| Tuesday, 17th July 2012, 9:53 am

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല: മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം വീണ്ടും ഉയര്‍ത്തുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ചും തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.[]

യുവജന സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പെന്‍ഷന്‍ പ്രായം 60 വരെയാക്കാമെന്ന് മന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും പി. ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.

പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായി മാറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പെന്‍ഷന് വേണ്ടി ചിലവഴിക്കുന്ന തുക വര്‍ഷം തോറും സര്‍ക്കാറിന് കനത്ത ബാധ്യത ഉണ്ടാക്കിയിട്ടുള്ളത്. വികസനകാര്യങ്ങള്‍ക്ക് വേണ്ടിയുള്ള പണമാണ് ഇത്തരത്തില്‍ ബാധ്യതയായി മാറിക്കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ്യത്തിന് നേരെ മുഖം തിരിച്ച് എത്രനാള്‍ മുന്നോട്ട് പോകാനാകും എന്ന് ചിന്തിക്കണം. പങ്കാളിത്ത പെന്‍ഷന്‍ ഈ സാഹചര്യത്തില്‍ പരിഗണിക്കാവുന്നതാണ്. മറ്റു സംസ്ഥാനങ്ങള്‍ ഇത് ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുഖ്യമന്ത്രി നിയമസഭ പറഞ്ഞു.

പെന്‍ഷന്‍ പ്രായം കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് ധനമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. സര്‍വീസ് രംഗം പൊട്ടിത്തെറിയുടെ വക്കിലാണെന്നും ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് പെന്‍ഷന്‍കാരുടെ എണ്ണമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യുവജന സംഘടനകളുമായി ചര്‍ച്ച ചെയ്തശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more