മുഖ്യമന്ത്രി കലവറയില്ലാതെ അഭിനന്ദിച്ചു; അദ്ദേഹത്തിന്റെ വിശാലമനസ്‌കതയ്ക്ക് മുന്നില്‍ നമോവാകം: കെ.എം മാണി
Kerala
മുഖ്യമന്ത്രി കലവറയില്ലാതെ അഭിനന്ദിച്ചു; അദ്ദേഹത്തിന്റെ വിശാലമനസ്‌കതയ്ക്ക് മുന്നില്‍ നമോവാകം: കെ.എം മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th March 2017, 11:38 am

തിരുവനന്തപുരം: നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.എം. മാണിയെ ആദരിച്ച് നിയമസഭ. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും എം.എല്‍.എമാരും മാണിയെ പുകഴ്ത്തി രംഗത്തെത്തി.

തത്വശാസ്ത്രങ്ങളെ പിന്തുടരുകയല്ല, സ്വന്തമായി ഒരു തത്വശാസ്ത്രം തന്നെ ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് മാണി എന്നായിരുന്നു സ്പീക്കറുടെ വാക്കുകള്‍. അദ്ദേഹം ഒരു പാഠശാലയാണെന്നും സ്പീക്കര്‍ പറഞ്ഞു.

ആര്‍ക്കും മാറ്റിനിര്‍ത്താനാവാത്ത പ്രമാണിയാണ് മാണിയെന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. ചരിത്രപരമായ നേട്ടമാണ് മാണിയുടേതെന്നും ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ സ്ഥാനം നേടുന്ന അത്യപൂര്‍വ വ്യക്തികളുടെ ഇടയിലേക്കാണ് കെ.എം.മാണി ഉയര്‍ന്നിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുക എന്നത് ചെറിയ കാര്യമല്ല. ലോക്‌സഭയില്‍ പോലും ഇതിനു സമാനമായ റെക്കോര്‍ഡ് ഉണ്ടോ എന്നു സംശയമാണ്. ഒരേ മണ്ഡലത്തില്‍ നിന്നു തന്നെ തുടര്‍ച്ചയായി ജയിച്ചു. മുന്നണികള്‍ മാറി മത്സരിച്ചിട്ടും ജയിച്ചു. ഇങ്ങനെ ഒരു റെക്കോര്‍ഡ് ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് നിശ്ചയമില്ല. മാറാത്ത സാന്നിധ്യമായി എന്നും ഉണ്ടായിരുന്നത് മാണിയാണെന്നും പിണറായി പറഞ്ഞു.

കേരള നിയമസഭയുടെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിലെ അപൂര്‍വ സംഭവമാണിത്. മത്സരിച്ചഎല്ലാ തിരഞ്ഞെടുപ്പുകളിലും ജയിക്കാന്‍ മാണിക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.


Dont Miss ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ പരകായ പ്രവേശം ചെയ്ത ഇന്ദിരാഗാന്ധിയാണോ; നേതാക്കളെ താരതമ്യം ചെയ്ത് അഡ്വ. ജയശങ്കര്‍


തന്നെ ഈ നേട്ടം കൂടുതല്‍ വിനയാന്വതനാക്കുന്നെന്നും തന്നെപ്പറ്റി നല്ല വാക്കുകള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദിയെന്നും പറഞ്ഞുകൊണ്ടാണ് കെ.എം. മാണി മറുപടി പ്രസംഗം നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കലവറയില്ലാതെ എന്നെ അഭിനന്ദിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വിശാലമനസ്‌കതയ്ക്ക് മുന്നില്‍ നമോവാകം ചെയ്യുന്നു. എനിക്ക് ആരോടും ശത്രുതയോ പകയോ ഇല്ല. രാഷ്ട്രീയപരമായ ശത്രുത മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മള്‍ ശത്രുക്കളാണ് എന്നു കരുതുന്ന പലരും മിത്രങ്ങളാണെന്ന് ഇപ്പോഴാണ് മനസിലായത്. പി.സി. ജോര്‍ജ് ഒരിക്കലും തന്റെ ശത്രുവല്ലെന്നും എപ്പോഴും ജോര്‍ജിനെ അനുജനായിട്ടാണ് കാണുന്നതെന്നും മാണി വ്യക്തമാക്കി.