| Wednesday, 21st August 2019, 6:52 pm

നിങ്ങളൊരുക്കിയ മാധ്യമ മുറികളിലല്ല, വിദ്യാര്‍ത്ഥികളുടെ ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ; കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ സച്ചിന്‍ദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എം.ജി സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ദേവ്. എസ്.എഫ്.ഐയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ അഭിവാദ്യം ചെയ്യുന്നതായും വലതുപക്ഷമാധ്യമങ്ങള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐയെ വിദ്യാര്‍ത്ഥികള്‍ ഹൃദയത്തിലേറ്റിയെന്നും സച്ചിന്‍ദേവ് പറഞ്ഞു.

ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആഞ്ഞുവീശിയ കൊടുങ്കാറ്റിനു പോലും അണയ്ക്കാനാവാത്ത അഗ്‌നിയെയാണ് നിങ്ങളെല്ലാം ചേര്‍ന്ന് ഇത്രനാള്‍ ഊതിക്കെടുത്താന്‍ ശ്രമിച്ചത്. അങ്ങനെയൊന്നും പതറിപോകുന്നവരുടെ പ്രസ്ഥാനമല്ല എസ്.എഫ്.ഐ. നിങ്ങളൊരുക്കിയ മാധ്യമ മുറികളിലല്ല വിദ്യാര്‍ത്ഥികളുടെ ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ’.

എം.ജി സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ മികച്ച വിജയമാണ് എസ്.എഫ്.ഐ സ്വന്തമാക്കിയത്. കോട്ടയം ജില്ലയില്‍ 37 കോളേജുകളിലും എസ്.എഫ്.ഐ ജയിച്ചു. എറണാകുളത്ത് 41 കോളേജില്‍ 37 എണ്ണത്തിലും പത്തനംതിട്ടയില്‍ 16 കോളേജുകളില്‍ 14 എണ്ണത്തിലും എസ്.എഫ്.ഐ മികച്ച വിജയം സ്വന്തമാക്കി.

എറണാംകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റും തൂത്തുവാരിയാണ് എസ്.എഫ്.ഐയുടെ വിജയം. വി.ജി ദിവ്യ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

സച്ചിന്‍ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എം.ജി സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നുകൊണ്ടിരിക്കുന്നു….

കോട്ടയം ജില്ലയില്‍ ആകെ 37 ക്യാമ്പസുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്… നടന്ന 37ക്യാമ്പസുകളില്‍ 37ലും എസ്.എഫ്.ഐ വിജയിച്ചിരിക്കുന്നു

ഫ്രട്ടേണിറ്റിയും കെ.എസ്.യു വും എ.ബി.വി.പി യും വലത്പക്ഷ മാധ്യമങ്ങളും ചേര്‍ന്ന് പരാജയപ്പെടുത്താന്‍ പരിശ്രമിച്ച എറണാകുളം ലോ കോളേജും മഹാരാജാസും എസ്.എഫ്.ഐയെ വീണ്ടും ഹൃദയത്തിലേറ്റിയിരിക്കുന്നു…

‘എസ്.എഫ്.ഐ ഇനിയില്ല ‘എന്ന് അറിയാതെയെങ്കിലും വ്യാമോഹിച്ച് പോയവരുണ്ടെങ്കില്‍ അവരോട് ഒന്ന് മാത്രം ഈ അവസരത്തില്‍ പറയുന്നു…

‘ആഞ്ഞുവീശിയ കൊടുങ്കാറ്റിനു പോലും അണയ്ക്കാനാവാത്ത അഗ്‌നിയെയാണ് നിങ്ങളെല്ലാം ചേര്‍ന്ന് ഇത്രനാള്‍ ഊതിക്കെടുത്താന്‍ ശ്രമിച്ചത്..’
അങ്ങനെയൊന്നും പതറിപോകുന്നവരുടെ പ്രസ്ഥാനമല്ല എസ്.എഫ്.ഐ….

നിങ്ങളൊരുക്കിയ മാധ്യമ മുറികളിലല്ല വിദ്യാര്‍ത്ഥികളുടെ ഹൃദയങ്ങളിലാണ് എസ്.എഫ്.ഐ ..

എസ്.എഫ്.ഐ യുടെ വിജയത്തിനായി പൊരുതിയ സഖാക്കളെ അഭിവാദ്യം ചെയ്യുന്നു..

We use cookies to give you the best possible experience. Learn more