കോട്ടയം: ബാറുകള്‍ തുറന്ന് കൊടുക്കാന്‍ താന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ധനമന്ത്രി കെ.എം.മാണി ആവശ്യപ്പെട്ടു. താന്‍ ഒരു രൂപപോലും കോഴ വാങ്ങിയിട്ടില്ല. ആരോപണങ്ങള്‍ ദുരുദ്ദേശപരവും കെട്ടിച്ചമച്ചതുമാണെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാണ് കെ.എം മാണിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് മാണി ഇങ്ങനെ പറഞ്ഞത്.
“കഴിഞ്ഞ അന്‍പതു വര്‍ഷമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഇന്നുവരെ ആരുടെയങ്കിലും കൈയില്‍ നിന്ന് ഒരു രൂപ കൈക്കൂലി വാങ്ങിയിട്ടില്ല. ഈ വയസുകാലത്ത് കൈക്കൂലി വാങ്ങിയിട്ട് എന്തു ചെയ്യാന്‍. ആരോപണങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസിനെയും എന്നെയും നിര്‍വീര്യമാക്കാനുള്ള ശ്രമമാണെങ്കില്‍ അത് വിലപ്പോവില്ല.” മാണി പറഞ്ഞു.
ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടത്. മുന്നണി മാറ്റം തടയാനുള്ള ശ്രമമാണോയെന്ന് ചോദിച്ചാല്‍ അതിന്റെ ചേതോവികാരത്തെ കുറിച്ചൊന്നും അറിയില്ല. ആരോപണം കേള്‍ക്കുമ്പോള്‍ അത്ഭുതമാണ് തോന്നുന്നത്. ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കുകയാണ് വേണ്ടത്. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും മാണി വ്യക്തമാക്കി.
ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ താനാണെന്ന ധാരണയില്‍ തന്നെ അപമാനിക്കാന്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ച ആരോപണമാണിതെന്നും മാണി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ബാറുകള്‍ തുറന്നു കൊടുക്കാന്‍ കെ.എം.മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപയാണ് മന്ത്രിക്ക് നല്‍കിയത്. ബാര്‍ ഉടമ അസോസിയേഷന്‍ നേരിട്ടാണ് പണം കൈമാറിയതെന്നും താന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞിരുന്നു.
പാലായിലെ മാണിയുടെ വസതിയില്‍ വെച്ചാണ് പണം കൈമാറിയത്. രണ്ടു ഗഡുക്കളായാണ് പണം നല്‍കിയത്. ആദ്യം 15 ലക്ഷവും പിന്നെ 85 ലക്ഷവും നല്‍കി. തെളിവുകള്‍ തന്റെ പക്കലുണ്ട്. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും സത്യം വെളിപ്പെടുത്താന്‍ താന്‍ തയ്യാറാണെന്നും ബിജു വ്യക്തമാക്കിയിരുന്നു.