്തമാണ് തന്റെയുള്ളില്‍ ഉള്ളതെന്നും പോരാട്ടവീര്യമുള്ള കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് താന്‍ ജനിച്ചതെന്ന് തെളിയിക്കുമെന്നും ഷാജഹാന്‍ പറഞ്ഞു. മൂന്നാം തലമുറ കമ്മ്യൂണിസ്റ്റുകാരനാണ് താന്‍. എന്തിനാണ് തന്നെ ജയിലില്‍ അടച്ചതെന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലാവ്ലിന്‍ കേസിലെ അഴിമതിയില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് സ്വന്തമായി സത്യവാങ്മൂലം എഴുതി തയ്യാറാക്കി കോടതിയില്‍ വാദിച്ചാണ് താന്‍ വിധി സമ്പാദിച്ചത്. പിണറായി മോഡല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ശവക്കുഴി തോണ്ടാനുള്ള പടയൊരുക്കം താന്‍ ആരംഭിച്ചു കഴിഞ്ഞെന്നും ഷാജഹാന്‍ പറഞ്ഞു.

പിണറായി പറയുന്നത് കേട്ട് ഭരണഘടനയേയും നിയമത്തെയും വെല്ലുവിളിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്ന് ധരിക്കുന്ന പൊലീസുകാരെ നിയമം പഠിപ്പിക്കുക എന്ന ബാദ്ധ്യത ഒരു നിയമവിദ്യാര്‍ത്ഥി എന്ന നിലയില്‍ താനേറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more